|    Oct 23 Tue, 2018 5:44 pm
FLASH NEWS

തുലാമഴവെള്ളം തടഞ്ഞുനിര്‍ത്താന്‍ ജില്ലയില്‍ മഹായജ്ഞം

Published : 8th December 2017 | Posted By: kasim kzm

കോഴിക്കോട്: വേനല്‍ ക്കാലത്ത് കൃഷി, ജലസേചനം, കുടിവെള്ളം തുടങ്ങിയ ആവശ്യങ്ങള്‍ക്ക് ജലം കണ്ടെത്തുക എന്ന ലക്ഷ്യത്തോടെ ജില്ലാ ഭരണകൂടത്തിന്റ ആഭിമുഖ്യത്തില്‍ ജലസംരക്ഷണ മഹായജ്ഞത്തിന് തുടക്കം കുറിക്കുന്നു. ഹരിതകേരള മിഷന്റെ ഒന്നാം വാര്‍ഷികത്തോടനുബന്ധിച്ച് ആരംഭിക്കുന്ന പദ്ധതിയുടെ ഉദ്ഘാടനം ഇന്ന് രാവിലെ 9 മണിക്ക് കാരശ്ശേരി പഞ്ചായത്തിലെ കല്‍പ്പൂരില്‍ ജലവിഭവ മന്ത്രി മാത്യു ടി തോമസ് നിര്‍വഹിക്കും.പാഴായി പോകുന്ന തുലാവര്‍ഷ നീരൊഴുക്ക് തടഞ്ഞു നിര്‍ത്തി വേനല്‍കെടുതിയെ നേരിടാനുളള മുന്നൊരുക്കമാണ് പദ്ധതിയിലൂടെ ജില്ലയിലാകെ നടക്കുക.ജലസേചനം, കൃഷി വകുപ്പുകള്‍, തദേശസ്വയംഭരണസ്ഥാപനങ്ങള്‍ സംയുക്തമായി അഗ്രികള്‍ച്ചറല്‍ ടെക്‌നോളജി മാനേജ്‌മെന്റ് ഏജന്‍സിയുമായി ചേര്‍ന്നാണ് പദ്ധതി നടപ്പിലാക്കുന്നത്. ജില്ലയിലെ വിവിധ പ്രദേശങ്ങളില്‍ വിന്യസിക്കപ്പെട്ട നാനൂറോളം വിസിബികള്‍, തടയണകള്‍ എന്നിവ താല്‍ക്കാലിക തടയണകെട്ടി പുനരുജ്ജീവിപ്പിക്കുന്നതിനാണ് പദ്ധതി ലക്ഷ്യമിടുന്നത്. ജില്ലയിലാകെ ആസൂത്രണം ചെയ്തിട്ടുള്ള ജലസംരക്ഷണ പ്രവര്‍ത്തനങ്ങളില്‍ പ്രാദേശിക ക്ലബ്ബുകള്‍, സംഘടനകള്‍, സ്‌കൂള്‍-കോളജ് എന്‍.എസ്.എസ് വോളന്റിയര്‍മാര്‍, ജില്ലയിലെ കോളജ് കാംപസുകളുടെ കൂട്ടായ്മയായ കോഴിക്കോടന്‍ കാംപസ് പ്രവര്‍ത്തകര്‍ എന്നിവര്‍  ജനങ്ങളോടൊപ്പം ചേരും. പദ്ധതിയുടെ ആദ്യഘട്ടത്തില്‍ ജില്ലയിലെ 459 വിസിബികളും ചെക്ഡാമുകളും ജലസേചനവകുപ്പ്, ചെറുകിടജലസേചനവകുപ്പിലെ വിവിധ വിഭാഗങ്ങളില്‍പ്പെട്ട എന്‍ജിനീയര്‍മാരും ഉദ്യോഗസ്ഥരും ഈ നിര്‍മിതികള്‍ സ്ഥിതിചെയ്യുന്ന ഇടങ്ങള്‍ സന്ദര്‍ശിച്ച് വിലയിരുത്തുകയും അളവുകള്‍ ശേഖരിച്ച് ജിഐഎസ് സഹായത്തോടെ മാപ്പില്‍ രേഖപ്പെടുത്തുകയും ചെയ്തു.ഇവയില്‍ ഭൂരിപക്ഷവും ഇപ്പോള്‍ പ്രവര്‍ത്തനക്ഷമമല്ല. ജില്ലയില്‍ 370ഓളം  ഇത്തരം നിര്‍മിതികളില്‍ ചാക്കുകളില്‍  മണ്ണ് ,മണല്‍ എന്നിവ നിറച്ച്  തടയണ നിര്‍മിച്ച് വെള്ളം സംഭരിക്കുന്നതിനാണ് പദ്ധതി ലക്ഷ്യമിടുന്നത്. ഇതില്‍ 145 നിര്‍മിതികള്‍ ഉപ്പുവെള്ള പ്രതിരോധ വിസിബികളാണ്. ഉപ്പുവെള്ളം കയറി കൃഷി നശിക്കുന്നതിനും കുടിവെള്ളം മലിനപ്പെടുന്നത് തടയുന്നതിനും പദ്ധതി പ്രയോജനപ്പെടും. പദ്ധതി വിഭാവനം ചെയ്യുന്ന രീതിയില്‍ പൂര്‍ത്തീകരിച്ചാല്‍ ജില്ലയിലെ ഡാമുകളില്‍ സംഭരിക്കപ്പെട്ടിരിക്കുന്ന ജലത്തിന്റെ 60 ശതമാനത്തോളം വികേന്ദ്രീക്യത മാതൃകയില്‍ സംഭരിക്കാനാവും. ഹരിതകേരളം മിഷന്റെ ജില്ലയിലെ ചീഫ് കോര്‍ഡിനേറ്ററായ ജില്ലാ കലക്ടര്‍  യു വി ജോസിന്റെ  മേല്‍ നോട്ടത്തില്‍ ആത്മ പദ്ധതിയില്‍ കൃഷി ഓഫി സര്‍മാരാണ് പ്രവര്‍ത്തനം താഴേതട്ടില്‍ നടപ്പിലാക്കുന്നത്. ജലസേചനവകുപ്പിലെ ഉദ്യേഗസ്ഥര്‍ സാങ്കേതിക പിന്തുണ നല്‍കും.തദ്ദേശസ്വയംഭരണസ്ഥാപനങ്ങള്‍ സംഘാടകപിന്തുണ നല്‍കുന്നു.  ജില്ലാ യുവജനക്ഷമബോര്‍ഡ്, നെഹ്‌റു യുവകേന്ദ്ര ജില്ലാ ഓഫിസുകളും എന്‍എസ്എസ് ജില്ലാ പ്രോഗ്രാം ഓഫിസറും പദ്ധതിയില്‍ പങ്കാളികളാണ്. തടയണകളില്‍ അടിഞ്ഞുകൂടാവുന്ന പ്ലാസ്റ്റിക് മാലിന്യങ്ങള്‍ നീക്കം ചെയ്യുന്നതിന്  ഹരിതകര്‍മ സേനകളിലൂടെ ശുചിത്വമിഷന്‍ നേതൃത്വം നല്‍കും. ഹരിതകേരള മിഷന്‍ വിഭാവനം ചെയ്യുന്ന വിവിധ വകുപ്പുകളുടെ സംയോജനവും ഏകോപനത്തിന്റെയും മികച്ച മാതൃക കൂടിയാണ് ഈ പദ്ധതിയിലൂടെ നടപ്പിലാകുന്നത്. ജില്ലാ പ്രിന്‍സിപ്പല്‍ കൃഷി ഓഫിസര്‍, ജലസേചനം-ചെറുകിട ജലസേചനം എക്‌സിക്യുട്ടീവ് എന്‍ജിനീയര്‍മാര്‍, ആത്മ പ്രോജക്ട് ഡയറക്ടര്‍, ജില്ലാ പ്ലാനിങ് ഓഫിസര്‍, പഞ്ചായത്ത് ഡെപ്യുട്ടി ഡയറക്ടര്‍, ശുചിത്വമിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍, ഹരിതകേരളം മിഷന്‍  കോര്‍ഡിനേറ്റര്‍ എന്നിവര്‍ ജില്ലാ തലത്തില്‍ പദ്ധതി ഏകോപിപ്പിക്കുന്നു. വിവിധ സഹകരണസ്ഥാപനങ്ങളും പദ്ധതിയില്‍  സഹകരിക്കുന്നുണ്ട്.ജോര്‍ജ് എം തോമസ് എംഎല്‍എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരി, ജില്ലാ കലക്ടര്‍  യു വി ജോസ്, കാരശ്ശേരി ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് വി കെ വിനോദ് , ജില്ലാ പഞ്ചായത്ത് മെംബര്‍ സി കെ കാസിം എന്നിവര്‍ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കും.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss