|    Oct 19 Thu, 2017 7:38 am
FLASH NEWS
Home   >  Todays Paper  >  Page 4  >  

തുലാവര്‍ഷവും പ്രതീക്ഷയ്‌ക്കൊത്ത് ഉയരില്ലെന്ന് ആശങ്ക; സംസ്ഥാനം വരള്‍ച്ചാ ഭീതിയില്‍

Published : 10th October 2016 | Posted By: SMR

ശ്രീജിഷ പ്രസന്നന്‍

തിരുവനന്തപുരം: കാലവര്‍ഷം ഗണ്യമായ തോതില്‍ കുറഞ്ഞതിനാല്‍ സംസ്ഥാനം കടുത്ത വരള്‍ച്ചാ ഭീഷണിയില്‍. ജൂണ്‍ ഒന്നു മുതല്‍ സപ്തംബര്‍ 30 വരെയുള്ള കാലവര്‍ഷത്തിന്റെ തോതില്‍ 34 ശതമാനത്തിന്റെ കുറവാണ് രേഖപ്പെടുത്തിയിട്ടുള്ളത്. 203.97 സെ.മീ. മഴയാണ് കാലവര്‍ഷ സീസണില്‍ പെയ്യേണ്ടിയിരുന്നത്. എന്നാല്‍ 135.23 സെ.മീ. മാത്രമാണ് ലഭ്യമായത്. ലക്ഷദ്വീപിലും ഇക്കുറി മഴ ലഭ്യതയില്‍ കുറവുണ്ടായി. 25 ശതമാനമാണ് ഇവിടെ കുറവുള്ളത്. സംസ്ഥാനത്ത് കഴിഞ്ഞ 10 വര്‍ഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ മഴയുടെ തോതാണിത്.
മഴ കുറഞ്ഞതോടെ സംസ്ഥാനം കൊടിയ വരള്‍ച്ചയിലേക്കും വൈദ്യുത പ്രതിസന്ധിയിലേക്കും നീങ്ങുകയാണ്. സാധാരണയായി കാലവര്‍ഷ സീസണിലാണ് ജലസംഭരണം ഏറെ നടക്കുന്നത്. ജലലഭ്യതയുടെ 80 ശതമാനവും ജൂണ്‍ ആദ്യവാരം മുതല്‍ സപ്തംബര്‍ അവസാനം വരെ ലഭിക്കുന്ന മഴയെ ആശ്രയിച്ചാണ്. വൈദ്യുതോല്‍പാദനം, കൃഷി തുടങ്ങിയവയൊക്കെ ഈ ജലലഭ്യതയെ ആശ്രയിച്ചാണ് മുന്നോട്ടുപോവുന്നത്. എന്നാല്‍, പ്രതീക്ഷിച്ച മഴ ലഭിക്കാതായതോടെ ഡാമുകളിലെ ജലനിരപ്പ് ഇപ്പോള്‍തന്നെ കുറഞ്ഞു തുടങ്ങി. വരും ദിവസങ്ങളില്‍ ജലവിതരണം ഉള്‍പ്പെടെ പ്രതിസന്ധിയിലാവുമെന്ന ആശങ്കയും ഉയരുന്നുണ്ട്.
കഴിഞ്ഞ കുറേ വര്‍ഷങ്ങളായി ഇടവപ്പാതി സംസ്ഥാനത്ത് അല്‍പം പിന്നോട്ടാണെങ്കിലും മാര്‍ച്ച്, മെയ് മാസങ്ങളില്‍ ലഭിക്കുന്ന വേനല്‍ മഴ കേരളത്തെ തുണച്ചിരുന്നു. എന്നാല്‍, ഇത്തവണ പസഫിക്ക് സമുദ്രത്തിലുണ്ടായ എല്‍ നിനോ പ്രതിഭാസം കാരണം വേനല്‍മഴയും പ്രതീക്ഷയ്‌ക്കൊത്ത് ഉയര്‍ന്നില്ല. 18 ശതമാനം കുറവാണ് ഈ വര്‍ഷം വേനല്‍മഴയില്‍ ഉണ്ടായത്.
ഇനി തുലാവര്‍ഷം കനിഞ്ഞെങ്കില്‍ മാത്രമെ വരള്‍ച്ചയെ പ്രതിരോധിക്കാന്‍ സാധിക്കൂ. അതേസമയം, തുലാവര്‍ഷം കുറയുമെന്നുള്ള സൂചന നേരത്തേതന്നെ കാലാവസ്ഥാ വിദഗ്ധര്‍ നല്‍കിയിരുന്നു. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ റിപോര്‍ട്ടില്‍ കേരളത്തില്‍ മഴ കുറയുമെന്ന അറിയിപ്പുണ്ടായിരുന്നു. കഴിഞ്ഞ വര്‍ഷം വടക്കുകിഴക്കന്‍ മണ്‍സൂണ്‍ സംസ്ഥാനത്ത് കൂടുതല്‍ ലഭിച്ചിരുന്നു. 2015 ഒക്ടോബര്‍ ഒന്നു മുതല്‍ ഡിസംബര്‍ 31 വരെയുള്ള മഴയുടെ തോത് പരിശോധിച്ചാല്‍ 27 ശതമാനം മഴ കൂടുതല്‍ ലഭിച്ചു. 480.7 സെ.മീ. മഴ ലഭിക്കേണ്ട സ്ഥാനത്ത് 610.1 സെ.മീ. മഴ ലഭിച്ചിരുന്നു. വരള്‍ച്ചയെ പ്രതിരോധിക്കാന്‍ കഴിഞ്ഞ വര്‍ഷം സംസ്ഥാനത്തിന് സാധിച്ചതും തുലാവര്‍ഷം കനിഞ്ഞതിനാലാണ്. എന്നാല്‍, ഇക്കുറി തുലാവര്‍ഷം കാര്യമായി ലഭിച്ചു തുടങ്ങിയിട്ടില്ല.
കാലവര്‍ഷത്തോത് ഏറ്റവും അധികം കുറഞ്ഞത് വയനാട് (59 ശതമാനം) ജില്ലയിലാണ്. 263.21 സെ.മീ മഴ പ്രതീക്ഷിച്ചിടത്ത് 107.38 മാത്രമാണ് ലഭിച്ചത്. ഏറ്റവും കൂടുതല്‍ മഴ ലഭിച്ചത് എറണാകുളം ജില്ലയിലാണ്. ഇവിടെ 156.94 സെ.മീ. മഴ ലഭിച്ചു. തൃശൂര്‍-44, തിരുവനന്തപുരം-34, പത്തനംതിട്ട-36, പാലക്കാട്-34, മലപ്പുറം-39, കോഴിക്കോട്-27, കോട്ടയം-30, കൊല്ലം-29, കാസര്‍കോട്-25, ഇടുക്കി-31, കണ്ണൂര്‍-25, ആലപ്പുഴ-35 എന്നിങ്ങനെയാണ് മറ്റു ജില്ലകളില്‍ കുറവുണ്ടായ മഴയുടെ തോത്. തുലാവര്‍ഷം കൂടി കുറഞ്ഞാല്‍ സംസ്ഥാനം എക്കാലത്തെയും കടുത്ത വരള്‍ച്ചയിലേക്ക് നീങ്ങുമെന്ന ആശങ്കയും വിദഗ്ധര്‍ മറച്ചുവയ്ക്കുന്നില്ല.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക