|    Jun 26 Mon, 2017 9:11 am
FLASH NEWS
Home   >  Todays Paper  >  Page 4  >  

തുലാവര്‍ഷവും കനിയുന്നില്ല; സംസ്ഥാനം കടുത്ത വരള്‍ച്ചയിലേക്ക്

Published : 31st October 2016 | Posted By: SMR

എസ് ഷാജഹാന്‍

പത്തനംതിട്ട: കഴിഞ്ഞ പത്ത് വര്‍ഷത്തിനിടയിലെ എറ്റവും ദുര്‍ബലമായ കാലവര്‍ഷത്തെ തുടര്‍ന്ന് കേരളം കടുത്ത വരള്‍ച്ചയിലേക്ക്. കേരളത്തില്‍ ഇത്തവണ പെയ്ത മഴയില്‍ റെക്കോഡ് കുറവാണ് രേഖപ്പെടുത്തിയത്. സാധാരണ കിട്ടേണ്ടതില്‍ നിന്നും 34 ശതമാനം മഴ കുറഞ്ഞെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ കണക്ക്.
ജൂലൈ 15നുശേഷം കേരളത്തില്‍ കാര്യമായി മഴ പെയ്തിട്ടേയില്ല. കാലവര്‍ഷം കുറഞ്ഞതോടെ ഭൂഗര്‍ഭ ജലവിതാനവും കുറഞ്ഞുതുടങ്ങി. നദികളിലെ നീരൊഴുക്കും കുറഞ്ഞു. മലയോരപ്രദേശങ്ങളില്‍ സ്ഥിതി അതീവ ഗുരുതരമാവും. വൈദ്യുതി പ്രതിസന്ധിയും വിദൂരമല്ലെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.
മണ്‍സൂണ്‍ കാറ്റിന്റെ ഗതിമാറ്റമാണ് മഴ കുറയാന്‍ കാരണമെന്നാണ് വിശദീകരണം. വരള്‍ച്ച മുന്നില്‍ക്കണ്ട് വേണ്ട മുന്‍കരുതലെടുത്തില്ലെങ്കില്‍ സ്ഥിതി ഗുരുതരമാവും. ഇതോടെയാണ് സംസ്ഥാനം കടുത്ത വരള്‍ച്ചയിലേക്കും വൈദ്യുതി പ്രതിസന്ധിയിലേക്കുമാണെന്ന മുന്നറിയിപ്പുമായി കെഎസ്ഇബി ആഭ്യന്തര വൈദ്യുതോല്‍പാദനം ആഭ്യന്തര ഉപഭോഗത്തിന്റെ ആറില്‍ ഒന്നായി വെട്ടിച്ചുരുക്കി പവര്‍കട്ട് ഒഴിവാക്കാനുള്ള ശ്രമം ആരംഭിച്ചത്. ശനിയാഴ്ച ആഭ്യന്തര ഉല്‍പാദനം 10 ദശലക്ഷം യൂനിറ്റില്‍ താഴെയാക്കി വെട്ടിക്കുറച്ചിരുന്നു.
ഈ വര്‍ഷം കെഎസ്ഇബി പ്രതീക്ഷിച്ചതിലും 492 ദശലക്ഷം യൂനിറ്റ് വൈദ്യുതി ഉല്‍പാദിപ്പിക്കുന്നതിനാവശ്യമായ വെള്ളത്തിന്റെ കുറവാണ് നിലവില്‍ സംഭരണികളിലുള്ളത്. കെഎസ്ഇബിയുടെ കഴിഞ്ഞ പത്ത് വര്‍ഷത്തെ കണക്കുകള്‍ പ്രകാരം ഏറ്റവും കൂടുതല്‍ ജലം സംഭരണികളിലേക്ക് ഒഴുകിയെത്തിയത് 2007-08 കാലഘട്ടത്തിലാണ്. അന്ന് സംഭരണികളില്‍ ഇതേസമയം 3896.86 ദശലക്ഷം യൂനിറ്റ് വൈദ്യുതി ഉല്‍പ്പാദിപ്പിക്കുന്നതിനാവശ്യമായ ജലമാണ് സംഭരണികളിലുണ്ടായിരുന്നത്. അക്കാലയളവില്‍ ആഭ്യന്തര ഉപഭോഗത്തിന്റെ ഏറിയ പങ്കും കെഎസ്ഇബിതന്നെ ഉല്‍പാദിപ്പിക്കുകയും ചെയ്തിരുന്നു. ശരാശരി വൈദ്യുതോല്‍പാദനം 35.1 ദശലക്ഷം യൂനിറ്റും.
നിലവില്‍ സംസ്ഥാനത്തെ അണക്കെട്ടുകളുടെ ശേഷി 4140.25 ദശലക്ഷം യൂനിറ്റ് വൈദ്യുതി ഉല്‍പാദിപ്പിക്കുന്നതിനാവശ്യമായ ജലം സംഭരിക്കുന്നതിനാണ്. ഇതില്‍ 2151.32 ദശലക്ഷം യൂനിറ്റ് വൈദ്യുതി ഉല്‍പാദിപ്പിക്കുന്നതിനാവ—ശ്യമായ ജലം സംഭരണികളില്‍ കരുതലുണ്ട്. 3,500 മെഗാവാട്ട് വൈദ്യുതിയാണ് ഒരു ദിവസം സംസ്ഥാനത്തിന് ആവശ്യമായി വരുന്നത്. 2500 മെഗാവാട്ട് കേന്ദ്രപൂളില്‍ നിന്ന് സംസ്ഥാനത്തിന് ലഭ്യമാവുന്നുണ്ട്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക