|    Oct 20 Fri, 2017 2:34 pm
FLASH NEWS

തുറസ്സായ സ്ഥലങ്ങളില്‍ മലമൂത്ര വിസര്‍ജനം ഇല്ലാതാക്കുന്നതിന് പദ്ധതി: ജില്ലാ കലക്ടര്‍

Published : 30th July 2016 | Posted By: SMR

കാസര്‍കോട്: തുറന്ന സ്ഥലങ്ങളില്‍ മലമൂത്ര വിസര്‍ജ്ജനം നടത്താതിരിക്കാന്‍ ജില്ലയിലെ മുഴുവന്‍ പഞ്ചായത്തുകളിലും സൗകര്യമൊരുക്കുന്നതിനുള്ള പദ്ധതി സപ്തംബര്‍ 15നകം പൂര്‍ത്തീകരിക്കുമെന്ന് ജില്ലാ കലക്ടര്‍ ഇ ദേവദാസന്‍ അറിയിച്ചു.
ഒക്‌ടോബര്‍ രണ്ടിന് ഗാന്ധിജയന്തി ദിനത്തില്‍, തുറസ്സായ സ്ഥലങ്ങളില്‍ മലമൂത്ര വിസര്‍ജ്ജനം നടത്താത്ത പഞ്ചായത്തുകളായി പ്രഖ്യാപിക്കും. പദ്ധതി പ്രവര്‍ത്തനം ത്വരിതപ്പെടുത്താന്‍ നാല് താലൂക്കുകളിലും ഡെപ്യൂട്ടി കലക്ടര്‍മാര്‍ക്ക് ചുമതല നല്‍കിയിട്ടുണ്ട്. കാസര്‍കോട് താലൂക്കില്‍ എഡിഎം കെ അംബുജാക്ഷന്‍, ഹൊസ്ദുര്‍ഗില്‍ ഡെപ്യൂട്ടി കലക്ടര്‍ (എല്‍ആര്‍) എച്ച് ദിനേശന്‍, മഞ്ചേശ്വരത്ത് ഡെപ്യൂട്ടി കലക്ടര്‍ (ആര്‍ആര്‍) എന്‍ ദേവിദാസ്, വെള്ളരിക്കുണ്ട് താലൂക്കില്‍ ഡെപ്യൂട്ടി കലക്ടര്‍ (എല്‍എ) പി കെ ജയശ്രീ എന്നിവരെയാണ് ചാര്‍ജ്ജ് ഓഫിസര്‍മാരായി നിയോഗിച്ചിട്ടുള്ളത്.
പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ പദ്ധതിയുടെ നോഡല്‍ ഓഫിസറായിരിക്കും. ഓരോ പഞ്ചായത്തിലും വില്ലേജ് എക്‌സ്റ്റെന്‍ഷന്‍ ഓഫിസര്‍ പഞ്ചായത്ത്തല നോഡല്‍ ഓഫിസറായി പ്രവര്‍ത്തിക്കും.
15,400 രൂപയാണ് ഒരു ഗുണഭോക്താവിന് ശൗചാലയ നിര്‍മാണത്തിന് അനുവദിക്കുന്നത്. ഇതില്‍ 12,000 രൂപ ജില്ലാ ശുചിത്വമിഷനും 3,400 രൂപ പഞ്ചായത്ത് വിഹിതവുമായി അനുവദിക്കും. ശുചിത്വമിഷന്റെ വിഹിതം ലഭിക്കാന്‍ കാലതാമസമുണ്ടാകുന്ന സാഹചര്യത്തില്‍ അതാത് പഞ്ചായത്തുകള്‍ ഈ തുക കൂടി പ്ലാനില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
ജില്ലയില്‍ ഇതുവരെ 3500 ശൗചാലയങ്ങളുട നിര്‍മാണം തുടങ്ങി. ഇതില്‍ 800 ഓളം പൂര്‍ത്തീകരിച്ചു. ശുചിമുറി നിര്‍മാണത്തിന് കുടുംബശ്രീ പരിശീലനം നല്‍കും.
നിര്‍മിതി കേന്ദ്ര എന്‍ജിനിയര്‍മാരെ ഇതിനായി നിയോഗിക്കും. ബ്ലോക്ക് പരിധിയില്‍ 10 പേര്‍ക്ക് വീതം സംസ്ഥാനതലത്തില്‍ പരിശീലനം നല്‍കിയിട്ടുണ്ട്. പദ്ധതി സമയബന്ധിതമായി പൂര്‍ത്തീകരിക്കുന്നതിന് പഞ്ചായത്ത്  പ്രസിഡന്റുമാരും ബന്ധപ്പെട്ട ഉദ്യോഗസ്ഥരും സജീവമായി രംഗത്തിറങ്ങണമെന്ന് ജില്ലാ കലക്ടര്‍ അഭ്യര്‍ത്ഥിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക