|    Nov 15 Thu, 2018 6:47 pm
FLASH NEWS
Home   >  Todays Paper  >  page 12  >  

തുറന്ന സ്ഥലത്തെ നമസ്‌കാരംഗുഡ്ഗാവില്‍ മുസ്‌ലിംകളെ ജുമുഅ പ്രാര്‍ഥനയ്ക്ക് അനുവദിക്കണമെന്ന് പ്രദേശത്തെ ഹിന്ദുക്കള്‍

Published : 10th May 2018 | Posted By: kasim kzm

ഗുഡ്ഗാവ്: ഗുഡ്ഗാവിലെ ചില പൊതുസ്ഥലങ്ങളില്‍ മുസ്‌ലിംകള്‍ക്ക് ജുമുഅ പ്രാര്‍ഥനയ്ക്ക് ആവശ്യമായ സൗകര്യമൊരുക്കണമെന്ന് പ്രദേശത്തെ പ്രമുഖരായ ഹിന്ദു മതവിശ്വാസികള്‍. അടുത്ത വെള്ളിയാഴ്ചയും ഹിന്ദുത്വര്‍ കുഴപ്പമുണ്ടാക്കാന്‍ സാധ്യതയുള്ളതിനാല്‍ മുസ്‌ലിംകള്‍ക്ക് പ്രാര്‍ഥനയ്ക്ക് ആവശ്യമായ സംരക്ഷണം ഒരുക്കണമെന്ന് 24 പേര്‍  വരുന്ന പ്രദേശവാസികളുടെ പ്രതിനിധികള്‍ ഗുഡ്ഗാവ് ഡിവിഷനല്‍ കമ്മീഷണര്‍ ഡി സുരേഷിന് നിവേദനം നല്‍കി.
കഴിഞ്ഞ രണ്ടാഴ്ചകളില്‍ വിവിധ സംഘപരിവാര സംഘടനകളുടെ നേതൃത്വത്തില്‍ മുസ്‌ലിംകളുടെ ജുമുഅ പ്രാര്‍ഥന തടഞ്ഞിരുന്നു. ബിജെപി മുഖ്യമന്ത്രി മനോഹര്‍ലാല്‍ ഖട്ടാര്‍ മുസ്‌ലിംകള്‍ പൊതുസ്ഥലത്ത് നമസ്‌കരിക്കുന്നതില്‍ നിന്ന് പിന്മാറണമെന്നാവശ്യപ്പെട്ടത് അക്രമികള്‍ക്ക് കൂടുത ല്‍ പ്രചോദനമേകി. മറ്റൊരു ബിജെപി മന്ത്രിയായ അനില്‍ വിജ് ഒരു പടികൂടി കടന്ന് പൊതുസ്ഥലങ്ങള്‍ പിടിച്ചെടുക്കാനുള്ള മുസ്‌ലിംകളുടെ പദ്ധതിയാണ് ഇതിന് പിന്നിലെന്ന് ആരോപിച്ച് രംഗത്തെത്തിയിരുന്നു.
ശിവസേന, ഹിന്ദുസേന, അഖില്‍ ഭാരതീയ ഹിന്ദു ക്രാന്തി ദള്‍, ബജ്‌രംഗ്ദള്‍ എന്നിവ ഉള്‍പ്പെട്ട ഹിന്ദു സംഘര്‍ഷ് സമിതി കഴിഞ്ഞയാഴ്ച ജുമുഅയ്‌ക്കെത്തിയ മുസ്‌ലിംകളെ ശാരീരികമായി ആക്രമിച്ചിരുന്നു. മുസ്‌ലിം ജനസംഖ്യ 50 ശതമാനത്തില്‍ കൂടുതലുള്ള സ്ഥലങ്ങളില്‍ മാത്രമേ നമസ്‌കാരത്തിന് അനുമതി നല്‍കാവൂ എന്നും അല്ലെങ്കില്‍ വീണ്ടും തടയുമെന്നും സംഘടന ഭീഷണി മുഴക്കിയിട്ടുണ്ട്.
ഈ സാഹചര്യത്തിലാണ് പ്രദേശത്ത് കൂടുതല്‍ സംഘര്‍ഷം ഒഴിവാക്കാന്‍ ആവശ്യപ്പെട്ട് 150ഓളം പേര്‍ ഒപ്പിട്ട ഹരജി ഡിവിഷനല്‍ കമ്മീഷണര്‍ക്ക് നല്‍കിയത്. വലതുപക്ഷ സംഘടനകളുടെ ആവശ്യം ഭരണഘടനാ വിരുദ്ധമാണെന്ന് നിവേദക സംഘത്തിലുണ്ടായിരുന്ന വിനീത സിങ് പറഞ്ഞു. മതപരമായ ഒത്തുകൂടലിന് അധികൃതരുടെ അനുമതി വേണമെന്നുണ്ടെങ്കില്‍ അത് ഒരു സമുദായത്തിന് മാത്രമായി ചുരുക്കാതെ എല്ലാ വിഭാഗങ്ങള്‍ക്കും ബാധകമാക്കണമെന്നും അവര്‍ പറഞ്ഞു.
ന്യൂ ഗുഡ്ഗാവില്‍ മസ്ജിദുകള്‍ ഒന്നും ഇല്ലാത്ത സാഹചര്യത്തില്‍ പാര്‍പ്പിട, വാണിജ്യ മേഖലകള്‍ക്ക് സമീപത്തെ ചില പൊതുസ്ഥലങ്ങള്‍ വെള്ളിയാഴ്ച രണ്ടു മണിക്കൂ ര്‍ നേരം മാത്രം ജുമുഅ പ്രാര്‍ഥനയ്ക്കായി വിട്ടുനല്‍കണമെന്ന് നിവേദനത്തില്‍ ചൂണ്ടിക്കാട്ടി.
തങ്ങളുടെ ആശങ്ക അധികൃതരെ ബോധ്യപ്പെടുത്തിയിട്ടുണ്ടെന്ന് സിനിമാ സംവിധായകനും നോട്ട് ഇന്‍ മൈ നെയിം പ്രക്ഷോഭത്തിന്റെ സംഘാടകനുമായ രാഹുല്‍ റോയ് പറഞ്ഞു. സര്‍ക്കാര്‍ ഇരുവിഭാഗങ്ങളുമായും ബന്ധപ്പെട്ട് സമാധാനത്തിന് ശ്രമിക്കുന്നുണ്ട്. ഈ ആഴ്ചയും ഹിന്ദുത്വര്‍ അക്രമത്തിന് മുതിരുകയാണെങ്കില്‍ കൂടുതല്‍ നടപടികളെക്കുറിച്ച് ആലോചിക്കുമെന്നും അദ്ദേഹം പറഞ്ഞു.
സമാധാനം ഉറപ്പുവരുത്താന്‍ എല്ലാ ശ്രമങ്ങളും നടത്തുമെന്ന് ഡിസി ഉറപ്പ് നല്‍കി. വഖ്ഫ് ബോര്‍ഡ് സിഇഒ ഹനീഫ് ഖുറേഷിയുമായി ഇന്ന് കൂടിക്കാഴ്ച നടത്തുന്നുണ്ട്. മറ്റു മുസ്‌ലിം നേതാക്കളും യോഗത്തില്‍ പങ്കെടുക്കും. അതേസമയം, മറ്റുള്ളവര്‍ കൈയേറിയ 19 മസ്ജിദുകളുടെ പട്ടിക ഹരിയാന സംസ്ഥാന വഖ്ഫ് ബോര്‍ഡ്, അധികൃതര്‍ക്ക് കൈമാറിയിട്ടുണ്ട്. അവിടെയുള്ള കൈയേറ്റം ഒഴിപ്പിച്ച് നമസ്‌കാരത്തിന് സൗകര്യമൊരുക്കണമെന്ന് വഖ്ഫ് ബോര്‍ഡ് ആവശ്യപ്പെട്ടു. എന്നാല്‍, ഈ മസ്ജിദുകളെല്ലാം ഓള്‍ഡ് ഗുഡ്ഗാവിലാണെന്നും പ്രശ്‌നം നിലനില്‍ക്കുന്നത് മസ്ജിദുകള്‍ ഇല്ലാത്ത ന്യൂഗുഡ്ഗാവിലാണെന്നും അധികൃതര്‍ മറുപടി നല്‍കിയതായാണ് റിപോര്‍ട്ട്.
അതിനിടെ, ഹിന്ദുത്വര്‍ പുതിയ ഭീഷണിയുമായി രംഗത്തെത്തിയിട്ടുണ്ട്. പൊതുസ്ഥലങ്ങളില്‍ മുസ്‌ലിംകള്‍ പ്രാര്‍ഥന നിര്‍വഹിക്കുന്നത് ഒരാഴ്ചയ്ക്കകം ജില്ലാ ഭരണാധികാരികള്‍ നിരോധിക്കണമെന്നും അല്ലാത്തപക്ഷം ഒഴിഞ്ഞ സ്ഥലങ്ങളിലും പാര്‍ക്കുകളിലും നമസ്‌കരിക്കുന്നത് തങ്ങള്‍ നേരിട്ട് തടയുമെന്നുമാണ് ഭീഷണി.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss