|    Oct 22 Mon, 2018 2:15 pm
FLASH NEWS
Home   >  Todays Paper  >  page 9  >  

‘തുറന്ന ജയിലില്‍ തടവുകാര്‍ ‘ : റോഹിന്‍ഗ്യന്‍ യുവതി ജീവിതം എഴുതുന്നു

Published : 12th September 2017 | Posted By: fsq

മൗങ്ദാവ്: എന്റെ ജീവിതകാലത്തിനിടക്ക്, കഴിഞ്ഞ 24 വര്‍ഷത്തിനിടെ റാഖൈന്‍ സംസ്ഥാനം എന്നറിയപ്പെടുന്ന തുറന്ന ജയിലില്‍ തടവുകാരിയായിരുന്നു. ഞാന്‍ ജനിച്ചത് മ്യാന്‍മറിലാണ്. എന്റെ മാതാപിതാക്കള്‍ അവിടെയായതിനാല്‍, പക്ഷേ ഞാന്‍ ജനിക്കുന്നതിനും എത്രയോ മുമ്പുതന്നെ എന്റെ പൗരത്വം അപഹരിക്കപ്പെട്ടു. റോഹിന്‍ഗ്യന്‍ വംശജയായ 24കാരി തന്റെ തുറന്ന കത്തില്‍ പറഞ്ഞു. വിവേചനത്തിന്റെ ഏറ്റവും മോശമായ രൂപമാണ് അനുഭവിക്കേണ്ടിവന്നത്. അതെല്ലാം താന്‍ റോഹിന്‍ഗ്യയായതിനാല്‍; റോഹിന്‍ഗ്യന്‍ മുസ്‌ലിം ആയതിനാല്‍. തന്റെ ചലനങ്ങള്‍, വിദ്യാഭ്യാസം, തൊഴില്‍, വൈദ്യസഹായം എന്നിവയെല്ലാം വംശീയ വിവേചനത്തിന്റെ ഭാഗമായി നിയന്ത്രിക്കപ്പെടുകയും നിഷേധിക്കപ്പെടുകയും ചെയ്യുന്നു. സര്‍ക്കാര്‍ജോലി ചെയ്യുന്നതില്‍നിന്ന് വിലക്കപ്പെട്ടു. ഉന്നത വിദ്യാഭ്യാസം നേടാനുള്ള അവകാശവും നിഷേധിക്കപ്പെട്ടു. തലസ്ഥാനമായ യംഗൂണ്‍ സന്ദര്‍ശിക്കുന്നതില്‍ നിന്നും തടഞ്ഞു. വടക്കന്‍ റാഖൈനില്‍നിന്നു പുറത്തുകടക്കുന്നതില്‍ നിന്നുപോലും തങ്ങളെ മ്യാന്‍മര്‍ ഭരണകൂടം വിലക്കിയിരുന്നതായി യുവതി അറിയിച്ചു. അടിസ്ഥാന ആവശ്യങ്ങള്‍പോലും നിഷേധിക്കപ്പെട്ട തന്റെ ജനത ദിനംപ്രതിയെന്നോണം കൊല്ലപ്പെടുകയാണ്. പരസ്യമായി വെടിവച്ചുകൊല്ലുന്നു. വ്യവസ്ഥാപിതമായി തങ്ങളെ ഭവനരഹിതരാക്കുന്നു. തങ്ങളുടെ മുന്നില്‍ വച്ചുതന്നെ വീടുകള്‍ അഗ്നിക്കിരയാക്കുന്നു. ഭരണകൂടത്തിന്റെ ഇരകളാണു തങ്ങള്‍. ഓടിരക്ഷപ്പെടുക എന്നതാണ് ഏക രക്ഷാമാര്‍ഗം. അല്ലെങ്കില്‍, തങ്ങളെ പുറത്തെത്തിക്കാന്‍ ആരെങ്കിലും സഹായിക്കണം. റാഖൈനിലെ മറ്റു വിഭാഗക്കാരില്‍നിന്നും തങ്ങളെ ഒറ്റപ്പെടുത്തുകയാണ്. ബുദ്ധമതക്കാര്‍ തങ്ങളുടെ മുഖത്തുനോക്കി അധിക്ഷേപിക്കുന്നു. കുട്ടികളായാലും വൃദ്ധരായാലും അതിക്രമങ്ങള്‍ നേരിടേണ്ടിവരുന്നു. സ്‌കൂളുകളിലും ആശുപത്രികളിലുമെല്ലാം വിവേചനമാണ്. റോഹിന്‍ഗ്യരെ ബഹിഷ്‌കരിക്കുന്നതിനായി ബുദ്ധമതക്കാര്‍ പ്രചാരണം നടത്തിയിരുന്നു. അരനൂറ്റാണ്ട്് നീണ്ട സൈനിക ഭരണം അവസാനിച്ച്് 2015ലെ പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ നൊബേല്‍ ജേതാവ് ആങ് സാന്‍ സുച്ചി വിജയിച്ചപ്പോള്‍ പീഡനങ്ങളും അടിച്ചമര്‍ത്തലും അവസാനിക്കുമെന്നു പ്രതീക്ഷിച്ചു. എന്നാല്‍, സൂച്ചി തങ്ങളുടെ ശബ്ദമായില്ലെന്നു മാത്രമല്ല; റോഹിന്‍ഗ്യര്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ അവര്‍ അവഗണിക്കുകയും ചെയ്തു. റോഹിന്‍ഗ്യര്‍ക്കെതിരായ ആക്രമണങ്ങളില്‍ സൂച്ചിയും പങ്കാളിയാണെന്നാണ് അവരുടെ മൗനം വ്യക്തമാക്കുന്നത്. 2012ലുണ്ടായ സംഘര്‍ഷങ്ങളില്‍ നിരവധി റോഹിന്‍ഗ്യര്‍ കൊല്ലപ്പെട്ടു. 1.4 ലക്ഷത്തോളം പേര്‍ പലായനം ചെയ്തു. അത് വീണ്ടും 2016ല്‍ ആവര്‍ത്തിക്കപ്പെട്ടു. കുടുംബാംഗങ്ങളുടെ മുന്നില്‍വച്ച്്് വെടിവച്ചും വെട്ടിയും റോഹിന്‍ഗ്യരെ കൊലപ്പെടുത്തി. കഴിഞ്ഞ ഒക്ടോബറിലുണ്ടായ സംഘര്‍ഷങ്ങള്‍ അറാകാന്‍ റോഹിന്‍ഗ്യന്‍ സാല്‍വേഷന്‍ ആര്‍മി (എആര്‍എസ്എ)യുടെ പിറവിക്കു കാരണമായി. റോഹിന്‍ഗ്യര്‍ക്കെതിരായ ആക്രമണങ്ങളെ പ്രതിരോധിക്കുന്നതിനുള്ള ഒരു ചെറിയ സംഘമാണത്. സായുധരായ മ്യാന്‍മര്‍ സൈന്യത്തിനെതിരേ കല്ലുകളും വടികളുമായാണ് അവര്‍ ഇറങ്ങിയത്. രണ്ടു തുല്യ ശക്തികള്‍ തമ്മിലുള്ള ഏറ്റുമുട്ടലല്ല റാഖൈനിലേത്. കുട്ടികളെ വരെ സൈന്യം വെടിവച്ചുകൊല്ലുന്നു. സത്രീകളുടെ മൃതദേഹങ്ങള്‍ നദിയില്‍ ഒഴുകി നടക്കുന്നു. തങ്ങള്‍ വംശനാശത്തിലേക്കാണ്് പോവുന്നത്. അന്താരാഷ്്ട്ര സമൂഹം ഒപ്പം നിന്നില്ലെങ്കില്‍ ലോകത്തിലെ ഏറ്റവും പീഡിപ്പിക്കപ്പെടുന്ന സമുദായമായ റോഹിന്‍ഗ്യര്‍ വംശഹത്യയിലൂടെ ഇല്ലാതാവും. അതിനു നിങ്ങള്‍ സാക്ഷിയാവേണ്ടിവരും- കത്ത് അവസാനിപ്പിക്കുന്നു. അല്‍ജസീറയാണ് കത്ത്്് പ്രസിദ്ധീകരിച്ചത്. സര്‍ക്കാരില്‍ നിന്നുള്ള ആക്രമണങ്ങള്‍ക്ക് സാധ്യതയുള്ളതിനാല്‍ തന്റെ പേര് പറയരുതെന്ന് യുവതി ആവശ്യപ്പെട്ടതായി അല്‍ ജസീറ വെബ്‌സൈറ്റില്‍ പറയുന്നു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss