|    May 21 Mon, 2018 12:55 pm
FLASH NEWS

തുറക്കുളം മാര്‍ക്കറ്റ് നിര്‍മാണം : ബിഒടി കമ്പനിക്ക് കരാര്‍ പുതുക്കിനല്‍കാമെന്ന് നിയമോപദേശം

Published : 21st April 2017 | Posted By: fsq

 

കുന്നംകുളം: തുറക്കുളം മാര്‍ക്കറ്റ് നിര്‍മാണം തടസ്സങ്ങള്‍ അഴിയുന്നു. ബിഒടി കമ്പനിക്ക് കാരാര്‍ പുതുക്കി നല്‍കാമെന്ന് നിയമ ഉപദേശം ലഭിച്ചു. ഇനി കിന്‍ഫ്രയുടെ പരിശോധന കൂടി കഴിഞ്ഞാല്‍ മാര്‍ക്കറ്റ് നിര്‍മാണം പുനരാരംഭിക്കാനാകും.തുറക്കുളം മാര്‍ക്കറ്റ് നിര്‍മാണം എന്നത് നഗരത്തെ സംമ്പന്ധിച്ചിപ്പോള്‍ നഗരത്തിന്റെ മുഖഛായ തന്നെ മാറ്റി മറിക്കാനുതകുന്ന നൂതന പദ്ധതികളുടെ കാല്‍വെയ്പ്പു കൂടിയാണ്. കാസര്‍കോഡ് മുതല്‍ തിരുവന്തപുരം വരേയുള്ള വാഹന യാത്രക്കാര്‍ക്ക് ഒരു തീരാ ദുരന്തമായ കുന്നംകുളം പട്ടണത്തിന്റെ മുഴുവന്‍ കാലക്കേടും മാറ്റിയെടുക്കാന്‍ പ്രാപ്തമായ ചുവടുവെപ്പ്.നഗരത്തില്‍ സ്ഥിതി ചെയ്യുന്ന ബസ് സ്റ്റാന്റിന്റെ മാറ്റവും റോഡിന്റെ വീതി കൂട്ടുന്നതും പുതിയ ബസ്റ്റാന്റ് നിര്‍മാണവും എല്ലാം തുറക്കുളത്തിന്റെ തര്‍ക്കത്തില്‍ അന്ത്യ ശ്വാസം വലിക്കുകയായിരുന്നു. നിലവില്‍ പട്ടാമ്പി റോഡിലുള്ള മല്‍സ്യ മാംസ മാര്‍ക്കറ്റ് പൂര്‍ണ്ണമായും തുറക്കുളത്തിലേക്ക് പറിച്ച് നട്ട് ഈ സ്ഥലത്ത് പുതിയകെട്ടിടം നിര്‍മിക്കുക, നഗരത്തില്‍ നിന്ന് കുടി ഒഴിപ്പിക്കുന്ന കച്ചവടക്കാരെ ഇവിടെ പുനരധിവസിപ്പിക്കുക. ശേഷം നിലവിലുള്ള ബസ്റ്റാന്റ് കെട്ടിടം പൊളിച്ച് റോഡ് വീതി കൂട്ടുകയും, പുതിയ ബസ്റ്റാന്റ് പ്രാവര്‍ത്തികമാക്കുകയും വേണം. റോഡിലെ തിരക്കൊഴിഞ്ഞ് വാഹന ഗതാഗതം സുഖമമായാല്‍ ഇപ്പോള്‍ ചാവക്കാട്, കേച്ചേരി ബൈപാസ് വഴി പോകുന്ന വാഹനങ്ങള്‍ നഗരത്തിലൂടെ യാത്ര തുടങ്ങും. അതോടെ നഗരത്തിലെ കച്ചവട, ടൂറിസം, സാധ്യതകള്‍ വര്‍ധിക്കും. ഇതാണ് പദ്ധതി വിപാവനം ചെയ്യുന്ന കാഴ്ചപാടില്‍ ഒന്ന്.നിര്‍ദ്ദേശം കച്ചവടക്കാര്‍ക്കും പൊതു ജനങ്ങള്‍ക്കും ഒരു പോലെ ഗുണകരമാകുമെങ്കിലും നിലവില്‍ റോഡ് വീതി കൂട്ടുന്നതോടെ ഒഴിഞ്ഞ് കൊടുക്കേണ്ട സ്ഥലത്തെ ചൊല്ലിയാണ് ഇപ്പോള്‍ കച്ചവടക്കാര്‍ക്കിടയില്‍ ആശങ്ക. എന്നാല്‍ നഗര വികസനത്തിന് കൃത്യമായി ഗണിച്ചുണ്ടാക്കിയ മാസ്റ്റര്‍ പ്ലാന്‍ തിരഞ്ഞെടുപ്പിന് മുമ്പേ കച്ചവടക്കാരും പൊതു ജനങ്ങളും മുന്നോട്ട് ഉന്നയിച്ച നിര്‍ദ്ദേശം കൂടിയാണ്. തുറക്കുളം മാര്‍ക്കറ്റ്, ബസ്റ്റാന്റ്, റിംഗ് റോഡ്, ഗതാഗത കുരുക്ക് തുടങ്ങിയ അടിസ്ഥാന ആവശ്യങ്ങളുടെ നീണ്ട പട്ടിക തിരഞ്ഞെടുപ്പില്‍ മത്സര രംഗത്തെത്തിയ പ്രധാന സ്ഥാനാര്‍ത്ഥികള്‍ക്കെല്ലാം പല സംഘടനകളും നേരിട്ട് നല്‍കുകയും സംവാദങ്ങള്‍ സംഘടിപ്പിക്കുകയും ചെയ്തു. പക്ഷെ പ്രവര്‍ത്തനത്തിനായുള്ള ഫയലുകള്‍ നീങ്ങി തുടങ്ങിയതോടെയാണ് പല മേഖലകളില്‍ നിന്നും അസ്വാരസ്യങ്ങള്‍ തലപൊക്കി തുടങ്ങുന്നത്.പട്ടാമ്പി റോഡിന്റെ വീതി കൂടുമ്പോള്‍ സ്ഥലം നഷ്ടപെടുന്നവര്‍ക്ക് പൊന്നുവിലയാണ് പദ്ധതി വിഭാവനം ചെയ്യുന്നത്. അതിനായി തുക വകയിരുത്തുകയും ചെയ്തിട്ടുണ്ട്. അതിനിടിയിലാണ് തുറക്കുളം മാര്‍ക്കറ്റ് പുതിയ വിവാദങ്ങളുമായി തലപൊക്കിയത്. ഏഴു വര്‍ഷം മുന്‍പാണ് തുറക്കുളം മാര്‍ക്കറ്റ് നിര്‍മാണം ബിഒടി വ്യവസ്ഥയില്‍ ആല്‍ക്കോം എന്ന സ്വകാര്യ കമ്പനിക്ക് നല്‍കിയത്. 36 മാസം കൊണ്ട് നിര്‍മ്മാണം പൂര്‍ത്തിയാക്കുമെന്നായിരുന്നു ധാരം, എന്നാല്‍ നിര്‍ദ്ദിഷ്ട സ്ഥലത്തേക്കുള്ള വഴിയെ ചൊല്ലിയുള്ള കോടതി വ്യവഹാരം മൂലം പ്രവര്‍ത്തി നീണ്ടു. കേസവസാനിച്ചതോടെ പദ്ധതി പ്രവര്‍ത്തനം തുടരാനുള്ള നീക്കത്തിനിടെയാണ് വിഷയത്തില്‍ പ്രതിപക്ഷ കക്ഷികള്‍ അഴിമതി ആരോപണവുമായി രംഗത്തിറങ്ങിയത്.പ്രവര്‍ത്തിയുടെ 70 ശതമാനം പിന്നിട്ടതായും അടുത്ത പ്രവര്‍ത്തി അടിയന്തിരമായി പൂര്‍ത്തിയാക്കുമെന്നുമാണ് കമ്പനി നഗരസഭയെ അറിയിച്ചത്.അടുത്ത 12 മാസത്തിനകം നിര്‍മാണം പൂര്‍ത്തീകരിച്ച് പ്രവര്‍ത്തിപ്പിക്കുന്നതിനായി കരാര്‍ പുതുക്കി നല്‍കാനാണ് ഇപ്പോള്‍ നഗരസഭ ആലോചിക്കുന്നത്. കൗണ്‍സിലില്‍ ആവശ്യത്തിന് ഭൂരിപക്ഷം ഇല്ലെന്നതിനാല്‍ ഇതിനായി പ്രതിപക്ഷത്തെ കൂടി കാര്യങ്ങള്‍ ബോധ്യപെടുത്തി കൂടെ നിര്‍ത്താനുള്ള പരിശ്രമത്തിലാണ്. ബിഒടി റദ്ദ് ചെയ്ത് മാര്‍ക്കറ്റ് നിര്‍മാണം സ്വയം നഗരസഭ തന്നെ എറ്റെടുക്കണമെന്നാണ് ആര്‍എംപി നിലപാട്. പ്രധാന പ്രതിപക്ഷമായ കോണ്‍ഗ്രസ്സ് വിഷയത്തില്‍ കൃത്യമയ നിലപാട് ഇനിയും വെളിപ്പെടുത്തിയിട്ടില്ല. എങ്കിലും കിന്‍ഫ്രയുടെ പരിശോധനക്ക് ശേഷം ബിഒടി പുനസ്ഥാപിക്കുമ്പോള്‍ മൂന്ന് പ്രതിപക്ഷ കക്ഷികളും എന്തു നിലപാട് സ്വീകരിക്കുമെന്നതനുസരിച്ചിരിക്കും ഇനി ഈ നഗരത്തിന്റെ ഭാവി.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss