|    May 27 Sat, 2017 12:38 am
FLASH NEWS

തുര്‍ക്കിയെ രക്ഷിച്ച ഫോണിന് 1.75 കോടി രൂപ വാഗ്ദാനം

Published : 21st July 2016 | Posted By: sdq

നിഷാദ് അമീന്‍

ജിദ്ദ  തുര്‍ക്കിയില്‍ ഭരണസിരാകേന്ദ്രങ്ങള്‍ പിടിച്ചെടുത്ത് സൈനിക അട്ടിമറിക്ക് ശ്രമിച്ചതു ചെറുക്കുന്നതിന് ജനങ്ങളെ തെരുവിലിറക്കാന്‍ സഹായിച്ച ചാനല്‍ വാര്‍ത്താ അവതാരകയുടെ ഐ ഫോണിന് 10 ലക്ഷം റിയാല്‍ (1.75 കോടി രൂപ) സൗദി പൗരന്‍ വാഗ്ദാനം ചെയ്തു. അട്ടിമറി ശ്രമം നടന്ന സമയത്ത് ഉര്‍ദുഗാന്റെ ഐ ഫോണിലേക്കു വിളിച്ച് വീഡിയോ ചാറ്റ് നടത്തിയ സിഎന്‍എന്‍ തുര്‍ക്ക് ചാനലിന്റെ അവതാരക നെവ്‌സിന്‍ മെന്‍ഗുവിന്റെ ഫോണിനാണ് ഈ ഓഫര്‍.
തന്റെ ആപ്പിള്‍ ഐ ഫോണിലെ ഫേസ് ടൈം ആപ്ലിക്കേഷനിലൂടെ ഉര്‍ദുഗാന്‍ വാര്‍ത്താ അവതാരകയുടെ കൈയിലെ മൊബൈലില്‍ പ്രത്യക്ഷപ്പെട്ട് നടത്തിയ ആഹ്വാനമാണ് ജനങ്ങളെ തെരുവിലിറങ്ങാനും ഭരണം അട്ടിമറിക്കാനുള്ള സൈനിക നീക്കം ജനകീയ ചെറുത്തുനില്‍പ്പിലൂടെ ഇല്ലാതാക്കാനും സഹായിച്ചത്. ചാനലില്‍ ലൈവായി ഉര്‍ദുഗാന്റെ വീഡിയോ വരുകയും ഇത് വൈറലാവുകയുമായിരുന്നു. സൗദി ബിസിനസുകാരന്‍ അബു റകാന്‍ ആണ് ട്വിറ്ററിലൂടെ നെവ്‌സിന്‍ മെന്‍ഗുവിന്റെ ഫോണിന് ഇത്രയും വലിയ തുക പ്രഖ്യാപിച്ചത്. കലാപത്തിന്റെ അനന്തരഫലം എന്താണെന്ന് വരുംതലമുറയെ ഓര്‍മപ്പെടുത്തുന്നതിനും അറബ് ജനതയ്ക്കു പാഠമാവാനും ഫോണ്‍ മ്യൂസിയത്തില്‍ സൂക്ഷിക്കാമെന്ന് ഇദ്ദേഹം അറിയിച്ചു. ഉര്‍ദുഗാനെയും തുര്‍ക്കിയെയും രക്ഷിച്ച ഫോണും സൗദി പൗരന്റെ ട്വീറ്റും ഇതിനകം അറബ് ലോകത്ത് വൈറലായിട്ടുണ്ട്.
പട്ടാള അട്ടിമറി ശ്രമം നട—ന്ന വെള്ളിയാഴ്ച ഉര്‍ദുഗാന്‍ മാര്‍മാറിസ് കടലോര വിനോദസഞ്ചാര നഗരത്തില്‍ ആയിരുന്നു. അട്ടിമറിയുടെ വാര്‍ത്ത ഉര്‍ദുഗാന്‍ താമസിച്ചിരുന്ന പഞ്ചനക്ഷത്ര ഹോട്ടലില്‍ എത്തുമ്പോഴേക്കും വിമാനത്താവളവും ഇന്റലിജന്‍സ് ആസ്ഥാനവുമടക്കം സുപ്രധാന കേന്ദ്രങ്ങള്‍ മിക്കതും സൈന്യത്തിന്റെ നിയന്ത്രണത്തിലായി കഴിഞ്ഞിരുന്നു. രാജ്യത്തിന്റ ക്ഷേമത്തിനായി പട്ടാള കൗണ്‍സില്‍ അധികാരം ഏറ്റെടുക്കുന്നതായി’ ദേശീയ ചാനലുകളില്‍ പ്രഖ്യാപനം വന്നു. ഉര്‍ദുഗാന്റെ കൂടെ അദ്ദേഹത്തിന്റെ വിശ്വസ്ത സഹായികള്‍ അല്ലാതെ അധികമാരും ഉണ്ടായിരുന്നില്ല. പോക്കറ്റില്‍ സൂക്ഷിച്ചിരുന്ന ആപ്പിള്‍ ഐ ഫോണ്‍ ആണ് ഉര്‍ദുഗാനെ രക്ഷിച്ചത്. ചാനലിന്റെ അവതാരക പ്രസിഡന്റിനെ നേരിട്ടുവിളിച്ചു.
പട്ടാള അട്ടിമറിയുടെ അഭ്യൂഹങ്ങളില്‍ പരിഭ്രാന്തരായ ജനങ്ങള്‍ അവരുടെ ജനകീയ രാഷ്ട്രത്തലവനെ ചാനല്‍ സ്‌ക്രീനില്‍ ജീവനോടെ, ധീരതയോടെ കണ്ടു. ‘നാം ഇതിനെ അതിജീവിക്കും. നിങ്ങള്‍ തെരുവിലേക്ക് ഇറങ്ങുക. ജനാധിപത്യത്തെ അട്ടിമറിക്കുന്നവര്‍ക്ക് നാം തീര്‍ച്ചയായും ശിക്ഷ നല്‍കും’. ഐ ഫോണില്‍ സുവ്യക്തമായി മുഴങ്ങിയ ആ വാക്കുകള്‍ അവധി ആലസ്യത്തില്‍ മയങ്ങാന്‍ തുടങ്ങിയ തുര്‍ക്കി ജനതയെ ഉണര്‍ത്തി. തലയ്ക്കു മുകളില്‍ പറന്നുതുടങ്ങിയ പട്ടാള യുദ്ധവിമാനങ്ങളെ കൂസാതെ ജനം തെരുവുകളിലേക്കു ഒഴുകി. നേരംപുലരും മുമ്പ് ജനം പട്ടാളത്തെ അടിയറവു പറയിക്കുകയും ചെയ്തു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day