|    Mar 26 Sun, 2017 7:07 am
FLASH NEWS

തുലാവര്‍ഷത്തിലും മഴ ചതിച്ചു; ജില്ലയിലെ നെല്‍കൃഷി ഉണക്കുഭീഷണിയില്‍

Published : 27th October 2015 | Posted By: SMR

പാലക്കാട്: തുലാവര്‍ഷവും ചതിച്ചതോടെ ജില്ലയിലെ നെല്‍കൃഷി ഉണക്ക് ഭീഷണിയില്‍. രണ്ടാംവിള നെല്‍കൃഷി ഇറക്കിയ കര്‍ഷകരും പ്രതിസന്ധിയിലായി. പാടത്ത് വെള്ളമില്ലാത്തതിനാല്‍ കണ്ണാടി, ചിറ്റൂര്‍, ശ്രീകൃഷ്ണപുരം മേഖലകളിലെ കര്‍ഷകരും ഏറെ ഭീതിയിലായി. പട്ടാമ്പി മേഖലയിലെ പരുതൂര്‍, വിളയൂര്‍, തിരുവേഗപ്പുറ പഞ്ചായത്തുകളിലാണ് വെള്ളമില്ലാതെ പാടങ്ങള്‍ വിണ്ടുകീറുന്നത്. നെല്‍ച്ചെടികള്‍ക്ക് പഴുപ്പ് ബാധ കൂടി തുടങ്ങിയതോടെ ഓലക ള്‍ കരിയാന്‍ തുടങ്ങിയതും കര്‍ഷകരെ ഏറെ പരിഭ്രാന്തിയിലാക്കി.
തൂതപ്പുഴയിലും നീരൊഴുക്ക് കുറഞ്ഞതോടെ പുഴയോരപ്രദേശങ്ങളിലെ ജലസേചന പദ്ധതികളും മുടങ്ങി. തൂതപ്പുഴയോട് ചേര്‍ന്ന് കിടക്കുന്ന പഞ്ചായത്തുകളില്‍ ഇത്തവണ ഏറെ നെല്‍കൃഷി നടത്തിയിരുന്നു. തൂതപ്പുഴയിലെ ജലസമൃദ്ധി പ്രതീക്ഷിച്ചായിരുന്നു കുലുക്കല്ലൂര്‍, വിളയൂര്‍, തിരുവേഗപ്പുറ, പരുതൂര്‍ പഞ്ചായത്തുകളിലുള്ളവര്‍ രണ്ടാം വിളയിറക്കിയത്. തൂതപ്പുഴയിലും വെള്ളം കുറഞ്ഞതോടെ പുഴയോരപ്രദേശങ്ങളിലെ കാര്‍ഷിക വിളകള്‍ വ്യാപകമായി ഉണക്ക് ഭീഷണിയിലാണ്. തെങ്ങ്, കവുങ്ങ്, പഴം പച്ചക്കറി കര്‍ഷകരെയും കാലാവസ്ഥാ വ്യതിയാനം വലച്ചിരിക്കയാണ്. മഴക്കുറവ് കാരണം പലരും വൈകിയാണ് ഞാറ് നട്ടത്. തൊഴിലാളി ക്ഷാമവും കര്‍ഷകരെ വലച്ചിരുന്നു. പാടശേഖരങ്ങളില്‍ വ്യാപകമായ കളശല്യവും നെ ല്‍കൃഷിയെ ബാധിച്ചിരിക്കുകയാണ്. കളപറിക്കാനും മരുന്നടിക്കാനും തൊഴിലാളികളെ കിട്ടാനില്ലെന്നും കര്‍ഷകര്‍ പറയുന്നു. ചെറുതും വലുതുമായ ജലസേചന പദ്ധതികള്‍ ഒട്ടേറെയുണ്ടെങ്കിലും പലതിലും വെള്ളം മുടങ്ങിയതോടെ കര്‍ഷകര്‍ ആശങ്കയിലാണ്.
ചിറ്റൂര്‍, വണ്ടിത്താവളം മേഖലയിലെ കര്‍ഷകര്‍ക്കു കൃഷിപ്പ ണി തുടങ്ങാനും ഞാറ്റടി തയാറാക്കാനും വെള്ളമില്ലാതെ രണ്ടാംവിള ഉപേക്ഷിക്കേണ്ട അവസ്ഥയാണ്. മഴ ലഭിക്കാത്തതും ആളിയാര്‍ ജലത്തിന്റെ അഭാവവും മൂലത്തറ കനാലിനെ ആശ്രയിച്ചു കൃഷിയിറക്കുന്ന കര്‍ഷകരെ ദുരിതത്തിലാക്കും. 90% കര്‍ഷകരും കൊയ്ത്തുകഴിഞ്ഞ് രണ്ടാംവിളയ്ക്ക് ഒരുങ്ങിക്കഴിഞ്ഞു. സപ്തംബര്‍, ഒക്ടോബര്‍ മാസങ്ങളില്‍ കൊയ്ത്തുകഴിഞ്ഞ് ഞാറ്റടി തയാറാക്കാനും ഞാറുപാകാനും ആഗസ്ത് 15 മുതല്‍ ആളിയാര്‍ വെള്ളം തുടര്‍ച്ചയായി ലഭിക്കേണ്ടതിന്റെ അളവ് കണക്കാക്കി വാങ്ങുവാന്‍ ഉദ്യോഗസ്ഥര്‍, ജനപ്രതിനിധികള്‍ എന്നിവര്‍ക്കു കഴിയുന്നില്ലെന്നു കര്‍ഷകര്‍ കുറ്റപ്പെടുത്തി.
പെരുമാട്ടി, പട്ടഞ്ചേരി, ചിറ്റൂര്‍-തത്തമംഗലം നഗരസഭ പരിധി, പെരുവെമ്പ്, പൊല്‍പ്പുള്ളി തുടങ്ങിയ മേഖലകളിലെ കര്‍ഷകര്‍ മൂപ്പുകൂടിയ വിത്താണ് നാളിതുവരെ കൃഷിയിറക്കിവന്നിരുന്നത്. ഇത്തവണ മഴ ലഭിച്ചാല്‍ പോലും ഡിസംബര്‍ 31 വരെ ജലം ലഭിക്കുകയുള്ളൂ. അതിനാല്‍ മൂപ്പു കുറഞ്ഞ വിത്ത് കൃഷിയിറക്കിയാല്‍ മതിയെന്നാണ് ജില്ലാ കലക്ടറുടെ നേതൃത്വത്തില്‍ കൂടിയ കര്‍ഷകപ്രതിനിധികള്‍, ഇറിഗേഷന്‍, കൃഷി വകുപ്പ് ഉദ്യോഗസ്ഥ പ്രതിനിധികളുടെ യോഗത്തില്‍ തീരുമാനിച്ചിരുന്നത്. ജ്യോതി, കാഞ്ചന, ഹര്‍ഷ, വര്‍ഷ തുടങ്ങിയ മൂപ്പുകുറഞ്ഞ വിത്തിനു 100 ദിവസം പാകമാകാന്‍ വരുന്നുണ്ട്. സി ആര്‍, പൊന്‍മണി, ഉമ എന്നീ മൂപ്പുകൂടിയ വിത്തിന് 140 മുതല്‍ 150 ദിവസം വരുമെന്നും കര്‍ഷകര്‍ പറയുന്നു. ഫെബ്രുവരി 28 വരെ ആളിയാര്‍ വെള്ളം (കനാല്‍ വെള്ളം) ലഭിച്ചാല്‍ മാത്രമെ ചിറ്റൂരിലെ കര്‍ഷകര്‍ക്ക് മൂപ്പുകൂടിയ വിത്ത് കൃഷിയിറക്കാന്‍ പറ്റുകയുള്ളൂ അതു ലഭിക്കില്ലെന്നതിനാല്‍ മൂപ്പുകുറഞ്ഞ വിത്ത് കൃഷിയിറക്കിയാല്‍ മതിയെന്ന് കൃഷി വകുപ്പിന്റെ അഭിപ്രായം കര്‍ഷകര്‍ ഉള്‍ക്കൊണ്ടെങ്കിലും മഴ അതും പ്രതിസന്ധിയിലാക്കുമോയെന്ന് കണ്ടറിയണം.

(Visited 88 times, 1 visits today)
thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക