|    Apr 20 Fri, 2018 1:13 am
FLASH NEWS
Home   >  Editpage  >  Middlepiece  >  

തുറന്ന അക്കൗണ്ട് റദ്ദാക്കാന്‍ കാത്തിരിക്കുന്നു

Published : 19th November 2016 | Posted By: SMR

slug-madhyamargamനോട്ട് പരിഷ്‌കാരം ജനകോടികളെ നട്ടംതിരിപ്പിക്കുമ്പോള്‍ രസിച്ചു കഴിയുകയാണ് കേന്ദ്രസര്‍ക്കാരും ബിജെപി നേതാക്കളും. സാധാരണ മനുഷ്യന്റെ നിത്യജീവിതാവശ്യങ്ങളെപ്പറ്റി ലവലേശം ചിന്തയില്ലാത്ത ഇങ്ങനെയൊരു സര്‍ക്കാരും ഉദ്യോഗസ്ഥരും ഇന്ത്യയുടെ ചരിത്രത്തില്‍ ഇദംപ്രഥമമാണ്. സ്വന്തം പ്രതിച്ഛായ മിന്നിത്തിളക്കാന്‍ പരിശ്രമിച്ച പ്രധാനമന്ത്രിയാവട്ടെ പാര്‍ലമെന്റില്‍നിന്നുപോലും ഒളിച്ചോടുന്നു.
നോട്ടുകള്‍ റദ്ദാക്കിയത് കള്ളപ്പണം തടയാനാണെന്ന വീരവാദം ആദ്യദിവസങ്ങളില്‍ ജനങ്ങള്‍ ചെവിക്കൊണ്ടിരുന്നത് യാഥാര്‍ഥ്യം. തുടര്‍ന്ന് ഭീകരവാദം, തീവ്രവാദം, വിഘടനവാദം എന്നൊക്കെ പറഞ്ഞ് ജനമനസ്സില്‍ പാഞ്ഞുകയറാനുള്ള നീക്കങ്ങളാവട്ടെ എട്ടുനിലയില്‍ പാളിപ്പോയി. പാകിസ്താന്റെ പേരുപറഞ്ഞ് വര്‍ഗീയത ആളിക്കത്തിച്ച് തടിരക്ഷിക്കാനുള്ള ശ്രമങ്ങളും ജനങ്ങള്‍ പുച്ഛിച്ചു തള്ളി. ഓര്‍ക്കാപ്പുറത്ത് പ്രധാനമന്ത്രിയുടെ പ്രഖ്യാപനത്തിലൂടെ നോട്ടുകള്‍ അസാധുവാക്കിയതിനെ തുടര്‍ന്നുള്ള മൂന്നുനാലു ദിവസം ജനങ്ങള്‍ സഹിച്ചു, പൊറുത്തു, വിശ്വസിച്ചു. രാജ്യത്തിനുവേണ്ടി വെയിലും മഴയും കൊണ്ട് വരിനിന്നു. ദിവസങ്ങള്‍ കഴിയുന്തോറും വിഷമങ്ങള്‍ വര്‍ധിക്കാന്‍ തുടങ്ങി. കള്ളപ്പണക്കാരെ തിരിയിട്ടു നോക്കിയിട്ട് കാണാനില്ല. ജനങ്ങള്‍ അന്നം കിട്ടാതെ നെട്ടോട്ടമോടുമ്പോള്‍ കേന്ദ്രസര്‍ക്കാര്‍ നിരന്തരം പ്രസ്താവനകള്‍ ഇറക്കി. കള്ളപ്പണക്കാരുടെ കോടിക്കണക്കിനു രൂപയുടെ കടം എഴുതിത്തള്ളിയതിലൂടെ  സര്‍ക്കാരിന്റെ യഥാര്‍ഥ ലക്ഷ്യം ജനങ്ങള്‍ക്കു ബോധ്യപ്പെടുകയും ചെയ്തു.
കര്‍ണാടകയിലെ ബിജെപി നേതാവ് ജനാര്‍ദ്ദന്‍ റെഡ്ഡി 500 കോടി രൂപ ചെലവഴിച്ച് മകളുടെ ആര്‍ഭാടകല്യാണം നടത്തിയത് ഇത്തരുണത്തിലാണ്. സ്വര്‍ണാഭരണവിഭൂഷിതരായ വധൂവരന്മാരെ അനുഗ്രഹിക്കാനും ആശിര്‍വദിക്കാനും ബിജെപി നേതാക്കളുടെ പട അണിനിരന്നപ്പോള്‍ പാര്‍ട്ടിയുടെ തനിനിറം ജനങ്ങള്‍ക്ക് വ്യക്തമാവുകയും ചെയ്തു. നോട്ടുകള്‍ പിന്‍വലിക്കുമ്പോള്‍ അതിനനുസൃതമായി പുതിയ നോട്ടുകള്‍ ബാങ്കുകളിലും ട്രഷറികളിലും കൊണ്ടുവയ്ക്കണമെന്നുള്ളത് മനസ്സിലാക്കാന്‍ ധനശാസ്ത്ര പാണ്ഡിത്യം ആവശ്യമില്ല. തന്റെ സ്ഥാപിത താല്‍പര്യങ്ങള്‍ സംരക്ഷിക്കാനും തനിക്ക് ഇമേജ് ഉണ്ടാക്കാനും വേണ്ടിയുള്ള നീക്കങ്ങളില്‍ ഒക്കെ ശരിയാക്കാമെന്ന ഉദ്യോഗസ്ഥരുടെ ഉറപ്പുകളാണ് പ്രധാനമന്ത്രിയെ വെട്ടിലാക്കിയത്. നോട്ടുകളുടെ പേരില്‍ ദേശവ്യാപകമായി പ്രതിഷേധം കത്തിപ്പടരുകയാണ്. വരാനിരിക്കുന്ന ദിവസങ്ങളില്‍ എന്തൊക്കെ സംഭവിക്കുമെന്നു പ്രവചിക്കാനുമാവില്ല. നോട്ടിന്റെ പേരില്‍ രാജ്യവ്യാപകമായ രാഷ്ട്രീയ കച്ചവടം നടത്താനായിരുന്നു ബിജെപിയുടെ ലക്ഷ്യം. ആസന്നമായ നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ അനായാസേന ജയിച്ചുകയറുക, ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മൃഗീയ ഭൂരിപക്ഷത്തില്‍ ഭരണം വീണ്ടും പിടിക്കുക എന്നതായിരുന്നു ലക്ഷ്യം. കണക്കുകൂട്ടലുകളൊക്കെ തെറ്റി.  ജനങ്ങള്‍ ഒന്നായി ബിജെപി സര്‍ക്കാരിന് എതിരായി. ഭരണത്തിനും പാര്‍ട്ടിക്കും ഇങ്ങനെയൊരു അവസ്ഥ വന്നുചേരുമെന്ന് ആരും പ്രതീക്ഷിച്ചതല്ല.
കേരളത്തിലെ ബിജെപി നേതാക്കള്‍ നോട്ട് പിന്‍വലിച്ച ശേഷമാണ് വിവരം തന്നെ അറിഞ്ഞിട്ടുണ്ടാവുക. കേന്ദ്രഭരണത്തിലെ തീരുമാനങ്ങള്‍ എടുക്കുന്ന നേതാക്കളുടെ നിഴലാവാന്‍പോലും കേരളത്തിലെ നേതാക്കള്‍ വളര്‍ന്നിട്ടില്ല. പക്ഷേ, കിട്ടിയ സന്ദര്‍ഭം തങ്ങള്‍ക്ക് അനുകൂലമായി മുതലാക്കാന്‍ ബിജെപി കേരളനേതൃത്വം പതിനെട്ടടവും പയറ്റുന്നു. നോട്ടിന്റെയും ബാങ്കിന്റെയും എടിഎമ്മിന്റെയും  മറവില്‍  തിണ്ണബലം ഉണ്ടാക്കാനാണ് പാര്‍ട്ടി ശ്രമിക്കുന്നത്.  സഹകരണപ്രസ്ഥാനത്തെ തകര്‍ക്കുക എന്നതാണത്. ഇക്കാര്യത്തില്‍ ബിജെപിക്ക് നഷ്ടപ്പെടാന്‍ ഒന്നുമില്ല. കേരളത്തില്‍ ഒരു സഹകരണ ബാങ്കും അവരുടെ നേതൃത്വത്തില്‍ ഉണ്ടാക്കിയിട്ടില്ല.
ഒരു ലൈബ്രറിപോലും അവരുടെ വകയായി ഇല്ല. കോരിച്ചൊരിയുന്ന മഴയത്തുപോലും ഒരു ലൈബ്രറിയുടെ അകത്ത് കയറിനിന്ന പാരമ്പര്യവും ഇവര്‍ക്കാര്‍ക്കുമില്ല. ആയിരക്കണക്കിന് മനുഷ്യസ്‌നേഹികള്‍ ത്യാഗപൂര്‍വം പരിശ്രമിച്ച് കെട്ടിപ്പടുത്തതാണ് സംസ്ഥാനത്തെ സഹകരണപ്രസ്ഥാനം. ഇവിടത്തെ സമ്പദ്ഘടനയില്‍ നിര്‍ണായകമായ പങ്കാണ് സഹകരണ ബാങ്കുകള്‍ക്കുള്ളത്.
90,000 കോടി രൂപയാണ് സഹകരണ ബാങ്കുകളിലെ നിക്ഷേപം. ബിജെപിക്കാരുടെ ഉറക്കം കെടുത്താന്‍ ഇതുപോരെ? ഏതുവിധേനയും സഹകരണ ബാങ്കുകള്‍ തകര്‍ത്ത് കമേഴ്‌സ്യല്‍ ബാങ്കുകളെയും ന്യൂ ജനറേഷന്‍ ബാങ്കുകളെയും ആ സ്ഥാനത്ത് കൊണ്ടുവരണം. ഈ ലക്ഷ്യം മുന്‍നിര്‍ത്തി മാത്രമാണ് നോട്ടുകള്‍ മാറിക്കൊടുക്കാനുള്ള അവകാശം സഹകരണ ബാങ്കുകള്‍ക്ക് നല്‍കാത്തത്. കേരളത്തിലെ ബിജെപിക്ക് ലോക്‌സഭയില്‍ അക്കൗണ്ട് തുടങ്ങാന്‍ കേന്ദ്രാധികാരം ദുരുപയോഗപ്പെടുത്തുന്നു. രാജ്യതാല്‍പര്യം അവഗണിച്ച് പാര്‍ട്ടി താല്‍പര്യം നടത്തുന്നു. ആദ്യം മുതലേ കേരളജനതയ്ക്ക് അതു മനസ്സിലായതാണ് മഹാഭാഗ്യം. നോട്ടിന്റെ മറവില്‍ ബിജെപിയുടെ രാഷ്ട്രീയ കച്ചവടം ഫലവത്തായില്ല. കക്ഷിരാഷ്ട്രീയ ഭേദമെന്യേ ജനങ്ങള്‍ ഒറ്റക്കെട്ടായി ഇക്കാര്യത്തില്‍ ബിജെപിയെ ഒറ്റപ്പെടുത്തുന്നു. നിയമസഭാ തിരഞ്ഞെടുപ്പില്‍ തുറന്ന അക്കൗണ്ട് റദ്ദാക്കാന്‍ സമയം കാത്തിരിക്കുകയാണ് വോട്ടര്‍മാര്‍.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss