|    Jan 18 Wed, 2017 3:01 am
FLASH NEWS

തുര്‍ക്കി ജനത തിരിച്ചുവരുന്നു

Published : 7th August 2016 | Posted By: SMR

അന്‍സാര്‍ കോട്ടപ്പള്ളി, വടകര

തുര്‍ക്കിയില്‍ കമാലിസം ഇപ്പോള്‍ മരണശയ്യയിലാണ്. റജബ് ത്വയ്യിബ് ഉര്‍ദുഗാന്റെ ജനകീയ ഭരണത്തെ അട്ടിമറിക്കാന്‍ ഈയിടെ കമാലിസ്റ്റ് സൈന്യം നടത്തിയ ശ്രമം അമ്പേ പരാജയപ്പെട്ടത് അതിന്റെ തെളിവാണ്. ഈ അട്ടിമറിശ്രമത്തിനു പിന്നില്‍ തുര്‍ക്കിയിലെയും പാശ്ചാത്യരാജ്യങ്ങളിലെയും സ്ഥാപിത താല്‍പര്യങ്ങള്‍ ശക്തമായി പ്രവര്‍ത്തിച്ചിട്ടുണ്ട് എന്ന കാര്യം ഇപ്പോള്‍ കൂടുതല്‍ വ്യക്തമായിവരുകയാണ.്
ഉസ്മാനിയ സാമ്രാജ്യത്തെ തകര്‍ക്കാന്‍ ഫ്രാന്‍സും ബ്രിട്ടനും സാറിസ്റ്റ് റഷ്യയും നടത്തിയ ശ്രമങ്ങളാണ് 1920കളുടെ ആദ്യത്തില്‍ മുസ്തഫ കമാല്‍ പാഷ എന്ന കമാല്‍ അത്താ തുര്‍ക്കിനെ തുര്‍ക്കിയിലെ ഏകാധിപതിയാവുന്നതിനു സഹായിച്ചത്. തുര്‍ക്കികളെ അവരുടെ സാംസ്‌കാരിക പാരമ്പര്യത്തില്‍നിന്ന് അകറ്റുക എന്നതാണ് കമാല്‍ പാഷ ചെയ്ത ഏറ്റവും വലിയ പാതകം. പരോക്ഷമായി അറബികള്‍ അതിനെ പിന്തുണയ്ക്കുകയും ചെയ്തു. ഉസ്മാനിയ സാമ്രാജ്യത്തെ തകര്‍ത്ത് സ്വതന്ത്ര അറബ് രാഷ്ട്രം സ്ഥാപിക്കുന്നതിനായി അവര്‍ ബ്രിട്ടിഷുകാരുടെ പക്ഷം ചേര്‍ന്നു. പിന്നീട് അത് അവര്‍ക്കു തന്നെ വിനയായി.
കമാലിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് സയണിസത്തില്‍നിന്ന് വലിയ പിന്തുണയും പ്രചോദനവും ലഭിച്ചിരുന്നു. പിന്നീട് തുര്‍ക്കിയുടെ പിതാവായി വരെ അദ്ദേഹം സ്വയം അവരോധിച്ചു. വലിയ വിദ്യാഭ്യാസമില്ലെങ്കിലും സാമര്‍ഥ്യംകൊണ്ട് എവിടെയും കയറിപ്പറ്റാന്‍ കമാല്‍ പാഷയ്ക്ക് കഴിഞ്ഞിരുന്നു. 1896ല്‍ ജനീവയില്‍ രൂപംകൊണ്ട അഞ്ചുമന്‍ ഇത്തിഹാദ് വ തറഖ് എന്ന രഹസ്യസംഘടനയില്‍ ചേര്‍ന്നാണ് കമാല്‍ തന്റെ ജന്മനാടിനെതിരേ പ്രവര്‍ത്തനം തുടങ്ങിയത്.
ഇസ്‌ലാമിനെയും മുസ്‌ലിംകളെയും പുനരുദ്ധരിക്കുന്നതിനു പകരം മതത്തിന്റെ അടിസ്ഥാന തത്ത്വങ്ങളെ പോലും നിഷ്‌കാസനം ചെയ്യുന്ന പദ്ധതികളാണ് കമാല്‍ പാഷ നടപ്പാക്കിയത്. മതപാഠശാലകള്‍ അടച്ചുപൂട്ടി. ഇസ്‌ലാമിന്റെ ഔദ്യോഗികപദവി നിര്‍ത്തലാക്കി. മതപരമായ വേഷവിധാനങ്ങള്‍ നിരോധിച്ചു. തുര്‍ക്കി തൊപ്പിക്കു പകരം ഇംഗ്ലീഷ് തൊപ്പിയാക്കി. മതകേന്ദ്രങ്ങള്‍ പൂട്ടിയിട്ടു. വെള്ളിയാഴ്ചയ്ക്കു പകരം ഞായറാഴ്ച ഒഴിവുദിവസമാക്കി. ഹിജ്‌റ കലണ്ടറിനു പകരം യൂറോപ്യന്‍ കലണ്ടര്‍ വന്നു. മതപ്രബോധനത്തിലേര്‍പ്പെട്ട സൂഫികളെ നാടുകടത്തി. പാശ്ചാത്യാചാരങ്ങള്‍ നടപ്പാക്കുന്നതിനെ ചെറുത്ത പണ്ഡിതന്മാരെ നാടുകടത്തുകയോ വധിക്കുകയോ ചെയ്തു. ബാങ്ക് വിളിയും ഖുര്‍ആന്‍ പാരായണവും തുര്‍ക്കി ഭാഷയിലാക്കാന്‍ ഉത്തരവിട്ടു. ഇസ്‌ലാമിക നിയമത്തിനു പകരം സ്വിസ് വ്യക്തിനിയമങ്ങള്‍ കൊണ്ടുവന്നു. തുര്‍ക്കിയുടെ ഈ മാറ്റത്തോടെ ഉസ്മാനിയ സാമ്രാജ്യത്തിനു നഷ്ടപ്പെട്ടത് ആത്മാഭിമാനമായിരുന്നു.
ഒരു ജനതയെ ഒന്നായി മതവിരുദ്ധരാക്കുക സാധ്യമല്ലെന്നാണ് പിന്നീട് തുര്‍ക്കിയിലുണ്ടായ സംഭവങ്ങള്‍ തെളിയിക്കുന്നത്. കമാല്‍ അത്താ തുര്‍ക്കിന്റെ മതേതര മൗലികവാദം സംരക്ഷിച്ചത് സൈന്യമായിരുന്നു. ജനാധിപത്യം ശക്തിപ്പെടുന്നുവെന്നു കാണുമ്പോള്‍ അവര്‍ അട്ടിമറിക്ക് തയ്യാറാവും. സൈനിക മേല്‍ക്കോയ്മയ്‌ക്കെതിരായാണ് തുര്‍ക്കി ജനത പതുക്കെ പ്രതിരോധം ചമച്ചത്. സൈനികര്‍ വധിച്ച അദ്‌നാന്‍ മെന്ദരീസില്‍ തുടങ്ങിയ ആ ചുവടുമാറ്റം സുലൈമാന്‍ ദമിറേല്‍, നജ്ബുദ്ദീന്‍ അര്‍ബക്കാന്‍ എന്നിവരിലൂടെ ശക്തിയാര്‍ജിച്ച് ഉര്‍ദുഗാന്റെ ഭരണത്തിലെത്തി. അതായത് തുര്‍ക്കി ജനത അവരുടെ യഥാര്‍ഥ സ്വത്വം തിരിച്ചുപിടിക്കുകയാണ്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 180 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക