|    Dec 18 Mon, 2017 2:21 pm

തുലാവര്‍ഷവും കനിഞ്ഞില്ല;പ്രതീക്ഷകള്‍ കരിഞ്ഞുണങ്ങി

Published : 9th November 2016 | Posted By: SMR

സുല്‍ത്താന്‍ ബത്തേരി: കാലവര്‍ഷത്തിനു പുറമെ തുലാവര്‍ഷവും കൈവിട്ടതോടെ നെല്‍വയലുകള്‍ കരിഞ്ഞുണങ്ങി. ഇതോടെ പ്രതിസന്ധിയിലായ കര്‍ഷകര്‍ ആത്മഹത്യയുടെ വക്കിലെത്തിനില്‍ക്കുകയാണ്. സുല്‍ത്താന്‍ ബത്തേരി നഗരസഭ, നൂല്‍പ്പുഴ പഞ്ചായത്ത് എന്നിവിടങ്ങളിലായി 150 ഹെക്റ്റര്‍ വിസ്തൃതിയില്‍  വ്യാപിച്ചുകിടക്കുന്ന തേലംപറ്റ, വട്ടുവാടി, പുത്തന്‍കുന്ന്് പാടശേഖരങ്ങളിലാണ് നെല്‍ച്ചെടികള്‍ കരിഞ്ഞുണങ്ങിയത്്. ഈ പാടശേഖരങ്ങളില്‍ കൃഷിയിറക്കിയ 250ഓളം ദുരിതംപേറുന്നു. കഴിഞ്ഞ മൂന്നു മാസക്കാലമായി ഈ പ്രദേശങ്ങളില്‍ മഴ ലഭിച്ചിട്ടില്ല. വെള്ളമില്ലാതെ വിണ്ടുകീറിയ വയലില്‍ നെല്‍ച്ചെടികള്‍ ഉണങ്ങിനില്‍ക്കുന്നു. കതിരിടുന്ന സമയത്ത് മഴ ലഭിക്കാത്തതിനാല്‍ ഈ കതിരുകള്‍ പതിരായി. അതിനാല്‍ തന്നെ ഇപ്പോള്‍ കൊയ്‌തെടുത്താല്‍ ഒന്നും കിട്ടില്ലെന്നു കര്‍ഷകന്‍ പി കെ ഗോപാലന്‍ പറയുന്നു. കന്നുകാലികള്‍ക്ക് പോലും അരിഞ്ഞെടുത്തു കൊടുക്കാന്‍ പറ്റാത്ത രീതിയിലാണ് നെല്ല് കരിഞ്ഞുണങ്ങിയിരിക്കുന്നത്്. സമീപത്ത് ജലസേചന സൗകര്യങ്ങള്‍ ഒന്നുംതന്നെയില്ലാത്തതിനാല്‍ മഴയെ ആശ്രയിച്ചാണ് ഇവിടുത്തെ പരമ്പരാഗത കൃഷിക്കാര്‍ നെല്‍കൃഷിയിറക്കുന്നത്. ഇത്തവണ മഴയുടെ ലഭ്യത കുറഞ്ഞിട്ടും ഇവര്‍ കൃഷിയില്‍ നിന്നു പിന്തിരിഞ്ഞില്ല. ഇതാണ് തിരിച്ചടിയായിരിക്കുന്നത്. പ്രദേശത്തെ 80 ശതമാനം കര്‍ഷകരും ബാങ്ക് വായ്പയെടുത്താണ് കൃഷിയിറക്കിയിരിക്കുന്നത്. നെല്ല് വിറ്റ് കിട്ടുന്ന പണം കൊണ്ട് വായ്പ തിരിച്ചടയ്ക്കാം എന്ന കര്‍ഷകരുടെ പ്രതീക്ഷയും മഴക്കുറവ് തല്ലിക്കെടുത്തി. കൃഷിഭവനില്‍ നിന്ന് ഉദ്യോഗസ്ഥര്‍ വന്നുനോക്കി പോയി എന്നല്ലാതെ മറ്റൊരു നടപടിയും ഇതുവരെ ഉണ്ടായിട്ടില്ല. ഈ സാഹചര്യത്തില്‍ കൃഷിവകുപ്പിന്റെ അടിയന്തര ഇടപെടല്‍ വേണമെന്നാണ് കര്‍ഷകരുടെ ആവശ്യം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss