|    Aug 18 Fri, 2017 12:54 am
FLASH NEWS
Home   >  Todays Paper  >  page 12  >  

തുലാവര്‍ഷം കനിഞ്ഞില്ലെങ്കില്‍ കെഎസ്ഇബി പ്രതിസന്ധിയിലാവും

Published : 5th September 2016 | Posted By: SMR

എസ് ഷാജഹാന്‍

പത്തനംതിട്ട: തുലാവര്‍ഷം കനിഞ്ഞില്ലെങ്കില്‍ കെഎസ്ഇബിയുടെ ആഭ്യന്തര വൈദ്യുതോല്‍പാദനം കടുത്ത പ്രതിസന്ധിയിലാവും. പ്രതീക്ഷിച്ച മഴയില്‍ 25 ശതമാനത്തിലധികം കുറവു വന്നതും സംഭരണികളിലേക്കുള്ള നീരൊഴുക്ക് കുറഞ്ഞതും കാരണം ആഭ്യന്തര ഉല്‍പാദനം 20 ദശലക്ഷം യൂനിറ്റില്‍ താഴെയാക്കി വെട്ടിക്കുറച്ച് പരമാവധി ജലം സംഭരിക്കുകയാണ് കെഎസ്ഇബി.
നിലവില്‍ സംസ്ഥാനത്തെ ശരാശരി വൈദ്യുതോപഭോഗം 59.85 ദശലക്ഷം യൂനിറ്റാണ്. ശനിയാഴ്ച 61.60 ദശലക്ഷം യൂനിറ്റ് വൈദ്യുതിയുടെ ഉപഭോഗമാണ് സംസ്ഥാനത്തുണ്ടായത്. ഇതില്‍ 43.40 ദശലക്ഷം യൂനിറ്റ് സംസ്ഥാനത്തിന് പുറത്തുനിന്നു വാങ്ങുകയാണ് ചെയ്തത്. ഗ്രൂപ്പ് ഒന്നില്‍പെടുന്ന വൈദ്യുതിനിലയങ്ങളില്‍നിന്ന് 8.88 ദശലക്ഷം യൂനിറ്റും ഗ്രൂപ്പ് രണ്ടില്‍പെടുന്ന നിലയങ്ങളില്‍നിന്ന് 2.09 ദശലക്ഷം യൂനിറ്റും ഗ്രൂപ്പ് മൂന്നില്‍പെടുന്ന അണക്കെട്ടുകളിലെ ജലം ഉപയോഗിച്ച് 6.24 ദശലക്ഷം യൂനിറ്റും വൈദ്യുതിയാണ് സംസ്ഥാനത്ത് ഉല്‍പാദിപ്പിക്കുന്നത്.
സംസ്ഥാനത്തെ കെഎസ്ഇബിയുടെ ജലവൈദ്യുതോല്‍പാദനം ശരാശരി 13.82 ദശലക്ഷം യൂനിറ്റാണ്. സ്വകാര്യ വൈദ്യുതിനിലയങ്ങളായ മണിയാര്‍ കാര്‍ബൊറാണ്ടം ഹൈഡ്രോ ഇലക്ട്രിക്കല്‍ പ്രൊജക്ട്, കുത്തുങ്കല്‍ എന്നിവിടങ്ങളില്‍നിന്നു യഥാക്രമം 0.1016, 0.017 വൈദ്യുതിയും ഉല്‍പാദിപ്പിക്കുന്നുണ്ട്. ഇതോടെ സംസ്ഥാനത്തിന്റെ ആഭ്യന്തര ജലവൈദ്യുതോല്‍പാദനം ശരാശരി 13.82 ദശലക്ഷം യൂനിറ്റായി. പീക്ക്‌ലോഡ് സമയങ്ങളില്‍ ആഭ്യന്തര ഉപഭോഗത്തിന്റെ 73.85 ശതമാനത്തില്‍ താഴെ മാത്രമാണ് ഇപ്പോഴും സംസ്ഥാനത്ത് കെഎസ്ഇബിക്ക് ഉല്‍പാദിപ്പിക്കാന്‍ കഴിയുന്നത്. ആഗസ്തിലെ മാത്രം വൈദ്യുതി ഉപഭോഗം 1902.6342 ദശലക്ഷം യൂനിറ്റാണ്. ഇതില്‍  1445.1901 ദശലക്ഷം യൂനിറ്റ് പുറത്തുനിന്നു വാങ്ങിയതാണെന്നാണു കണക്കുകള്‍ സൂചിപ്പിക്കുന്നത്.
സംസ്ഥാനത്തെ വലിയ വൈദ്യുതോല്‍പാദനകേന്ദ്രങ്ങളായ ഇടുക്കിയിലെയും ശബരിഗിരിയിലെയും ഒരോ ജനറേറ്ററുകളുടെ പ്രവര്‍ത്തനം നിര്‍ത്തിവച്ചിരിക്കുകയാണ്. ഇവിടെനിന്നുള്ള ഉല്‍പാദനം ശരാശരി ആറു മെഗാവാട്ടില്‍ താഴെയായി നിലനില്‍ക്കുകയും ചെയ്യുന്നു. നിലവിലെ സാഹചര്യത്തില്‍ 38 ദിവസത്തേക്കുള്ള ഉല്‍പാദനത്തിനാവശ്യമായ ജലം മാത്രമാണ് സംഭരണികളിലുള്ളത്. അത് സംഭരണശേഷിയുടെ 55 ശതമാനത്തോളം വരും.
ഗ്രൂപ്പ് ഒന്നില്‍പെടുന്ന അണക്കെട്ടുകളില്‍ സംഭരണശേഷിയുടെ 54 ശതമാനവും ഗ്രൂപ്പ് രണ്ടില്‍ 64ഉം ഗ്രൂപ്പ് മൂന്നില്‍ 60 ശതമാനവും ജല—മാണുള്ളത്. കുണ്ടലയില്‍ 44 ശതമാനം, മാട്ടുപ്പെട്ടി 59, ആനയിറക്കല്‍ 29, ഇടുക്കിയില്‍ 48,പമ്പയില്‍ 62, കുറ്റിയാടിയില്‍ 55, ഇടമലയാറില്‍ 56, പൊന്‍മുടിയില്‍ 72 , നേര്യമംഗലത്ത് 58 ശതമാനവും ജലമുണ്ട്.
കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 26.254 ദശലക്ഷം യൂനിറ്റ് വൈദ്യുതി ഉല്‍പാദിപ്പിക്കുന്നതിനുള്ള ജലം കുറവാണെന്നാണ് ഇതു സൂചിപ്പിക്കുന്നത്. 4140.25 ദശലക്ഷം യൂനിറ്റ് വൈദ്യുതി ഉല്‍പാദിപ്പിക്കാനാവശ്യമായ ജലം സംഭരിക്കുന്നതിനാണ് സംസ്ഥാനത്തെ അണക്കെട്ടുകള്‍ക്ക് കഴിയുക. ഇതില്‍ 2266.814 ദശലക്ഷം യൂനിറ്റ് ഉല്‍പാദിപ്പിക്കുന്നതിനാവശ്യമായ ജലം ഇതിനോടകം സംഭരണികളില്‍ ഒഴുകിയെത്തിയിട്ടുണ്ട്. 3,500 മെഗാവാട്ട് വൈദ്യുതിയാണ് ഒരുദിവസം സംസ്ഥാനത്തിന് ആവശ്യമായിവരുന്നത്. ഇതില്‍ 1015 മെഗാവാട്ടാണ് ഇപ്പോള്‍ ഇവിടെ ഉല്‍പാദിപ്പിക്കുന്നത്. 2485 മെഗാവാട്ട് കേന്ദ്രപൂളില്‍നിന്ന് ലഭ്യമാവുന്നുണ്ട്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക