|    Dec 11 Mon, 2017 7:45 am

തുലാമഴ ലഭിച്ചില്ല; നെയ്യാറിലെ നീരൊഴുക്ക് കുറഞ്ഞു

Published : 10th November 2016 | Posted By: SMR

തിരുവനന്തപുരം: തുലാമഴ ലഭിക്കാതായതോടെ നെയ്യാറിലെ നീരൊഴുക്ക് കുറഞ്ഞു. ഇതോടെ നെയ്യാറിലെ ജലത്തെ ആശ്രയിച്ച് പ്രവര്‍ത്തിക്കുന്ന ജലഅതോറിട്ടിയുടെ പമ്പിങ് സ്‌റ്റേഷനുകളുടെ പ്രവര്‍ത്തനം ആശങ്കയിലായി. നെയ്യാറിലെ ജലത്തെ ആശ്രയിച്ച് ജലഅതോറിട്ടിയുടെ പത്തിലേറെ കുടിവെള്ള പദ്ധതികളാണ് പ്രവര്‍ത്തിക്കുന്നത്. ഇതില്‍ ഉയര്‍ന്ന പ്രദേശത്തെ പമ്പിങ് സ്‌റ്റേഷനുകളുടെ പ്രവര്‍ത്തനമാണ് ജലലഭ്യത കുറയുന്നത് കാരണം തടസ്സപ്പെടുവാന്‍ പോകുന്നത്. നെയ്യാറിന്റെ ഉയര്‍ന്ന പ്രദേശങ്ങളില്‍ നെയ്യാറിലെ നീരൊഴുക്ക് വളരെ കുറഞ്ഞിട്ടുണ്ട്.കീഴാറൂര്‍, മണ്ഡപത്തിന്‍കടവ്, ആര്യങ്കോട് എന്നീ പമ്പിങ് സ്‌റ്റേഷനുകളുടെ പ്രവര്‍ത്തനമാണ് തടസ്സപ്പെടുന്നത്. ഇന്‍ഫില്‍ട്രേഷന്‍ ഗാലറികളുള്ള ഈ പമ്പിങ് സ്‌റ്റേഷനുകളില്‍ ആവശ്യത്തിന് വെള്ളം പമ്പ് ചെയ്യാന്‍ കഴിയുന്നില്ല. തിരുപുറം പാഞ്ചിക്കാട്ട് കടവ്, കാഞ്ഞിരംമൂട്ട് കടവ്, വണ്ടിച്ചിറ, കുന്നത്തുകാല്‍ പഴമല, ആര്യങ്കോട് മൂന്നാറ്റുമുക്ക്, നെയ്യാറ്റിന്‍കര കന്നിപ്പുറം, കീഴാറൂര്‍ കുളത്താമ്മല്‍, മണ്ഡപത്തിന്‍കടവ് എന്നീ പമ്പിങ് സ്‌റ്റേഷനുകളാണ് നെയ്യാറിന്റെ ജലത്തെ ആശ്രയിച്ച് പ്രവര്‍ത്തിക്കുന്നത്. സമതല പ്രദേശങ്ങളില്‍ പ്രവര്‍ത്തിക്കുന്ന പമ്പിങ് സ്‌റ്റേഷനുകള്‍ പ്രധാനമായും നേരിടുന്ന പ്രശ്‌നം മാലിന്യമാണ്. ഇരുമ്പിന്റെ അംശം കൂടുതലുള്ള വെള്ളമാണ് ഇവിടെ ലഭിക്കുന്നത്. നിരന്തരമായുള്ള മണലൂറ്റും ഇഷ്ടിക കളങ്ങള്‍ക്കായി മണ്ണെടുക്കുന്നതുമാണ് ഇരുമ്പിന്റെ അംശം കൂടാന്‍ കാരണം. വര്‍ഷങ്ങളായി തുടരുന്ന മണലൂറ്റാണ് നെയ്യാറിലെ ജലത്തെ മലിനമാക്കുന്നത്. അതിനിടെ കരകളിടിച്ച് ഇഷ്ടിക കളങ്ങള്‍ക്കായി മണ്ണുഖനനം നടത്തുന്നത് കൂടിയായപ്പോള്‍ നെയ്യാറിലെ ജലം പൂര്‍ണമായും മലിനമായി. ഇങ്ങനെ മലിനമായ ജലമാണ് വെറും ക്ലോറിനേഷന്‍ മാത്രം നടത്തി ജലഅതോറിട്ടി ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് നല്‍കുന്നത്. നെയ്യാറില്‍ പ്രവര്‍ത്തിക്കുന്ന പല പമ്പിങ് സ്‌റ്റേഷനുകളും കാലപ്പഴക്കം ചെന്നവയാണ്. അതുകൊണ്ട് തന്നെ ഈ പമ്പിങ് സ്‌റ്റേഷനുകളുടെ പ്രവര്‍ത്തനം പലപ്പോഴും തടസ്സപ്പെടുകയാണ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക