|    Jul 27 Thu, 2017 10:26 am
FLASH NEWS
Home   >  Todays Paper  >  page 9  >  

തുര്‍ക്കി അട്ടിമറി ശ്രമം: യൂറോപ്യന്‍ രാജ്യങ്ങളില്‍ പ്രതിഷേധം

Published : 18th July 2016 | Posted By: SMR

ലണ്ടന്‍: വെള്ളിയാഴ്ച തുര്‍ക്കിയിലുണ്ടായ പട്ടാള അട്ടിമറിക്കെതിരേ യൂറോപ്പിലുടനീളമുള്ള തുര്‍ക്കി പൗരന്മാര്‍ പ്രതിഷേധപ്രകടനം നടത്തി. തുര്‍ക്കിയില്‍ ജനാധിപത്യരീതിയിലൂടെ അധികാരത്തിലെത്തിയ സര്‍ക്കാരിനെതിരേ നടന്ന അട്ടിമറിശ്രമത്തിനെതിരേ ഫ്രഞ്ച് തലസ്ഥാനമായ പാരിസില്‍ അഞ്ഞൂറോളം പേര്‍ പ്രകടനം സംഘടിപ്പിച്ചു. 84 പേര്‍ മരിക്കാനിടയായ നീസ് ആക്രമണത്തിനു ദിവസങ്ങള്‍ക്കുശേഷമാണിത്. പ്ലേസ് ദി ലാ റിപബ്ലികില്‍ തുര്‍ക്കി പതാകയുയര്‍ത്തിപ്പിടിച്ച് മുദ്രാവാക്യങ്ങളുയര്‍ത്തിയായിരുന്നു പ്രതിഷേധം.
ബ്രസ്സല്‍സിലെ തുര്‍ക്കി എംബസിക്കു പുറത്തും പ്രതിഷേധപ്രകടനങ്ങള്‍ നടന്നു. ബെല്‍ജിയം പാര്‍ലമെന്റംഗങ്ങളായ തുര്‍ക്കി വംശജര്‍ ഹസന്‍ കോയുന്‍കു, സെവ്‌കെറ്റ് തെമിസ് എന്നിവരും ഇയു ആസ്ഥാനമായ ബ്രസ്സല്‍സില്‍ നടന്ന പ്രതിഷേധത്തില്‍ പങ്കാളികളായി.
ജര്‍മന്‍ തലസ്ഥാനമായ ബെര്‍ലിനില്‍ തുര്‍ക്കി ദേശീയ ഗാനം ആലപിച്ചാണ് ആയിരക്കണക്കിനു പേര്‍ പ്രതിഷേധത്തില്‍ പങ്കെടുത്തത്. പ്രതിഷേധക്കാര്‍ എഫ്ഇടിഒ/പിഡിവൈ നേതാവ് ഫത്ഹുല്ല ഗുലനെതിരേ മുദ്രാവാക്യങ്ങളും ഉയര്‍ത്തി. യുഎസ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഗുലന്‍ പ്രസ്ഥാനമാണ് അട്ടിമറിക്കു പിന്നിലെന്നാണ് കരുതുന്നത്.
ലണ്ടനില്‍ തുര്‍ക്കി പൗരന്മാര്‍ക്കു പുറമെ സിറിയ, ഈജിപ്ത്, പാകിസ്താന്‍ എന്നീ രാജ്യങ്ങളില്‍ നിന്നുള്ള പൗരന്മാരും പ്രതിഷേധത്തില്‍ പങ്കെടുത്തു. യൂറോപ്പിലെ ഫെഡറേഷന്‍ ഓഫ് ഇസ്‌ലാമിക് ഓര്‍ഗനൈസേഷന്‍ (എഫ്‌ഐഒഇ) അട്ടിമറി ശ്രമത്തെ അപലപിച്ച് പ്രസ്താവനയിറക്കിയിരുന്നു. 160 പൗരന്മാരാണ് രക്തസാക്ഷിത്വം വഹിച്ചതെന്ന് തുര്‍ക്കി പ്രധാനമന്ത്രി ബിനാലി യില്‍ദിരിം പറഞ്ഞു.
യുഎസിലുള്ള ഗുലനെ തുര്‍ക്കി സര്‍ക്കാരിന് കൈമാറണമെന്നാവശ്യപ്പെട്ട് പെന്‍സില്‍വാനിയയില്‍ നൂറുകണക്കിന് തുര്‍ക്കി പൗരന്മാര്‍ പ്രകടനം നടത്തി.
യുഎസിന്റെ വിവിധഭാഗങ്ങളിലുള്ള തുര്‍ക്കി പൗരന്മാര്‍ പെന്‍സില്‍വാനിയയില്‍ ഒത്തുചേരുകയായിരുന്നു. യുഎസില്‍ ഗുലന്‍ പ്രസ്ഥാനത്തിന്റെ നിരവധി സ്‌കൂളുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക