|    Jan 24 Tue, 2017 2:58 pm
FLASH NEWS

തുര്‍ക്കി ഇന്ന് വീണ്ടും ബൂത്തിലേക്ക്

Published : 1st November 2015 | Posted By: SMR

ഇസ്താംബൂള്‍: പുതിയ പാര്‍ലമെന്റ് തിരഞ്ഞെടുപ്പിന് അഞ്ചു മാസത്തിനിടയില്‍ തുര്‍ക്കിയിലെ വോട്ടര്‍മാര്‍ വീണ്ടും ഇന്ന് പോളിങ് ബൂത്തിലേക്ക്.

550 അംഗ ഗ്രാന്റ് നാഷനല്‍ അസംബ്ലിയിലേക്കാണ് തിരഞ്ഞെടുപ്പ്. ജൂണ്‍ ഏഴിന് നടന്ന തിരഞ്ഞെടുപ്പില്‍ ഒരു കക്ഷിക്കും കേവല ഭൂരിപക്ഷം നേടാനായില്ല. തൂക്കു സഭയില്‍ ഭൂരിപക്ഷം അംഗങ്ങളുടെ പിന്തുണയുള്ള മുന്നണി രൂപീകരിക്കുന്നതിലും കക്ഷികള്‍ക്ക് യോജിപ്പിലെത്താനായില്ല. തുടര്‍ന്നുണ്ടായ രാഷ്ട്രീയ അനിശ്ചിതാവസ്ഥയിലാണ് തുര്‍ക്കി വോട്ടര്‍മാര്‍ ഇന്ന് ബൂത്തുകളിലേക്ക് നീങ്ങുന്നത്.
13 വര്‍ഷമായി അധികാരത്തിലുള്ള എകെപി (ജസ്റ്റിസ് ആന്റ് ഡവലപ്‌മെന്റ് പാര്‍ട്ടി)ക്ക് ഭൂരിപക്ഷം നിലനിര്‍ത്താനായില്ല. പാര്‍ട്ടിയുടെ സ്ഥാപകനും പത്തു വര്‍ഷത്തോളം പ്രധാനമന്ത്രിയുമായിരുന്ന റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍ ഇപ്പോള്‍ പ്രസിഡന്റാണ്. ഉര്‍ദുഗാന്‍ പ്രസിഡന്‍ഷ്യല്‍ രീതി നടപ്പാക്കി കൂടുതല്‍ അധികാരം കൈയാളുന്നതിനോടുള്ള എതിര്‍പ്പാണ് ജനത അന്ന് പ്രകടിപ്പിച്ചതെന്നാണ് നിരീക്ഷകര്‍ വിലയിരുത്തിയത്. പത്ത് ശതമാനമെങ്കിലും വോട്ട് ലഭിച്ചാല്‍ മാത്രമെ പാര്‍ലമെന്റില്‍ അംഗത്വം ലഭിക്കൂ എന്നാണ് വ്യവസ്ഥ.
ഈ കടമ്പ കടന്ന് കുര്‍ദിഷ് ന്യൂനപക്ഷത്തിന്റെ പീപ്പിള്‍സ് ഡമോക്രാറ്റിക് പാര്‍ട്ടി (എച്ച്ഡിപി)ക്ക് ചരിത്രത്തിലാദ്യമായി പാര്‍ലമെന്റില്‍ പ്രാതിനിധ്യം ലഭിച്ചു.
റിപബ്ലിക്കന്‍ പീപ്പിള്‍സ് പാര്‍ട്ടി, നാഷനല്‍ മൂവ്‌മെന്റ് പാര്‍ട്ടി എന്നിവയാണ് മറ്റു രണ്ട് പ്രമുഖ രാഷ്ട്രീയ കക്ഷികള്‍. പരസ്പരം കലഹിച്ച് മൂന്നു പ്രതിപക്ഷ കക്ഷികള്‍ക്കും ഏകോപിച്ച മന്ത്രിസഭയ്ക്ക് രൂപം നല്‍കാന്‍ കഴിഞ്ഞില്ല. അതോടെയാണ് വീണ്ടും തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്. തിരഞ്ഞെടുപ്പിന് ശേഷം രാജ്യത്തെ ഭിന്നതകള്‍ രൂക്ഷമായി. തുര്‍ക്കിയില്‍ കുര്‍ദ് മേധാവിത്വമുള്ള തെക്കുകിഴക്കന്‍ മേഖലകള്‍ യുദ്ധക്കളമാവും വിധം കുര്‍ദ് പ്രശ്‌നം രൂക്ഷമായി. ഐഎസ് ആസൂത്രണം ചെയ്ത രണ്ട് ആക്രമണങ്ങളില്‍ നൂറ്റിമുപ്പതോളം പേരുടെ ജീവന്‍ വെടിഞ്ഞു.
വന്‍ രക്തച്ചൊരിച്ചിലിനാണ് രാഷ്ട്രം സാക്ഷ്യം വഹിച്ചത്. ജൂണിലെ തിരഞ്ഞെടുപ്പ് കാലത്തെ വര്‍ണശബളമായ പ്രചാരണ പരിപാടികള്‍ക്ക് പകരം ഇത്തവണ ഏറെയും മൃതദേഹ സംസ്‌കാരങ്ങളും പ്രതിഷേധ മാര്‍ച്ചുകളുമാണ് നടന്നത്. ഐക്യം തകര്‍ന്ന് രാഷ്ട്രം ആഭ്യന്തര സംഘര്‍ഷത്തിന്റെ വക്കിലാണ്.
പത്ത് ശതമാനം വോട്ട് നേടാന്‍ കഴിയാതെ വരുന്ന ചെറു കക്ഷികളുടെ വോട്ട് ഏറ്റവും കൂടുതല്‍ ശതമാനം വോട്ട് നേടിയ കക്ഷിക്ക് ലഭിക്കുമെന്നാണ് വ്യവസ്ഥ. ഇത് തങ്ങളുടെ നില ഭദ്രമാക്കി അധികാരത്തില്‍ തിരികെ എത്തിക്കുമെന്നാണ് എകെപിയുടെ പ്രതീക്ഷ.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 61 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക