|    Jul 19 Thu, 2018 3:25 pm
FLASH NEWS

തുറമുഖ മണല്‍ വിതരണം; ബുക്കിങ് പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ നിര്‍ദേശം

Published : 23rd September 2017 | Posted By: fsq

 

കണ്ണൂര്‍: അഴീക്കല്‍ തുറമുഖത്തെ മണല്‍ വിതരണം കാര്യക്ഷമമാക്കാന്‍ തുറമുഖ വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു. അഴീക്കോട്, പാപ്പിനിശ്ശേരി, കല്യാശ്ശേരി, വളപട്ടണം, മാട്ടൂല്‍ പഞ്ചായത്തുകളുടെ നേതൃത്വത്തില്‍ മണല്‍ വിതരണ നടപടികള്‍ ഊര്‍ജിതമാക്കാന്‍ മന്ത്രി നിര്‍ദേശം നല്‍കി. എല്ലാ പഞ്ചായത്തുകളിലും മണല്‍ വാരുന്നതിനും അവ സംസ്‌കരിക്കുന്നതിനുമുള്ള സംവിധാനങ്ങള്‍ ഒരുങ്ങിക്കഴിഞ്ഞു. ഓരോ പഞ്ചായത്തിലും മൂന്നുവീതം മണല്‍ വിതരണ കേന്ദ്രങ്ങള്‍ ആരംഭിക്കുന്നതോടെ 75,000 ടണ്‍ മണല്‍ വീതം വിതരണം ചെയ്യാനാവും. ബുക്ക് ചെയ്യുന്നതിനുള്ള ഓണ്‍ലൈന്‍ സംവിധാനവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന്റെ ഭാഗമായി 25ന് പുതിയ സോഫ്റ്റ്‌വെയര്‍ പ്രവര്‍ത്തനം തുടങ്ങുമെന്ന് സിഡിറ്റ് പ്രതിനിധികള്‍ അറിയിച്ചു. അതോടെ പരാതികള്‍ക്ക് പരിഹാരമാവും. ഓണ്‍ലൈന്‍ ബുക്കിങുമായി ബന്ധപ്പെട്ട് നിരവധി പരാതികള്‍ ഉള്ളതായി യോഗത്തില്‍ ആക്ഷേപമുയര്‍ന്നു. മണല്‍ വിതരണത്തില്‍ മാഫിയ സംഘങ്ങളുടെ പ്രവര്‍ത്തനം അനുവദിക്കില്ലെന്ന് മന്ത്രി പറഞ്ഞു. പഞ്ചായത്തുകള്‍ വഴി മണല്‍ വിതരണം ചെയ്യാനുള്ള സര്‍ക്കാരിന്റെ തീരുമാനം ഈ രംഗത്തെ ചൂഷണങ്ങള്‍ ഒഴിവാക്കും. തൊഴിലാളികള്‍ക്ക് മാന്യമായ വേതനവും ആവശ്യക്കാര്‍ക്ക് മിതമായ വിലയില്‍ മണലും ലഭ്യമാക്കും. ഇതുവഴി പഞ്ചായത്തുകള്‍ക്ക് അധികവരുമാനം ഉണ്ടാക്കാന്‍ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. കലക്ടറേറ്റില്‍ ചേര്‍ന്ന യോഗത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ വി സുമേഷ്, എഡിഎം ഇ മുഹമ്മദ് യൂസഫ്, അഴീക്കോട്, പാപ്പിനിശ്ശേരി, കല്യാശ്ശേരി, വളപട്ടണം, മാട്ടൂല്‍, ധര്‍മടം പഞ്ചായത്ത് പ്രസിഡന്റുമാര്‍, സെക്രട്ടറിമാര്‍, തുറുമുഖം അധികൃതര്‍ സംബന്ധിച്ചു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss