|    Mar 24 Fri, 2017 11:24 pm
FLASH NEWS

തുര്‍ക്കി സുസ്ഥിര പാതയിലേക്ക്

Published : 6th November 2015 | Posted By: SMR

ഡോ. സി കെ അബ്ദുല്ല

”ജനാധിപത്യ തുര്‍ക്കിയുടെ വിജയം സല്‍ജൂക് തുര്‍ക്കിയുടെ തലസ്ഥാനമായിരുന്ന കോനിയയില്‍ നിന്നു ഞങ്ങള്‍ ലോകത്തെ മുഴുവന്‍ ജനാധിപത്യ വിശ്വാസികള്‍ക്കും സമര്‍പ്പിക്കുന്നു”- നവംബര്‍ ഒന്നിനു നടന്ന തുര്‍ക്കി പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ ഉജ്വല വിജയം നേടിയ എകെ പാര്‍ട്ടി (ജസ്റ്റിസ് ആന്റ് ഡെവലപ്‌മെന്റ് പാര്‍ട്ടി) നേതാവ് അഹ്മദ് ദാവൂദോഗ്‌ലു തന്റെ ജന്മദേശത്തുനിന്നു പാര്‍ട്ടി പ്രവര്‍ത്തകരെ അഭിസംബോധന ചെയ്തുകൊണ്ട് പറഞ്ഞു. എകെ പാര്‍ട്ടി പ്രവര്‍ത്തകര്‍ തുര്‍ക്കി നഗരങ്ങളില്‍ വിജയാഹ്ലാദപ്രകടനം നടത്തിയപ്പോള്‍ ‘ഹയ്യാ ബിസ്മില്ലാ’ എന്ന മുദ്രാവാക്യം വാശിയോടെ ഉയര്‍ത്തുന്നത് കേട്ടു. തിരഞ്ഞെടുപ്പ് കാംപയിനു പാര്‍ട്ടി രൂപം കൊടുത്ത ഈ മുദ്രാവാക്യം പ്രതിപക്ഷ കക്ഷികള്‍ മതകീയത ആരോപിച്ചതിനാല്‍ പിന്‍വലിച്ചിരുന്നു.
എല്ലാ പ്രവചനങ്ങളെയും തള്ളിക്കളഞ്ഞാണ് പൂര്‍വാധികം ശക്തിയോടെ എകെ പാര്‍ട്ടി തിരിച്ചുവന്നിരിക്കുന്നത്. അഞ്ചര കോടിയോളം വോട്ടര്‍മാരില്‍ 87 ശതമാനത്തിലധികം സമ്മതിദാനാവകാശം വിനിയോഗിച്ചപ്പോള്‍ എകെ പാര്‍ട്ടി 50 ശതമാനത്തോളം വോട്ട് നേടി 550 അംഗ പാര്‍ലമെന്റില്‍ 317 സീറ്റുകളോടെ തനിച്ചു സര്‍ക്കാര്‍ രൂപീകരിക്കാന്‍ ശക്തി കൈവരിച്ചു. ജൂണിലെ തിരഞ്ഞെടുപ്പിനെത്തുടര്‍ന്ന് കൂട്ടുകക്ഷി സര്‍ക്കാര്‍ രൂപീകരിക്കാനുള്ള ശ്രമം മറ്റു മൂന്നു കക്ഷികളുടെയും നിസ്സഹകരണം നിമിത്തം വിജയിച്ചിരുന്നില്ല. ഇടക്കാല തിരഞ്ഞെടുപ്പ് വരെയുള്ള താല്‍ക്കാലിക സര്‍ക്കാരില്‍ ചേരാനും അവര്‍ തയ്യാറായില്ല.
പടിഞ്ഞാറന്‍ പിന്തുണയോടെ ദേശീയ-അന്തര്‍ദേശീയ മാധ്യമങ്ങള്‍ നിരന്തരം അഴിച്ചുവിട്ട കുപ്രചാരണങ്ങള്‍, കുര്‍ദിസ്താന്‍വാദികളുടെയും സായുധസംഘങ്ങളുടെയും പേരില്‍ രാജ്യത്തുണ്ടായ സുരക്ഷാഭീഷണികള്‍, രാഷ്ട്രീയ അനിശ്ചിതാവസ്ഥ നിമിത്തം കറന്‍സിയുടെ വിലയിടിഞ്ഞത്, മേഖലയിലെ രാഷ്ട്രീയപ്രശ്‌നങ്ങളുടെ സമ്മര്‍ദ്ദങ്ങള്‍ തുടങ്ങിയ വെല്ലുവിളികള്‍ മറികടന്നാണ് തുര്‍ക്കി ജനതയുടെ പകുതിയും തങ്ങളുടെ കൂടെയാണെന്ന് എകെ പാര്‍ട്ടി തെളിയിച്ചിരിക്കുന്നത്.
ഇടക്കാല തിരഞ്ഞെടുപ്പിനു വീണുകിട്ടിയ സമയം എകെ പാര്‍ട്ടി നന്നായി ഉപയോഗപ്പെടുത്തിയിരുന്നുവെന്നു പറയാം. തിരഞ്ഞെടുപ്പിനു രണ്ടു ദിവസം മുമ്പാണ് റിപബ്ലിക് ആയതിന്റെ 92ാം വാര്‍ഷികം രാജ്യം ആഘോഷിച്ചത്. കേവലം സൈനിക ചടങ്ങ് മാത്രമായിരുന്ന ഈ പരിപാടി ഇനി മുതല്‍ ജനകീയമായിരിക്കുമെന്നു പ്രഖ്യാപിച്ച് ജനങ്ങളോട് മുഴുവന്‍ ആഘോഷത്തില്‍ പങ്കുചേരാന്‍ പ്രസിഡന്റ് ആഹ്വാനം ചെയ്തത് എകെ പാര്‍ട്ടി മുതലെടുത്തു.
രാഷ്ട്രപിതാവ് മുസ്തഫ കമാല്‍ ആത്തതുര്‍ക്കിന്റെ ഖബറിടത്തില്‍ നിന്നാണ് പ്രസിഡന്റ് ഉര്‍ദുഗാന്‍ ആഘോഷത്തിനു തുടക്കം കുറിച്ചത്. എന്നാല്‍, ആത്തതുര്‍ക്ക് രൂപീകരിച്ച സിഎച്ച്പി പാര്‍ട്ടി അടക്കമുള്ളവര്‍ ചടങ്ങ് ബഹിഷ്‌കരിക്കുകയായിരുന്നു. സിഎച്ച്പിയും വലതുപക്ഷ ദേശീയവാദികളായ എംഎച്ച്പിയും കുര്‍ദുകളുടെ എച്ച്ഡിപിയും തിരഞ്ഞെടുപ്പിനെ നേരിടുമ്പോള്‍ പ്രായോഗികമായ വികസന പരിപാടികളോ പ്രശ്‌നപരിഹാരങ്ങളോ ജനങ്ങള്‍ക്കു മുമ്പില്‍ അവതരിപ്പിച്ചിരുന്നില്ല. അതേസമയം, തുര്‍ക്കിയുടെ പുരോഗതി തുടരാനും സുരക്ഷ ഉറപ്പുനല്‍കാനും തങ്ങള്‍ക്കു മാത്രമേ കഴിയൂ എന്ന പ്രചാരണത്തിന് എകെ പാര്‍ട്ടി ഊന്നല്‍ കൊടുത്തു.
എകെ പാര്‍ട്ടി ഇത്രയും ശക്തമായി തിരിച്ചുവരുമെന്ന് എതിരാളികള്‍ കണക്കുകൂട്ടിയിരുന്നില്ല. തിരഞ്ഞെടുപ്പിനു ശേഷം ശക്തമായ ആഭ്യന്തരകലഹത്തിനു പദ്ധതിയിട്ടതിന്റെ സൂചനകളും വെളിവായി. അസഹിഷ്ണുക്കള്‍ അടങ്ങിയിരിക്കില്ലെന്ന് എകെ പാര്‍ട്ടി നേതൃത്വം കണ്ടറിഞ്ഞതിന്റെ സൂചനയാണ് അമേരിക്കന്‍ പിന്തുണയോടെ അട്ടിമറിക്കു ശ്രമിച്ച ഫത്ഹുല്ല ഗുലന്‍ അനുയായികളായ ബ്യൂറോക്രാറ്റുകള്‍ക്കും മാധ്യമപ്രവര്‍ത്തകര്‍ക്കും നേരെ കൈക്കൊള്ളുന്ന നടപടികളെന്നു തോന്നുന്നു.
‘ഇസ്‌ലാമിക രാഷ്ട്രീയം’ എന്നത് ജനാധിപത്യത്തിലെ അപരവല്‍ക്കരണത്തിനു പാശ്ചാത്യര്‍ ഉണ്ടാക്കിയ അപ്രിയ പ്രയോഗമാണെങ്കിലും ജനകീയ വിധിയെഴുത്തില്‍ അതു വിജയിക്കുക തന്നെയാണ്. അറബ് ലോകത്ത് ചിലയിടങ്ങളില്‍ നടന്ന പ്രക്ഷോഭങ്ങള്‍ക്കു ശേഷം ഇസ്‌ലാമിക മുന്നേറ്റങ്ങള്‍ നടത്തിയ ജനാധിപത്യ പരീക്ഷണങ്ങള്‍ തകര്‍ക്കപ്പെടുകയോ (ഈജിപ്ത് ഉദാഹരണം) നിലവിലെ വ്യവസ്ഥിതിയോട് അവര്‍ രാജിയാവുകയോ (തുണീസ്യ) ചെയ്തതും ഇറാഖ്, യമന്‍ ലിബിയ തുടങ്ങിയ രാജ്യങ്ങളില്‍ ഭരണകൂടങ്ങളും സായുധസംഘങ്ങളും വിദേശ സേനകളും ഉള്‍പ്പെട്ട യുദ്ധങ്ങള്‍ തുടരുന്നതും നിമിത്തം ജനാധിപത്യ പരീക്ഷണങ്ങള്‍ പശ്ചിമേഷ്യയില്‍ വിജയിക്കില്ലെന്ന നിരാശ പടര്‍ന്ന പശ്ചാത്തലത്തിലാണ് ഇസ്‌ലാമിസ്റ്റ് മുദ്രയുള്ള എകെ പാര്‍ട്ടി മതേതര തുര്‍ക്കിയില്‍ ശക്തമായി തിരിച്ചുവന്നിരിക്കുന്നത്.
അനുകൂലമായ അന്തരീക്ഷം ഉണ്ടെങ്കില്‍ ഇസ്‌ലാമിക ജനകീയ മുന്നേറ്റങ്ങളെ ജനങ്ങള്‍ ഭരണമേല്‍പിക്കുമെന്ന് തുര്‍ക്കി തിരഞ്ഞെടുപ്പ് വീണ്ടും തെളിയിച്ചു. വിജയാഘോഷ സമ്മേളനത്തെ അഭിസംബോധന ചെയ്യവെ മേഖലയില്‍ കെടുതികള്‍ അനുഭവിക്കുന്ന മുഴുവന്‍ ജനവിഭാഗങ്ങളുടെയും പേരെടുത്തു പറഞ്ഞ് എകെ പാര്‍ട്ടി പ്രസിഡന്റ് അഭിവാദ്യം അര്‍പ്പിച്ചിരുന്നു. മറുവശത്ത്, അധിനിവേശവുമായി തെരുവുയുദ്ധം നടക്കുന്ന ഫലസ്തീനിലെ ഇസ്‌ലാമിക കക്ഷികള്‍ തുര്‍ക്കിയുടെ വിജയത്തില്‍ ആഹ്ലാദം പ്രകടിപ്പിക്കുന്നതും കണ്ടു.
മുസ്‌ലിം ലോകത്ത് രണ്ടു പ്രധാന ശക്തികളായ തുര്‍ക്കിയിലും ഈജിപ്തിലും അടുത്തടുത്തു നടന്ന തിരഞ്ഞെടുപ്പുകള്‍ തമ്മിലുള്ള താരതമ്യം സജീവമാണ്. ഈജിപ്തില്‍ അട്ടിമറിയിലൂടെ അധികാരമേറിയ പട്ടാള മേധാവി രാജ്യപരിഷ്‌കരണത്തിനു മുന്നോട്ടുവച്ച റോഡ്മാപ്പിന്റെ മൂന്നാമത്തെയും അവസാനത്തെയും ഘട്ടമായിരുന്നു പുതിയ പാര്‍ലമെന്റ്. പല തവണ മാറ്റിവച്ച തിരഞ്ഞെടുപ്പ് അവസാനം ഓരോ മാസത്തെ ഇടവേളയോടെ രണ്ടു ഘട്ടങ്ങളിലായി നടത്താന്‍ തീരുമാനിച്ചു. ഒക്ടോബര്‍ 17നും 27നുമായി നടന്ന ഒന്നാം ഘട്ടം പൂര്‍ത്തിയായപ്പോള്‍ ആക്ടിവിസ്റ്റുകളുടെ കണക്കു പ്രകാരം 10 ശതമാനത്തില്‍ താഴെ വോട്ടര്‍മാര്‍ മാത്രമാണ് പങ്കെടുത്തത്.
ഇസ്‌ലാമിക കക്ഷികളെ ഭയപ്പെടുന്നവരുടെ അസഹിഷ്ണുതയും എകെ പാര്‍ട്ടി വിജയത്തില്‍ പ്രകടമായി. ‘തുര്‍ക്കിയുടെ വിജയം അറബ് ലോകത്തിനു നാശം വരുത്തും, ഉര്‍ദുഗാന്‍ ഈജിപ്തിനു മേല്‍ ആക്രമണം തുടരും’ എന്നായിരുന്നു ഈജിപ്തിലെ അട്ടിമറിയെ പിന്തുണച്ച അറബ് ലോകത്തെ ഒരു മുന്‍ പോലിസ് മേധാവി ട്വീറ്റ് ചെയ്തത്. ‘തുര്‍ക്കിയിലെ ജനാധിപത്യ പങ്കാളിത്തം യുഎസ് അഭിനന്ദിക്കുന്നു. എന്നാല്‍, തിരഞ്ഞെടുപ്പുകാലത്ത് പ്രതിപക്ഷ മാധ്യമങ്ങള്‍ നേരിട്ട സമ്മര്‍ദ്ദങ്ങളെയും ഭീഷണികളെയും ഞങ്ങള്‍ അപലപിക്കുന്നു’ എന്നു പ്രതികരിച്ചു വൈറ്റ്ഹൗസ് .
ജനസംഖ്യയില്‍ 95 ശതമാനത്തോളം മുസ്‌ലിംകളായ തുര്‍ക്കിയില്‍ ഭരണത്തിലേറിയ എകെ പാര്‍ട്ടിയുടെ ഇസ്‌ലാമിക സ്വഭാവം പകല്‍ പോലെ വ്യക്തമാണ്. എന്നാല്‍ അത് കര്‍ക്കശ സിദ്ധാന്തങ്ങളുടെ അടിസ്ഥാനത്തില്‍ മറ്റുള്ളവരില്‍ അടിച്ചേല്‍പിക്കുന്നതോ ഇടിച്ചുനിരത്തുന്നതോ ആയിരുന്നുവെങ്കില്‍ ആത്തതുര്‍ക്കിന്റെ തീവ്രമതേതര തുര്‍ക്കിയില്‍ ഒരു വ്യാഴവട്ടം അവര്‍ പൂര്‍ത്തിയാക്കില്ലായിരുന്നു.
എകെ പാര്‍ട്ടി തുര്‍ക്കിയില്‍ അധികാരത്തില്‍ തിരിച്ചുവന്നതോടെ മുസ്‌ലിം ലോകം ഉടനെ അടിമുടി മാറുകയാണെന്നു കണക്കു കൂട്ടേണ്ടതില്ല. തുര്‍ക്കിക്ക് അവരുടേതായ താല്‍പര്യങ്ങളുണ്ട്. അവ നേടുന്നതിനു തടസ്സം സൃഷ്ടിക്കുന്ന ആന്തരികവും ബാഹ്യവുമായ വെല്ലുവിളികളെ മറികടക്കുന്നതിന് അവര്‍ സ്വീകരിക്കുന്ന നയങ്ങളും രീതികളും മുസ്‌ലിം ലോകത്തിനു മുഴുവന്‍ തൃപ്തികരമാവണമെന്നുമില്ല. എങ്കിലും അറബ് ലോകത്തെ യുവത വിപ്ലവങ്ങള്‍ക്ക് ഊര്‍ജം സ്വീകരിച്ച തുര്‍ക്കിയിലെ ഇസ്‌ലാമിക മുന്നേറ്റം അധികാരത്തില്‍ തിരിച്ചുവന്നത് അവര്‍ക്ക് പ്രതീക്ഷ തന്നെയാണ്. ഇസ്‌ലാമിക മുന്നേറ്റങ്ങള്‍ക്ക് വിത്തു പാകിയ ഈജിപ്തില്‍ അമ്പതിനായിരത്തിലധികം നേതാക്കളും പ്രവര്‍ത്തകരും ഇരുമ്പഴികള്‍ക്കു പിന്നില്‍ കഴിയുന്ന സാഹചര്യത്തില്‍ പ്രത്യേകിച്ചും.

(Visited 100 times, 1 visits today)
thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക