|    Mar 25 Sat, 2017 1:16 pm

തുര്‍ക്കി, ഫ്രഞ്ച് പ്രസിഡന്റുമാരുമായി നരേന്ദ്ര മോദി ചര്‍ച്ച നടത്തി

Published : 6th September 2016 | Posted By: SMR

ബെയ്ജിങ്: ചൈനയിലെ ഹാങ്ഷുവില്‍ ജി-20 ഉച്ചകോടിയില്‍ സംബന്ധിക്കാനെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാനുമായും ഫ്രഞ്ച് പ്രസിഡന്റ് ഫ്രാന്‍സ്വ ഹൊളാന്‍ദുമായും ചര്‍ച്ച നടത്തി. ആണവവിതരണ സംഘത്തില്‍ (എന്‍എസ്ജി) ഇന്ത്യയുടെ അംഗത്വത്തെ സംബന്ധിക്കുന്ന കാര്യങ്ങളാണ് ഉര്‍ദുഗാനുമായി ചര്‍ച്ച ചെയ്തതെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് വികാസ് സ്വരൂപ് പറഞ്ഞു. ഇന്ത്യയുടെ എന്‍എസ്ജി അംഗത്വത്തെ ചൈനയുടെ കൂടെ എതിര്‍ത്ത രാജ്യമാണ് തുര്‍ക്കി. തുര്‍ക്കിയുമായി വ്യോമയാന ബന്ധം ശക്തിപ്പെടുത്തുന്ന കാര്യവും ഇരു നേതാക്കളും ചര്‍ച്ച ചെയ്തതായി വികാസ് സ്വരൂപ് പറഞ്ഞു.
സ്‌കോര്‍പീന്‍ അന്തര്‍വാഹിനികളുടെ രഹസ്യങ്ങള്‍ ചോര്‍ന്നത് സംബന്ധിച്ച വിഷയമാണ് ഫ്രഞ്ച് പ്രസിഡന്റുമായുള്ള കൂടിക്കാഴ്ചയില്‍ മോദി ഉന്നയിച്ചത്. ഫ്രഞ്ച് പ്രതിരോധ കമ്പനിയായ ഡിസിഎന്‍എസുമായി ചേര്‍ന്ന് മുംബൈയില്‍ നിര്‍മിക്കുന്ന ആറ് അത്യാധുനിക അന്തര്‍വാഹിനിയെ സംബന്ധിച്ച രഹസ്യങ്ങളടങ്ങിയ 22,000 പേജുകളിലുള്ള വിവരങ്ങളാണ് ചോര്‍ന്നത്.
ബ്രിട്ടിഷ് പ്രധാനമന്ത്രി തെരേസ മേയുമായും മോദി ചര്‍ച്ച നടത്തി. ഇന്ത്യന്‍ പാര്‍ലമെന്റ് പാസാക്കിയ ചരക്ക് സേവനനികുതി ബില്ല് ബ്രിട്ടനുമായുള്ള വ്യാപാരബന്ധം ശക്തിപ്പെടുത്താന്‍ സഹായിക്കുമെന്ന് മോദി ബ്രിട്ടിഷ് പ്രധാനമന്ത്രിയെ അറിയിച്ചു. ഇന്ത്യയുടെ പരിഷ്‌കരണ നയങ്ങള്‍ക്ക് ബ്രിട്ടന്‍ പിന്തുണ പ്രഖ്യാപിച്ചു. ഇന്ത്യയുടെ മേക്ക് ഇന്‍ ഇന്ത്യ, സ്മാര്‍ട്ട്‌സിറ്റി, സ്‌കില്‍ ഇന്ത്യ തുടങ്ങിയ പദ്ധതികളില്‍ പങ്കാളിയാവാന്‍ ബ്രിട്ടന്‍ സമ്മതിച്ചിട്ടുണ്ടെന്നും വിദേശകാര്യ വക്താവ് പറഞ്ഞു. ഇരു രാജ്യങ്ങളും തമ്മില്‍ പ്രതിരോധ സഹകരണം സംബന്ധിച്ചും ചര്‍ച്ച നടത്തി. ബ്രിട്ടീഷ് പ്രതിരോധ സ്ഥാപനങ്ങളെ മോദി ഇന്ത്യയിലേക്ക് ക്ഷണിക്കുകയും ചെയ്തു. ലോകത്ത് ഭീകരത ഉയര്‍ത്തുന്ന വെല്ലുവിളികളും ചര്‍ച്ചയില്‍ പരാമര്‍ശിച്ചു. ബ്രെക്‌സിറ്റ് ഹിതപരിശോധനയെത്തുടര്‍ന്ന് ഡേവിഡ് കാമറൂണിന് പകരം പ്രധാനമന്ത്രി പദത്തിലെത്തിയ തെരേസ മെയെ മോദി അഭിനന്ദിച്ചു. അര്‍ജന്റീന പ്രസിഡന്റ് മൗറീഷ്യോ മക്രിയുമായും പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തി. ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത് ഡോവല്‍, വിദേശകാര്യ സെക്രട്ടറി എസ് ജയ്ശങ്കര്‍ എന്നിവരും ചര്‍ച്ചയില്‍ പങ്കെടുത്തു.

(Visited 26 times, 1 visits today)
thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക