|    Apr 24 Tue, 2018 4:56 am
FLASH NEWS
Home   >  Todays Paper  >  page 9  >  

തുര്‍ക്കിയെ നടുക്കിയ അട്ടിമറികള്‍

Published : 17th July 2016 | Posted By: SMR

1960, മെയ് 27: തുര്‍ക്കി റിപബ്ലിക്കിലെ ആദ്യ അട്ടിമറി. കരസേനാ മേധാവി ജനറല്‍ ജമാല്‍ ഗുര്‍സെലിന്റെ നേതൃത്വത്തിലുള്ള 38 അംഗ ദേശീയ ഐക്യസമിതിയുടെ കീഴില്‍ ഭരണം. അധികാരം പിടിച്ചടക്കിയ സൈന്യം പ്രധാനമന്ത്രിയായിരുന്ന അദ്‌നാന്‍ മെന്‍ഡറസ് അടക്കം മൂന്നു മുന്‍മന്ത്രിമാരെ വധശിക്ഷയ്ക്കു വിധേയരാക്കി. പ്രസിഡന്റ് ജലാല്‍ ബയാറിനും 12 നേതാക്കള്‍ക്കുമെതിരേ വധശിക്ഷാവിധി പുറപ്പെടുവിച്ചെങ്കിലും ജീവപര്യന്തമായി വെട്ടിക്കുറച്ചു.

1971, മാര്‍ച്ച് 12: രാജ്യത്തെ സാമ്പത്തിക പ്രതിസന്ധിയെത്തുടര്‍ന്നുണ്ടായ സംഘര്‍ഷങ്ങളും അനിശ്ചിതാവസ്ഥയും നിറഞ്ഞ സാഹചര്യം മുതലെടുത്ത് സൈന്യം അധികാരത്തിലെത്തി. മാസങ്ങളായി തുടരുന്ന സമരങ്ങളും ഇടതുപക്ഷക്കാരും ദേശീയവാദികളും തമ്മിലുള്ള തെരുവുയുദ്ധങ്ങളും കാരണം രാജ്യത്തെ ക്രമസമാധാനനില തകര്‍ന്നെന്നും ഇതു പൂര്‍വസ്ഥിതിയിലാക്കാന്‍ ശ്രമിക്കണമെന്നും ആവശ്യപ്പെട്ട് സൈന്യം സര്‍ക്കാരിനു പ്രമേയം നല്‍കിയിരുന്നു. തുടര്‍ന്ന് പ്രധാനമന്ത്രി സുലൈമാന്‍ ദമിറലിനെ സൈന്യം രാജിവയ്പിച്ചു. സൈന്യത്തിന്റെ മേല്‍നോട്ടത്തിലുള്ള ഭരണം നിലവില്‍ വന്നു. 1973 സപ്തംബര്‍ വരെ സൈനിക ഭരണം തുടര്‍ന്നു.

1980, സപ്തംബര്‍ 12:രാജ്യത്തെ ഇടത്-വലത് രാഷ്ട്രീയ വിഭാഗങ്ങള്‍ തമ്മിലുണ്ടായ സംഘര്‍ഷം സൈനിക അട്ടിമറിയിലേക്കു നയിച്ചു. സൈനിക മേധാവി ജനറല്‍ കെനാന്‍ എവ്‌റാന്റെ നേതൃത്വത്തിലായിരുന്നു അട്ടിമറി. രാജ്യത്തെ പാര്‍ലമെന്റ് പിരിച്ചുവിട്ടു. രാഷ്ട്രീയപ്പാര്‍ട്ടികളെയും തൊഴിലാളി സംഘടനകളെയും നിരോധിച്ചു. രാഷ്ട്രീയ നേതാക്കളടക്കം പതിനായിരക്കണക്കിനു പേര്‍ അറസ്റ്റിലായി. ചിലരെ വധശിക്ഷയ്ക്കു വിധിച്ചു.

1997, ഫെബ്രുവരി 28: രാജ്യത്തെ മതേതര സ്വഭാവത്തിനു ഭീഷണിയാവുമെന്ന് പ്രധാനമന്ത്രി നജ്മുദ്ദീന്‍ അര്‍ബകാനെതിരേയുയര്‍ന്ന ആരോപണങ്ങളെത്തുടര്‍ന്ന് സൈനിക അട്ടിമറി. സൈന്യത്തിനു പുറമേ, ജുഡീഷ്യറിയും വ്യവസായികളും രാഷ്ട്രീയ നേതാക്കളും അര്‍ബകാനെതിരേ വിമര്‍ശനങ്ങളുന്നയിച്ചു. തുടര്‍ന്ന് പ്രധാനമന്ത്രി രാജിവയ്ക്കാന്‍ നിര്‍ബന്ധിതനായി. സൈന്യം ഭരണമേറ്റെടുത്തു.

2003ലും 2007ലും തുര്‍ക്കിയില്‍ സൈനിക അട്ടിമറി നീക്കം നടന്നെങ്കിലും അവ പരാജയപ്പെട്ടു. 2003ല്‍ നടന്ന അട്ടിമറിശ്രമത്തെക്കുറിച്ച് 2010ല്‍ പ്രസിദ്ധീകരിച്ച ഒരു പത്രറിപോര്‍ട്ടിലൂടെയാണ് വിവരം ലഭിക്കുന്നത്. രാജ്യത്ത് അരക്ഷിതാവസ്ഥയുണ്ടാക്കി ഉര്‍ദുഗാന്റെ എകെ പാര്‍ട്ടിയെ ഭരണത്തില്‍ നിന്നു താഴെയിറക്കാനായിരുന്നു ശ്രമം.
എര്‍ജെന്‍കോണ്‍ എന്നറിയപ്പെടുന്ന സംഘമായിരുന്നു 2007ലെ അട്ടിമറിശ്രമത്തിനു പിന്നില്‍. അന്നത്തെ പ്രധാനമന്ത്രിയായിരുന്ന റജബ് ത്വയ്യിബ് ഉര്‍ദുഗാനെതിരേയായിരുന്നു സംഘത്തിന്റെ ഗൂഢാലോചന. അട്ടിമറിശ്രമത്തില്‍ ഉദ്യോഗസ്ഥരും അഭിഭാഷകരും മാധ്യമപ്രവര്‍ത്തകരുമടക്കം 275 പേര്‍ ഉത്തരവാദികളെന്നു കണ്ടെത്തി.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss