|    Jan 17 Tue, 2017 4:42 pm
FLASH NEWS

തുളസീദാസന്‍പിള്ള വധക്കേസ്: വിചാരണ പൂര്‍ത്തിയായി

Published : 19th October 2016 | Posted By: Abbasali tf

കോട്ടയം: അവിഹിത ബന്ധങ്ങളെ എതിര്‍ത്തതിലുള്ള വിരോധം മൂലം ബിസിനസുകാരനായ തുളസീദാസന്‍പിള്ളയെ ക്വട്ടേഷന്‍ സംഘത്തെ ഉപയോഗിച്ച് കൊലപ്പെടുത്തി കോടിക്കണക്കിനു രൂപയുടെ സ്വത്തു വകകള്‍ ഭാര്യ കൈവശപ്പെടുത്തിയ കേസിന്റെ വിചാരണ കോട്ടയം അഡീഷനല്‍ ജില്ലാ ജഡ്ജി പി രാഗിണി മുമ്പാകെ പൂര്‍ത്തിയായി.ചങ്ങനാശ്ശേരി തൃക്കൊടിത്താനം ചാഞ്ഞോടി ഭാഗത്ത് ലീലാഭവന്‍ വീട്ടില്‍ ലീലാമണിയാണ് ഭര്‍ത്താവ് തുളസീദാസന്‍പിള്ളയെ കൊലപ്പെടുത്താന്‍ ചങ്ങനാശ്ശേരി സ്വദേശി മൊബൈല്‍ ഷാജിയുടെ നേതൃത്വത്തിലുള്ള ക്വട്ടേഷന്‍ സംഘത്തെ സമീപിച്ച് പണം വാഗ്ദാനം ചെയ്തത്. 68 പേരുടെ സാക്ഷിപട്ടികയായിരുന്നു പ്രോസിക്യൂഷന്‍ കോടതിയില്‍ ഹാജാരാക്കിയിരുന്നത്. എന്നാല്‍ കാഞ്ഞിരപ്പള്ളി മജിസ്‌ട്രേറ്റ് പി എന്‍ സീത, ഡിവൈഎസ്പിമാരായ പി ബിജോയ്, എസ് കൃഷ്ണകുമാര്‍, സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍മാരായ കെ ഉല്ലാസ്, അനീഷ് പി കോര, സാജു വര്‍ഗീസ്, ഉള്‍പ്പെടെ 56 സാക്ഷികളെ കോടതി വിസ്തരിച്ചു. 65 പ്രമാണങ്ങളും മൂന്ന് തൊണ്ടി മുതലുകളും കോടതിയില്‍ ഹാജരാക്കി. ക്രിമിനല്‍ നടപടി നിയമം 313ാം പ്രകാരം ജില്ലാ ജഡ്ജി പി രാഗിണി പ്രതികളെ ഈ മാസം 21 ന് നേരിട്ട് ചോദ്യം ചെയ്യും.  പ്രോസിക്യൂഷനുവേണ്ടി അഡീഷനല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ എന്‍ ഗോപാലകൃഷ്ണനും പ്രതികള്‍ക്കുവേണ്ടി അഭിഭാഷകരായ ബോബന്‍ റ്റി തെക്കേല്‍, സി എസ് അജയന്‍, റോയിസ് ചിറയില്‍, ഗോപാലകൃഷ്ണ കുറുപ്പ്, സോജന്‍ പവിയാനോസ് എന്നിവര്‍ കോടതിയില്‍ ഹാജരായി. കേസില്‍ മരണപ്പെട്ട തുളസീദാസന്‍ പിള്ളയുടെ ഭാര്യ ഉള്‍പ്പെടെ എട്ട് പ്രതികളാണ് ഉള്ളത്. ചങ്ങനാശ്ശേരി ഫാത്തിമാപുരം കുന്നക്കാട് ഭാഗത്ത് ളാക്കുളത്ത് വീട്ടില്‍ മൊബൈല്‍ ഷാജി എന്ന ഷാജുദ്ദീന്‍, ഇടുക്കി പീരുമേട് കരടിക്കുഴി ഭാഗത്ത് പുത്തന്‍ വീട്ടില്‍ ഷെമീര്‍, ഇടുക്കി പീരുമേട് കരടിക്കുഴി ഭാഗത്ത് ആന്താംപറമ്പില്‍ വീട്ടില്‍ നാസര്‍, ചങ്ങനാശ്ശേരി മന്ദിരം വെള്ളൂക്കുന്ന് പിആര്‍ഡിഎസിന് സമീപം തെക്കനാല്‍ നിരപ്പേല്‍ വീട്ടില്‍ പ്രസാദ്, ചങ്ങനാശ്ശേരി ഫാത്തിമാപുരം കുന്നക്കാട് ഭാഗത്ത് ളാക്കുളത്ത് വീട്ടില്‍ നജീബ്, ചങ്ങനാശ്ശേരി പായിപ്പാട് നാലുകോടി ഭാഗത്ത് അമ്പിത്താഴേ വീട്ടില്‍ സത്യ പി, ചങ്ങനാശ്ശേരി പുതുപ്പറമ്പില്‍ വീട്ടില്‍ സിനോജ്, ചങ്ങനാശ്ശേരി തൃക്കൊടിത്താനം ചാഞ്ഞോടിഭാഗത്ത് ലീലാഭവന്‍ വീട്ടില്‍ ലീലാമണി എന്നിവരാണ് കേസിലെ പ്രതികള്‍. തുളസീദാസന്‍പിള്ളയെ കൊലപ്പെടുത്താന്‍ പലതവണ ശ്രമിച്ച് പരാജയപ്പെട്ട ക്വട്ടേഷന്‍ സംഘം 2006 ഫെബ്രുവരി നാലിന് രാത്രി 8.30ഓടെ ചങ്ങനാശ്ശേരി-മല്ലപ്പള്ളി റോഡേ വീട്ടിലേക്ക് മോട്ടോര്‍ സൈക്കിളില്‍ സഞ്ചരിക്കുകയായിരുന്ന തുളസീദാന്‍ പിള്ളയെ ടാറ്റാ സുമോ ഇടിപ്പിച്ച് കൊലപ്പെടുത്തുകയായിരുന്നു. ചങ്ങനാശ്ശേരി എസ്‌ഐ ആയിരുന്ന കെ ഉല്ലാസ് അപകടമരണമായി രജിസ്റ്റര്‍ ചെയ്ത കേസില്‍ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറായിരുന്ന പി ബിജോയ് നടത്തിയ സമഗ്ര അന്വേഷണത്തിന്റെ ഫലമായാണ് മൃഗീയമായ കൊലപാതകത്തിന്റെ ചുരുള്‍ നിവരുന്നത്. കൃത്യത്തില്‍ പങ്കാളികളായിരുന്ന കറുകച്ചാല്‍, നെടുംകുന്നം ചഴനയില്‍ വീട്ടില്‍ ബൈജുവിനേയും ചങ്ങനാശ്ശേരി മാടപ്പള്ളി പുതുപ്പറമ്പില്‍ അംജാസിനെയും മാപ്പുസാക്ഷികളാക്കി കാഞ്ഞിരപ്പള്ളി മജിസ്‌ട്രേറ്റായിരുന്ന പി എന്‍ സീത മുമ്പാകെ ഹാജരാക്കി ക്രിമിനല്‍ നടപടി നിയമം 164ാം വകുപ്പ് പ്രകാരം മൊഴി കൊടുപ്പിക്കാന്‍ അന്വേഷണ ഉദ്യോഗസ്ഥനു സാധിച്ചു. സൈനഡ് നിറച്ച സിറിഞ്ച് ഉപയോഗിച്ച് കൊല്ലാന്‍ മുന്‍കൂട്ടി പറഞ്ഞ് ഉറപ്പിച്ചതിന്‍ പ്രകാരം അന്നേ ദിവസം അടുക്കള വാതിലിന്റെ കൊളുത്ത് എട്ടാം പ്രതി ലീലാമണി ഇട്ടിരുന്നില്ലെന്നും തെളിഞ്ഞു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 10 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക