|    May 26 Fri, 2017 10:24 pm
FLASH NEWS

തുഷാരഗിരി ടൂറിസ്റ്റ് കോട്ടേജ് അടച്ചിടല്‍; സബ് കലക്ടര്‍ പരിശോധന നടത്തി

Published : 22nd July 2016 | Posted By: SMR

താമരശ്ശേരി: തുഷാരഗിരി വിനോദ സഞ്ചാര കേന്ദ്രത്തില്‍ ലക്ഷങ്ങള്‍ മുടക്കി നിര്‍മിച്ച ടൂറിസ്റ്റ് കോട്ടേജും റസ്‌റ്റോറന്റും 20 മാസമായി അടച്ചിട്ടതില്‍ ദുരൂഹതയുള്ളതായി ആരോപണം. സഞ്ചാരികളെ സ്വകാര്യ കോട്ടേജിലേക്ക് എത്തിക്കാനായി ഡിടിപിസിയുടെ കോട്ടേജ് അടച്ചിട്ടതാണെന്നാണ് പരാതി ഉയര്‍ന്നത്.
പരാതിയെ തുടര്‍ന്ന് സബ് കലക്ടര്‍ ഗോപാലകൃഷ്ണന്‍ തുഷാരഗിരിയിലെത്തി പരിശോധന നടത്തി. എന്നാല്‍, ആരോപണം അടിസ്ഥാന രഹിതമാണെന്നും കോട്ടേജിലേക്കുള്ള വാട്ടര്‍ ടാങ്കിന്റെ പ്രവൃത്തി പൂര്‍ത്തീകരിക്കാത്തതാണ് അടച്ചിടാന്‍ കാരണമെന്നും ടൂറിസം സെന്റര്‍ മാനേജര്‍ പറഞ്ഞു. 50 ലക്ഷത്തോളം രൂപ ചെലവഴിച്ചാണ് തുഷാരഗിരി ടൂറിസ്റ്റ് കേന്ദ്രത്തില്‍ രണ്ട് കോട്ടേജും റസ്‌റ്റോറന്റും ആരംഭിച്ചത്. കസ്തൂരി രംഗന്‍ റിപോര്‍ട്ടില്‍ പ്രതിഷേധിച്ച് 2014 നവമ്പര്‍ 15ന് നടന്ന മലയോര ഹര്‍ത്താലിനിടെ ടൂറിസ്റ്റ് കോട്ടേജും റസ്‌റ്റോറന്റും അക്രമിക്കപ്പെട്ടിരുന്നു.
ഇതോടെ അടച്ചിട്ട കോട്ടേജുകള്‍ നവീകരിക്കാനും പുതിയ രണ്ട് കോട്ടേജുകള്‍കൂടി നിര്‍മിക്കാനുമായി 59 ലക്ഷം രൂപ ടൂറിസം വകുപ്പ് അനുവദിക്കുകയും മാസങ്ങള്‍ക്കുമുമ്പ് പ്രവൃത്തി പൂര്‍ത്തീകരിക്കുകയും ചെയ്തിരുന്നു. അസംബ്ലി തിരഞ്ഞെടുപ്പിന് മുമ്പായി ടൂറിസ്റ്റ് കോട്ടേജിന്റെ ഉദ്ഘാടനം നിര്‍വഹിച്ചെങ്കിലും ഇതേവരെ സഞ്ചാരികള്‍ക്കായി തുറന്നുകൊടുത്തിട്ടില്ല.
ടൂറിസ്റ്റ് കേന്ദ്രം മാനേജറുടെ സഹോദരന്റെ സ്വകാര്യ കോട്ടേജിലേക്ക് ആളെ എത്തിക്കാനായി ഡിടിപിസിയുടെ കോട്ടേജ് തുറന്ന് കൊടുക്കുന്നില്ലെന്നാണ് പരാതി ഉയര്‍ന്നത്. കോട്ടേജ് അന്വേഷിക്കുന്നവര്‍ക്ക് സ്വകാര്യ കോട്ടേജിന്റെ നമ്പര്‍ നല്‍കുന്നുവെന്നുമാണ് ആക്ഷേപം. സംഭവം വിവാദമായതോടെ സബ് കലക്ടര്‍ ബുധനാഴ്ച ഉച്ചയോടെ തുഷാരഗിരി ടൂറിസ്റ്റ് കേന്ദ്രത്തില്‍ പരിശോധനക്കെത്തി. നാല് ശുചീകരണ തൊഴിലാളികളുണ്ടെങ്കിലും ടൂറിസ്റ്റ് കോട്ടേജും പരിസരവും വൃത്തിഹീനമാണെന്ന് കണ്ടെത്തിയ അദ്ദേഹം ശുചീകരണം കാര്യക്ഷമമാക്കാന്‍ നിര്‍ദേശം നല്‍കി.
ടൂറിസ്റ്റ് കോട്ടേജ് സഞ്ചാരികള്‍ക്ക് തുറന്നു കൊടുക്കുന്നതിനുള്ള അടിയന്തര നടപടി സ്വീകരിക്കുമെന്നും വെള്ളം ഉള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ ഒരുക്കാന്‍ ബന്ധപ്പെട്ടവര്‍ക്ക് നിര്‍ദ്ദേശം നല്‍കുമെന്നും അദ്ധേഹം പറഞ്ഞു. ടൂറിസ്റ്റ് കേന്ദ്രം മാനേജര്‍ക്കെതിരായ ആരോപണം സംബന്ധിച്ച് കൂടുതല്‍ അന്വേഷണം നടത്തുമെന്നും സബ് കലക്ടര്‍ ഗോപാല കൃഷ്ണന്‍ പറഞ്ഞു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day