|    Dec 16 Sun, 2018 4:00 pm
FLASH NEWS

തുള്ളി വെള്ളമില്ലാതെ ജനം നെട്ടോട്ടത്തില്‍

Published : 20th April 2018 | Posted By: kasim kzm

വിനീത് വിക്രമന്‍
നെടുങ്കണ്ടം: നെടുങ്കണ്ടം പഞ്ചായത്തില്‍ ഏറ്റവും അധികം ജലക്ഷാമം നേരിടുന്ന ഇല്ലിപ്പാലം-അരിശപ്പൊതിമെട്ടില്‍ 55 ലക്ഷം മുടക്കി ജലനിധി വന്‍ കുടിവെള്ള പദ്ധതി നടപ്പാക്കിയിട്ടും നാട്ടുകാര്‍ കുടിവെള്ളത്തിനായി നെട്ടോട്ടം. നെടുങ്കണ്ടം ഗ്രാമപ്പഞ്ചായത്തിലെ അരിശപ്പൊതിമെട്ട്,, ഇല്ലിപ്പാലം മേഖലകളിലെ 60 കുടുംബങ്ങള്‍ക്കായി 2015ലാണ് ജലനിധി പദ്ധതി നടപ്പാക്കിയത്. മുമ്പ് മേഖലയില്‍ പ്രവര്‍ത്തിച്ചിരുന്ന പദ്ധതി ഉപേക്ഷിച്ചിട്ടാണ് പ്രദേശവാസികളെ പുതിയ ജലനിധി പദ്ധതിയില്‍ ഉള്‍പ്പെടുത്തിയത്.
ജലനിധിയുടെ പുതിയ വമ്പന്‍ പദ്ധതി നടപ്പായതോടെ ഒരുതുള്ളി വെള്ളമില്ലാതായി. മുമ്പുണ്ടായിരുന്ന പദ്ധതിയില്‍ പഴയ പൈപ്പുകള്‍ പൊട്ടുന്നതും ഉപയോഗിച്ചിരുന്ന ഡീസല്‍ മോട്ടോറിന് ഉണ്ടാകുന്ന കേടുപാടുകള്‍ മൂലവും മാത്രമായിരുന്നു വെള്ളം ഇല്ലാതായിരുന്നത്. വന്‍ കുടിവെള്ള ക്ഷാമം നേരിടുന്ന മേഖലയിലെ ജനങ്ങള്‍ക്ക് ഏറെ ആശ്വസകരമായ രീതിയിലായിരുന്നു പദ്ധതി പ്രഖ്യാപിച്ചത്. ഇല്ലിപ്പാലത്തിന് സമീപം കുളം നിര്‍മിച്ച് അരിശപ്പൊതിമെട്ടില്‍ ടാങ്ക് നിര്‍മിച്ച് വെള്ളം പമ്പ് ചെയ്ത് എത്തിക്കാനായിരുന്നു ലക്ഷ്യം. 55 ലക്ഷത്തിലധികം ചെലവഴിച്ച് പൂര്‍ത്തീകരിക്കാന്‍ ഉദ്ദേശിച്ച പദ്ധതിയുടെ ഗുണഭോക്തൃ വിഹിതമായി ജനങ്ങളില്‍ നിന്ന് 7500 ലധികം രൂപ പല ഘട്ടങ്ങളിലായി വാങ്ങുകയും ചെയ്തു. ഗുണഭോക്തൃ വിഹിതം ആദ്യം 4000 രൂപ എന്ന് അറിയിച്ചിരുന്നെങ്കിലും പിന്നീട് വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് പണം വാങ്ങുകയായിരുന്നുവെന്ന് നാട്ടുകാര്‍ പറയുന്നു. കുടിവെള്ളം കണ്ടെത്തുന്നതിനായി ഇല്ലിപ്പാലത്തിന് സമീപം സ്വകാര്യ വ്യക്തിയുടെ ഭൂമി രണ്ട് ലക്ഷം രൂപയ്ക്ക് വിലയ്ക്ക് വാങ്ങുകയും ഇവിടെ കുളം നിര്‍മ്മിക്കുകയും ചെയ്തു. അരിശപൊതി മെട്ടില്‍ മുന്‍പ് ഉണ്ടായിരുന്ന കുടിവെള്ള ടാങ്ക് പദ്ധതിയ്ക്ക് അനുയോജ്യമല്ല എന്ന കാരണം നിരത്തി സമീപത്ത് തന്നെയായി പുതിയ ടാങ്കും നിര്‍മ്മിച്ചു. കഴിഞ്ഞ ഓഗസ്റ്റില്‍ പദ്ധതിയുടെ ഉത്ഘാടനവും നടത്തി.
എന്നാല്‍ ഏതാനും ചില മാസങ്ങള്‍ മാത്രമാണ് പദ്ധതിയില്‍ നിന്ന് ജനങ്ങള്‍ക്ക് വെള്ളം ലഭ്യമായത്. കഴിഞ്ഞ ഫെബ്രുവരി മുതല്‍ പദ്ധതിയുടെ പ്രവര്‍ത്തനം പൂര്‍ണ്ണമായും നിലച്ചു. നിലവില്‍ കുളത്തില്‍ ആവശ്യത്തിന് വെള്ളമില്ലാത്ത അവസ്ഥയാണ് ഉള്ളത്. ജലനിധിയിലെ ഉദ്യോഗസ്ഥര്‍ എത്തി വര്‍ഷം മുഴുവന്‍ സുലഭമായി വെള്ളം ലഭിയ്ക്കുമെന്ന് കണ്ടെത്തിയ സ്ഥലത്താണ് കുളം നിര്‍മ്മിച്ചിരിക്കുന്നത്. എന്നാല്‍ വേനലിന്റെ ആരംഭത്തില്‍ തന്നെ കുളം വറ്റിയ അവസ്ഥയാണുള്ളത്. ഇതോടെ പ്രദേശവാസികള്‍ ദുരിതത്തിലായി. നിലവില്‍ 500 ലധികം രൂപ നല്‍കിയാണ് അരിശപൊതിമെട്ട് നിവാസികള്‍ വെള്ളം വിലയ്ക്ക് വാങ്ങുന്നത്.
മേഖലയിലേയ്ക്കുള്ള റോഡും പരിതാപകരമായതിനാല്‍ മലമുകളില്‍ താമസിക്കുന്ന സാധാരണക്കാര്‍ വിലയ്ക്ക് പാതി വഴി വരെ വാഹനങ്ങളില്‍ വെള്ളം എത്തിച്ച ശേഷം തലച്ചുമടായി വീടുകളില്‍ എത്തിക്കേണ്ട ഗതികേടിലാണ്. പഴയ പദ്ധതിയില്‍ ഇവിടെ ലക്ഷങ്ങള്‍ മുടക്കി നിര്‍മിച്ച ടാങ്ക് ആവശ്യമായ നിര്‍മാണം നടത്തി പുതിയ പദ്ധതിയ്ക്ക് അനുയോജ്യമാക്കുന്നതിന് പകരം പുതിയ ടാങ്ക് നിര്‍മിക്കുകയായിരുന്നു. കുറഞ്ഞ മുതല്‍ മുടക്കില്‍ പഴയ പദ്ധതി നവീകരിക്കാമായിരുന്നിട്ടും പുതിയത് ആവിഷ്‌കരിച്ചതും വന്‍ അഴിമതിയിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. ജലനിധിയില്‍ നിന്ന് എഞ്ചിനീയര്‍ അടക്കം ഉന്നത ഉദ്യോഗസ്ഥര്‍ എത്തി ഫലപ്രദമായ സ്ഥലം കണ്ടെത്തി നിര്‍മ്മിച്ച പദ്ധതിയിലൂടെ ചുരുങ്ങിയ മാസങ്ങള്‍ പോലും ജനങ്ങള്‍ക്ക് വെള്ളം എത്തിയ്ക്കാനായില്ല എന്നതാണ് വസ്തുത. നിലവിലുള്ള പദ്ധതി ഉപേക്ഷിച്ച് കുടിവെള്ള പ്രശ്‌നം പരിഹരിക്കുന്നതിനായി പുതിയ കുഴല്‍ കിണര്‍ നിര്‍മിക്കാനുള്ള നീക്കത്തിലാണ് അധികൃതര്‍.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss