|    May 29 Mon, 2017 12:23 am
FLASH NEWS

തുര്‍ക്കി അടിയന്തരാവസ്ഥ: 1043 സ്‌കൂളുകള്‍ അടച്ചുപൂട്ടും

Published : 24th July 2016 | Posted By: SMR

അങ്കാറ: അടിയന്തരാവസ്ഥ തുടരുന്ന തുര്‍ക്കിയിലെ 1043 സ്‌കൂളുകള്‍ അടച്ചുപൂട്ടാന്‍ പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍ ഉത്തരവ് പുറപ്പെടുവിച്ചു. സ്വകാര്യ മേഖലയിലുള്ള സ്‌കൂളുകളാണ് അടച്ചുപൂട്ടുക.
സ്‌കൂളുകള്‍ക്കു പുറമേ 1229 കാരുണ്യ സഹായ കേന്ദ്രങ്ങളും 35 ആരോഗ്യകേന്ദ്രങ്ങളും 15 സര്‍വകലാശാലകളും അടച്ചുപൂട്ടണമെന്നും 19 ട്രേഡ് യൂനിയനുകളുടെ പ്രവര്‍ത്തനം നിര്‍ത്തിവയ്ക്കണമെന്നും ഉത്തരവില്‍ പറയുന്നു. അട്ടിമറിശ്രമത്തില്‍ പങ്കുള്ളതായി ആരോപിക്കപ്പെട്ട മതപണ്ഡിതന്‍ ഫത്തേഹുല്ലാ ഗുലനുമായി തുര്‍ക്കിയിലെ നിരവധി ആരോഗ്യ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കു ബന്ധമുള്ളതായി പ്രസിഡന്റ് ഉര്‍ദുഗാന്‍ അഭിപ്രായപ്പെട്ടിരുന്നു.
അതേസമയം സംശയം തോന്നുന്നവരെ കുറ്റപത്രമില്ലാതെ തടങ്കലില്‍ വയ്ക്കുന്നതിനുള്ള കാലാവധി തുര്‍ക്കി വര്‍ധിപ്പിച്ചു. 30 ദിവസമാണ് പുതിയ കാലാവധി. ഈ സമയപരിധിയില്‍ തടവുകാരെ കോടതിയില്‍ ഹാജരാക്കേണ്ടതില്ലെന്നും ഉത്തരവില്‍ പറയുന്നു. തടങ്കല്‍ കാലാവധി വര്‍ധിപ്പിക്കുന്നതിനെതിരേ ആംനസ്റ്റി ഇന്റര്‍നാഷനല്‍ അടക്കമുള്ള മനുഷ്യാവകാശ സംഘടനകള്‍ വിമര്‍ശനമുന്നയിച്ചു. നേരത്തേ നാലു ദിവസമായിരുന്നു ഇത്തരത്തില്‍ തടങ്കലില്‍ പാര്‍പ്പിക്കുന്നതിനുള്ള ഉയര്‍ന്ന സമയപരിധി. പരാജയപ്പെട്ട സൈനിക അട്ടിമറിശ്രമത്തിന്റെ പശ്ചാത്തലത്തിലാണ് തുര്‍ക്കിയില്‍ മൂന്നുമാസം അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. അട്ടിമറിശ്രമത്തെത്തുടര്‍ന്ന് സൈനികരും പോലിസുകാരും ജഡ്ജിമാരും സര്‍ക്കാര്‍ ഉദ്യോഗസ്ഥരുമടക്കം 10410 പേരെ തുര്‍ക്കി കസ്റ്റഡിയിലെടുത്തിരുന്നു.
അതെസമയം തുര്‍ക്കിക്കെതിരേ പക്ഷപാതപരവും മുന്‍വിധികള്‍ നിറഞ്ഞതുമായ നിലപാടാണ് യൂറോപ്യന്‍ യൂനിയന്‍ സ്വീകരിക്കുന്നതെന്ന് പ്രസിഡന്റ് ഉര്‍ദുഗാന്‍ പ്രതികരിച്ചു. അട്ടിമറിശ്രമത്തിനു ശേഷം തുര്‍ക്കി സ്വീകരിച്ച നിയന്ത്രണ നടപടികളെക്കുറിച്ചുള്ള വിമര്‍ശനങ്ങളോട് പ്രതികരിക്കുകയായിരുന്നു തുര്‍ക്കി പ്രസിഡന്റ്.
പരസ്പരവിരുദ്ധമായ നിലപാടുകളാണ് യൂറോപ്യന്‍ യൂനിയന്‍ സ്വീകരിക്കുന്നത്. തുര്‍ക്കിയുടെ കാര്യം വരുമ്പോള്‍ അവര്‍ പക്ഷപാതം കാണിക്കുന്നു. ഈ നിലപാട് തന്നെയാവും അവര്‍ തുര്‍ക്കിയോട് ഇനിയും സ്വീകരിക്കുകയെന്നും കഴിഞ്ഞദിവസം ഫ്രാന്‍സ് 24 ടിവി ചാനലിനു നല്‍കിയ അഭിമുഖത്തില്‍ ഉര്‍ദുഗാന്‍ അഭിപ്രായപ്പെട്ടു. അട്ടിമറിശ്രമത്തില്‍ പങ്കാളിയായ ഉദ്യോഗസ്ഥര്‍ക്ക് തുര്‍ക്കി വധശിക്ഷ വിധിക്കുമെന്ന വാര്‍ത്തകള്‍ പുറത്തുവന്നതിനെത്തുടര്‍ന്ന് രാജ്യത്തിന് ഇയു അംഗത്വം നല്‍കുന്ന കാര്യം പരിഗണിക്കില്ലെന്ന് യൂറോപ്യന്‍ യൂനിയന്‍ നേരത്തേ വ്യക്തമാക്കിയിരുന്നു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day