|    Jan 19 Thu, 2017 3:53 am
FLASH NEWS

തുറന്ന വാതില്‍ അടയുന്നതിനു മുമ്പ്

Published : 27th November 2015 | Posted By: SMR

slug-madhyamargamകേരളത്തിലെ ജനതാദള്‍ രണ്ട് വിഭാഗങ്ങളും ചെറിയ പാര്‍ട്ടികളല്ല. ഉന്നതമായ ലക്ഷ്യങ്ങളുള്ള ദേശീയ പാര്‍ട്ടികളാണ്. വോട്ട്, സീറ്റ്, അധികാരം ഒന്നും പാര്‍ട്ടിക്ക് പ്രശ്‌നമല്ല. സോഷ്യലിസ്റ്റ് വ്യവസ്ഥിതി നടപ്പാക്കുകയാണു ലക്ഷ്യം. ജനാധിപത്യമാര്‍ഗത്തിലൂടെയാണ് ലക്ഷ്യം സാക്ഷാല്‍ക്കരിക്കുക. കമ്മ്യൂണിസ്റ്റുകളെപ്പോലെ വിപ്ലവത്തിലൂടെ സോഷ്യലിസം നടപ്പാക്കുക എന്നത് ജനതാദള്‍ അജണ്ടയിലില്ല. അധികാരം ലഭിച്ചപ്പോഴാണ് ലക്ഷ്യം കൈവരിക്കുക എളുപ്പമല്ലെന്ന് ജനതാപാര്‍ട്ടിക്ക് ബോധ്യമായത്. കാലപ്രവാഹത്തില്‍ ജനതയുടെ പേരില്‍ പലപല പാര്‍ട്ടികളുണ്ടായി. അതിലെ പല നേതാക്കന്മാരും ജാതികളുടെ പേരില്‍ ജനങ്ങളെ സംഘടിപ്പിച്ച് സോഷ്യലിസം നടപ്പാക്കാന്‍ പരിശ്രമിച്ചു.
സംസ്ഥാനത്തെ ജനതാദള്‍ ഇടതുപക്ഷ ജനാധിപത്യമുന്നണിയുടെ അവിഭാജ്യഘടകമായിരുന്നു. പല സ്ഥാനമാനങ്ങളും അവര്‍ക്ക് കിട്ടുകയും ചെയ്തു. ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ തൊട്ടുമുമ്പാണ് എല്ലാം തകിടം മറിഞ്ഞത്. ഇടതുപക്ഷ ജനാധിപത്യമുന്നണിയില്‍നിന്നു തങ്ങളെ ചവിട്ടിപ്പുറത്താക്കിയെന്നു നേതാക്കള്‍.പക്ഷേ, ഞങ്ങള്‍ ചവിട്ടിയിട്ടുമില്ല, പുറത്താക്കിയിട്ടുമില്ല. അവര്‍ സ്വയം പുറത്തുപോയതാണെന്ന് ഇടതുമുന്നണി നേതാക്കള്‍. പുറത്താക്കിയതിനും പുറത്തുപോവലിനും പിന്നിലുള്ള വസ്തുത ഇപ്പോഴും ജനങ്ങള്‍ക്ക് പിടികിട്ടിയിട്ടില്ല. ജനതാദള്‍ ഇടതുമുന്നണി വിട്ടെങ്കിലും ഒരുവിഭാഗം അതില്‍ തന്നെ ഉറച്ചുനിന്നു. മറുവിഭാഗം ഐക്യജനാധിപത്യമുന്നണിയിലേക്കു പോയി. ലോക്‌സഭ തിരഞ്ഞെടുപ്പില്‍ വയനാട് സീറ്റ് യുഡിഎഫ് ഓഫര്‍ ചെയ്തു. അധികാരത്തോട് അശേഷം താല്‍പ്പര്യമില്ലാതിരുന്ന ജനതാദള്‍ ഓഫര്‍ സ്‌നേഹപൂര്‍വം നിരസിക്കുകയാണു ചെയ്തത്. പിന്നീട് ജനതാദളും യുഡിഎഫും, വിശിഷ്യാ കോണ്‍ഗ്രസ്സും തമ്മില്‍ സ്‌നേഹം വളര്‍ന്നു വലുതായി. പാലക്കാട് ലോക്‌സഭാ തിരഞ്ഞെടുപ്പിലാണ് ആ സ്‌നേഹം പൊട്ടിവിടര്‍ന്നത്. ഒന്നരലക്ഷത്തോളം വോട്ടിന് ജനതാദള്‍ നേതാവ് അവിടെ തോറ്റതോടെയാണ് യുഡിഎഫിന്റെ സോഷ്യലിസ്റ്റ് ചതി ജനതാദളിനു ശരിക്കും മനസ്സിലായത്. കോണ്‍ഗ്രസ്സുകാരാണ് വോട്ട് മാറി ചെയ്തതെന്ന ആക്ഷേപം രഹസ്യമായും പിന്നീട് പരസ്യമായും ഇവര്‍ ഉന്നയിച്ചു. കോണ്‍ഗ്രസ്സാണെങ്കില്‍ അന്വേഷണത്തിന് സ്‌നേഹകമ്മിറ്റിയെ നിയോഗിച്ചിരുന്നു. പക്ഷേ, യാതൊരു നടപടിയും ഉണ്ടായില്ല. ദേശീയതലത്തില്‍ ജനതാപരിവാറും മഹാസഖ്യവും ബിഹാറില്‍ അധികാരം നേടിയതോടെ മറുകണ്ടം ചാടാനുള്ള സുവര്‍ണാവസരം കൈവന്നു. ഇടതുപക്ഷത്തിന്റെ വാതില്‍ തുറന്നുകിടക്കുകയാണ്. ഞങ്ങള്‍ ഇതാ വരുന്നുവെന്നു പറയുകയേ വേണ്ടൂ. ചുവപ്പ് പരവതാനിയിലൂടെ ആനയിച്ചു കൊണ്ടുപോവാന്‍ ഇടതു നേതാക്കള്‍ ഒരുങ്ങിനില്‍ക്കുകയുമാണ്. പക്ഷേ, ചവിട്ടിപ്പുറത്താക്കിയവരുടെ കൂടെ പോവാന്‍ ആദര്‍ശധീരന്മാര്‍ തയ്യാറല്ല.
ഇപ്പോഴാണ് പുനരാലോചന സജീവമാവുന്നത്. വോട്ടും സീറ്റും അധികാരവുമല്ല വിഷയം. ഫാഷിസ്റ്റ് ബിജെപിയെ ശക്തമായി നേരിടുന്നത് ഇടതുപക്ഷമാണെന്ന കണ്ടുപിടിത്തമാണ് ഇതിനു കാരണമായത്. കേരളത്തില്‍ രാഷ്ട്രീയമാറ്റത്തിന്റെ കാറ്റ് വീശുന്നതായി ഇവര്‍ക്കും മനസ്സിലായിട്ടുണ്ട്. നാലോ അഞ്ചോ മാസം കഴിഞ്ഞാല്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുമെന്നും മാറ്റം അധികാരമാറ്റമായിരിക്കുമെന്നും അവര്‍ കണക്കുകൂട്ടുന്നതില്‍ തെറ്റില്ല. ഭരണം പോയാല്‍ വകുപ്പും മന്ത്രിയും ഉണ്ടാവില്ല. അതുണ്ടെങ്കില്‍ മാത്രമേ വര്‍ഗീയ ഫാഷിസ്റ്റുകളെ നേരിട്ട് സോഷ്യലിസത്തില്‍ എത്താന്‍ കഴിയുകയുള്ളു. ചവിട്ടിപ്പുറത്താക്കിയ കഥ തല്‍ക്കാലം മറക്കാം. അടഞ്ഞ വാതിലിലേക്കു നോക്കുമ്പോഴേ വിഷമമുണ്ടാവൂ. തുറന്നുകിടക്കുന്ന വാതിലിലേക്ക് നോക്കുന്നത് നന്മയാണ്, പ്രതീക്ഷയാണ്. ആദര്‍ശത്തിന്റെ അടയാളമാണ് അത്തരം വാതിലുകള്‍.
തുറന്ന വാതിലിലൂടെ നടക്കുമ്പോള്‍ കൂടെ നടക്കാന്‍ അണികളൊക്കെ ഉണ്ടാവുമോ എന്നതാണ് പ്രശ്‌നം. സോഷ്യലിസത്തില്‍ മുങ്ങിക്കുളിച്ചുനില്‍ക്കുന്നവരാണല്ലോ ജനതാദള്‍ അണികള്‍. മറുകണ്ടം ചാടുന്നവരെ മറക്കാനും പൊറുക്കാനും വോട്ടര്‍മാര്‍ക്ക് കുറച്ച് സമയമെങ്കിലും വേണ്ടേ? സമയം അനുവദിച്ചാല്‍ നിയമസഭാ തിരഞ്ഞെടുപ്പ് കഴിഞ്ഞ് പോകും. അപ്പോള്‍ വോട്ടര്‍മാരേക്കാളും വലുത് തുറന്ന വാതില്‍ തന്നെയാണ്. $

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 88 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക