|    Mar 19 Mon, 2018 7:02 am
FLASH NEWS
Home   >  Editpage  >  Lead Article  >  

തുര്‍ക്കിയുടെ ഇസ്രായേല്‍ ബന്ധം

Published : 13th July 2016 | Posted By: SMR

slug-ck-abdullaകഴിഞ്ഞ വര്‍ഷം ആഗസ്തില്‍ തുര്‍ക്കിയിലെ ഖദീര്‍ ഖാസ് സര്‍വകലാശാല പ്രസിദ്ധീകരിച്ച ഒരു പൊതുജനാഭിപ്രായ സര്‍വേ പ്രകാരം തുര്‍ക്കിയുടെ ഒന്നാംനമ്പര്‍ ശത്രു ഇസ്രായേല്‍ ആയിരുന്നു. ഒരുവര്‍ഷം തികയും മുമ്പ്, കഴിഞ്ഞയാഴ്ചയിലെ പ്രധാന ലോകവാര്‍ത്തകളിലൊന്ന് ആറുവര്‍ഷമായി അറ്റുകിടക്കുകയായിരുന്ന തുര്‍ക്കി-ഇസ്രായേല്‍ നയതന്ത്രബന്ധം പുനസ്ഥാപിച്ചതാണ്. ഇസ്രായേല്‍ രാഷ്ട്രത്തെ ആദ്യം അംഗീകരിച്ച മുസ്‌ലിം രാജ്യമെന്ന ഖ്യാതി തുര്‍ക്കിക്കാണെന്നത് ഫഌഷ് ബാക്ക്.
ഫലസ്തീനിലെ ഗസാ ചീന്തിലേക്ക് അവശ്യ വസ്തുക്കളുമായി പോയ തുര്‍ക്കിയുടെ ‘മാഫി മര്‍മാര’ ജീവകാരുണ്യ കപ്പല്‍ ഇസ്രായേല്‍ സൈന്യം ആക്രമിക്കുകയും 10 തുര്‍ക്കി പൗരന്മാര്‍ കൊല്ലപ്പെടുകയും ചെയ്തതിനെ തുടര്‍ന്നാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്രബന്ധം വഷളായത്. 2011-2013 കാലയളവില്‍ അറബ് വസന്തങ്ങളുടെ സാന്നിധ്യത്തില്‍ തുര്‍ക്കി നേതാക്കളുടെ ഇസ്രായേല്‍ ചീത്തവിളിക്ക് മൂര്‍ച്ച കൂടിയിരുന്നു. ഏകാധിപത്യങ്ങള്‍ തകര്‍ന്ന തുണീസ്യയിലും ഈജിപ്തിലും തുര്‍ക്കിയിലെ ഭരണകക്ഷിയോട് രാഷ്ട്രീയ ഐക്യം പുലര്‍ത്തുന്ന കക്ഷികള്‍ അധികാരത്തില്‍ വന്നതോടെ ഇസ്രായേല്‍ വിരുദ്ധവും ഏകാധിപത്യവിരുദ്ധവുമായ അറബ് ലോകത്തെ മാറ്റങ്ങള്‍ക്ക് നേതൃത്വം കൊടുക്കാനുള്ള ശക്തിയുടെ മുന്നണിപ്പോരാളിയായി തുര്‍ക്കി എണ്ണപ്പെട്ടു. 2013 പകുതിയോടെ ഈജിപ്തിലെ ജനകീയ സര്‍ക്കാര്‍ അട്ടിമറിക്കപ്പെടുകയും അധികം വൈകാതെ തുണീസ്യയിലെ ഇസ്‌ലാമിക കക്ഷി താല്‍ക്കാലിക ഭരണത്തില്‍നിന്നു പിന്‍വാങ്ങുകയും ചെയ്തതോടെ ഈ ആവേശം അണഞ്ഞുതുടങ്ങി. മറുവശത്ത്, സിറിയയിലും ഇറാഖിലും സംജാതമായ രാഷ്ട്രീയ പോരാട്ടരംഗങ്ങള്‍ക്ക് ഗ്രീന്‍ റൂമായി സിറിയയോടു ചേര്‍ന്ന് തുറന്നുകിടക്കുന്ന തുര്‍ക്കി അതിര്‍ത്തി വര്‍ത്തിക്കാന്‍ തുടങ്ങിയിരുന്നു.
മര്‍മാര സംഭവത്തോടെ വഷളായ ബന്ധം പുനസ്ഥാപിക്കാന്‍ മൂന്നു വ്യവസ്ഥകള്‍ തുര്‍ക്കി ഇസ്രായേലിനു മുമ്പില്‍ വച്ചിരുന്നു. സംഭവത്തില്‍ ഇസ്രായേല്‍ നിരുപാധികം മാപ്പു പറയുക, ജീവന്‍ വെടിഞ്ഞവരുടെ ബന്ധുക്കള്‍ക്ക് നഷ്ടപരിഹാരം ഇസ്രായേല്‍ കൊടുക്കുക, ഗസയുടെ മേല്‍ ഇസ്രായേല്‍ ഏര്‍പ്പെടുത്തിയ ഉപരോധം പിന്‍വലിക്കുക. തുര്‍ക്കി ബന്ധം വഷളായതിനെ തുടര്‍ന്ന് സാമ്പത്തിക-സൈനിക മേഖലകളില്‍ ഇസ്രായേലിനാണു നഷ്ടങ്ങള്‍ കൂടിയത്. നാറ്റോ അംഗം കൂടിയായ തുര്‍ക്കിയുടെ വീറ്റോ നിമിത്തം നാറ്റോ വ്യോമാഭ്യാസ പ്രകടനത്തില്‍ പോലും ഇസ്രായേലിന് പ്രവേശനം നിഷേധിക്കപ്പെട്ടിരുന്നു. തുടര്‍ന്ന് ബന്ധം മെച്ചപ്പെടുത്താന്‍ അങ്കിള്‍ സാമിനെ ഇസ്രായേല്‍ രംഗത്തിറക്കി. തല്‍ഫലമായി 2013ല്‍ ബറാക് ഒബാമയുടെ ഫോണിലൂടെ ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു അന്നത്തെ തുര്‍ക്കി പ്രധാനമന്ത്രി റജബ് ത്വയ്യിബ് ഉര്‍ദുഗാനെ വിളിച്ചു മര്‍മാര സംഭവത്തില്‍ ഖേദപ്രകടനം നടത്തി. മരിച്ച തുര്‍ക്കി ജീവകാരുണ്യ പ്രവര്‍ത്തകരുടെ കുടുംബങ്ങള്‍ക്ക് നഷ്ടപരിഹാരമായി രണ്ടുകോടി അമേരിക്കന്‍ ഡോളര്‍ 2014ല്‍ ഇസ്രായേല്‍ നല്‍കി. മൂന്നാമത്തെ വ്യവസ്ഥയായ ഗസാ ഉപരോധം നീക്കല്‍ സംബന്ധമായി മാരത്തണ്‍ നയതന്ത്ര ചര്‍ച്ചകള്‍ നടന്നുവരുകയായിരുന്നു. അതിനിടെയാണ് പുതിയ സംഭവ വികാസങ്ങള്‍ തുര്‍ക്കിയെ കൂടുതല്‍ സമ്മര്‍ദ്ദത്തിലാക്കിയത്.
ആഭ്യന്തരമായി പാര്‍ലമെന്റ് സംവിധാനത്തില്‍നിന്നു പ്രസിഡന്‍ഷ്യല്‍ സംവിധാനത്തിലേക്കുള്ള മാറ്റത്തിനും വൈദേശികതലത്തില്‍ മേഖലയിലെ പ്രധാന ശക്തിയായി മാറാനുള്ള ശ്രമങ്ങള്‍ക്കുമായി ഒരേസമയം മുന്നേറുന്നതിനിടെ വിവിധ കോണുകളില്‍നിന്ന് തങ്ങള്‍ ലക്ഷ്യംവയ്ക്കപ്പെടുന്നുവെന്ന തിരിച്ചറിവ് തുര്‍ക്കി രാഷ്ട്രീയനേതൃത്വത്തെ ഞെട്ടിച്ചു. അയല്‍രാജ്യമായ സിറിയയില്‍ ബശ്ശാറുല്‍ അസദിനെ ഭരണത്തില്‍നിന്നു നീക്കുന്നതിലൂടെ മാത്രമേ പ്രശ്‌നപരിഹാരം സാധ്യമാവൂ എന്ന നിലപാടായിരുന്നു തുര്‍ക്കിക്ക്. താല്‍പര്യങ്ങള്‍ വ്യത്യസ്തമെങ്കിലും ഇറാന്‍ മേല്‍ക്കോയ്മാ ഭയത്തില്‍ അധിഷ്ഠിതമായി സമാന നിലപാട് കൈക്കൊണ്ടിരുന്ന അറബ് രാജ്യങ്ങളുമായി ഇക്കാര്യത്തില്‍ അവര്‍ നീക്കുപോക്കുണ്ടാക്കി. ദമസ്‌കസില്‍ ബശ്ശാര്‍ തുടര്‍ന്നാല്‍ തുര്‍ക്കിയുടെ അഖണ്ഡതയ്ക്ക് ഭീഷണിയായ കുര്‍ദ് രാഷ്ട്രീയം സ്വന്തം അസ്തിത്വം സാധ്യമാക്കും എന്നതായിരുന്നു സിറിയന്‍ പ്രശ്‌നത്തില്‍ തുര്‍ക്കിയുടെ ആശങ്ക. പശ്ചിമേഷ്യ ഛിന്നഭിന്നമാക്കുന്ന കാര്യപരിപാടി തുടരുന്ന അമേരിക്കന്‍ സാമ്രാജ്യത്വവും മേഖലയില്‍ പുനരധിനിവേശം ലക്ഷ്യം വച്ച് അമേരിക്കന്‍ ആശീര്‍വാദത്തോടെ കടന്നുവന്ന റഷ്യന്‍ സാമ്രാജ്യത്വവും ഒരേസമയം തുര്‍ക്കിയുടെ കുര്‍ദ് ഞരമ്പില്‍ പിടിമുറുക്കി. കുര്‍ദിസ്താന്‍ ലേബര്‍ പാര്‍ട്ടിയും അവരുടെ സിറിയന്‍ ഘടകവും തുര്‍ക്കിയില്‍ ആക്രമണങ്ങള്‍ നടത്തിക്കൊണ്ടിരുന്നു. അതിനിടെ, തങ്ങളറിയാതെ തുറന്നതെന്നു തുര്‍ക്കി നേതൃത്വം പറയുന്ന ഗ്രീന്റൂമുകള്‍ അടച്ചുപൂട്ടിയതോടെ അവിടെനിന്നു പുറത്തിറങ്ങിയവര്‍ തുര്‍ക്കി നഗരങ്ങളില്‍ തന്നെ വെടിക്കെട്ടുകള്‍ അരങ്ങേറ്റിക്കൊണ്ടിരുന്നു. നാലു കോണില്‍നിന്നും വരുന്ന ഈ വെല്ലുവിളികള്‍ നിമിത്തം, അഞ്ചുവര്‍ഷം മുമ്പ് കൈക്കൊണ്ട വിദേശനയം പുനപ്പരിശോധിക്കണം എന്ന മുറവിളി ഭരണകക്ഷിയായ എകെ പാര്‍ട്ടിക്കകത്തു നിന്നു തന്നെ ഉയര്‍ന്നുവന്നു. ഉപപ്രധാനമന്ത്രി നുഅമാന്‍ കോര്‍തല്‍മുസിന്റെ നേതൃത്വത്തില്‍ പുതിയ വിദേശനയം രൂപപ്പെട്ടതോടെയാണ് ഇസ്രായേലുമായി നയതന്ത്രബന്ധം പുനസ്ഥാപിച്ചതായുള്ള പ്രഖ്യാപനം വൈകാതെ പുറത്തുവന്നത്.
തുര്‍ക്കി ആഭ്യന്തര ശൈഥില്യങ്ങള്‍ നേരിട്ട കഴിഞ്ഞ നൂറ്റാണ്ടിന്റെ അവസാനത്തില്‍പ്പോലും സാമ്പത്തിക, രാഷ്ട്രീയ, സൈനിക മേഖലകളില്‍ ഇസ്രായേല്‍-തുര്‍ക്കി ബന്ധം ശക്തമായിരുന്നു. പുതിയ നൂറ്റാണ്ടിന്റെ തുടക്കത്തില്‍ നേര്‍ത്ത ഇസ്‌ലാമിസ്റ്റ് മുദ്രയുള്ള എകെ പാര്‍ട്ടി അധികാരത്തില്‍ വന്നതോടെയാണ് അസ്വാരസ്യങ്ങള്‍ ഉടലെടുത്തത്. 2006ല്‍ ഫലസ്തീന്‍ പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ ജയിച്ച ഹമാസ് നേതാക്കള്‍ക്ക് തുര്‍ക്കി സ്വീകരണം ഒരുക്കിയതോടെ രാഷ്ട്രീയമായി ഇടഞ്ഞ ഇസ്രായേലിന്റെ പകപോക്കലായിരുന്നു യഥാര്‍ഥത്തില്‍ മര്‍മാര സംഭവം. നയതന്ത്രബന്ധം പുനസ്ഥാപിക്കല്‍ വഴി ഇരുരാജ്യങ്ങള്‍ക്കുമിടയിലെ സാമ്പത്തിക-സൈനിക സഹകരണങ്ങള്‍ ശക്തിപ്പെടും. അടുത്ത വര്‍ഷത്തോടെ യൂറോപ്യന്‍ രാജ്യങ്ങളിലേക്ക് ഇസ്രായേലിന്റെ പ്രകൃതിവാതക കയറ്റുമതി എളുപ്പമാവും. ഊര്‍ജവിഭവത്തിനു മുഖ്യമായും റഷ്യയെ ആശ്രയിച്ചിരുന്ന തുര്‍ക്കിക്കും ഇത് ഗുണം ചെയ്യും. സൈനിക മേഖലയില്‍ ഇതിനകം സ്വയംപര്യാപ്തത കൈവരിച്ച തുര്‍ക്കി വിചാരിച്ചാല്‍ ഫലസ്തീനിലെ സൈനിക കളികള്‍ക്ക് അറുതിവരുത്താന്‍ ഇസ്രായേലിനുമേല്‍ സമ്മര്‍ദ്ദംചെലുത്താന്‍ സാധിക്കും. അതിന് അവര്‍ എത്രത്തോളം മുതിരുമെന്നു കണ്ടറിയണം.
സിറിയന്‍ പ്രശ്‌ന പരിഹാരത്തിന് ബശ്ശാറുല്‍ അസദ് സ്ഥാനമൊഴിയുക എന്ന വ്യവസ്ഥയിലും തുര്‍ക്കി ഇളവുവരുത്തിയതായി കാണുന്നു. സിറിയയിലെ തങ്ങളുടെ സഹോദരങ്ങള്‍ അഞ്ചുവര്‍ഷമായി അകാരണമായി വധിക്കപ്പെട്ടുകൊണ്ടിരിക്കുന്നത് അവസാനിപ്പിക്കാന്‍ ഏതു ചര്‍ച്ചയ്ക്കും തുര്‍ക്കി തയ്യാറാണെന്ന നിരുപാധിക പ്രസ്താവനയാണ് ഏറ്റവും അവസാനമായി തുര്‍ക്കി പ്രധാനമന്ത്രി നടത്തിയത്. അതോടൊപ്പം, ഈജിപ്തിലെ അട്ടിമറി സര്‍ക്കാരിനെ അംഗീകരിക്കാതെ നിസ്സഹകരണം പ്രഖ്യാപിച്ചതിലും മാറ്റം വരുത്തി. ഈജിപ്തിലേക്ക് ഉടനെ ഉന്നതതല സംഘത്തെ അയക്കുമെന്നാണ് പെരുന്നാള്‍ ദിവസം തുര്‍ക്കി വിദേശകാര്യമന്ത്രി പറഞ്ഞത്. സാമ്പത്തിക-രാഷ്ട്രീയ മേഖലകളില്‍ എന്തിന് ഇരുരാജ്യങ്ങളും നിസ്സഹകരിക്കണം എന്നാണ് അവര്‍ സ്വയം ചോദിക്കുന്നത്. മനുഷ്യാവകാശം, അട്ടിമറിക്കപ്പെട്ട പ്രസിഡന്റ് മുര്‍സിയോടും സഹപ്രവര്‍ത്തകരോടുമുള്ള നിലപാട് എന്നിവയില്‍ മാറ്റമുണ്ടാവാതെ സീസി ഭരണകൂടത്തെ അംഗീകരിക്കാന്‍ തുര്‍ക്കിക്കു പ്രയാസമുണ്ട് എന്ന പ്രാഗ്മാറ്റിക് വചനവും പുതിയ തുര്‍ക്കി നിലപാടിലുണ്ട്. ഈജിപ്തിലെ ജനതയുടെ തീരുമാനത്തെ അട്ടിമറിച്ചത് ജനാധിപത്യ തുര്‍ക്കി ഒരിക്കലും അംഗീകരിക്കില്ല എന്നതായിരുന്നു ഉര്‍ദുഗാന്റെ പ്രഖ്യാപനം.
ഇസ്രായേല്‍ ബന്ധം പുനസ്ഥാപിക്കാന്‍ തുര്‍ക്കി മുന്നോട്ടുവച്ചിരുന്ന മൂന്നാമത്തെ വ്യവസ്ഥയായ ഗസാ ഉപരോധം നീക്കുന്ന കാര്യത്തില്‍ ഇരുകൂട്ടര്‍ക്കും നഷ്ടംവരാത്ത പോംവഴി തുര്‍ക്കി അംഗീകരിച്ചിരിക്കുന്നുവെന്നാണ് വാര്‍ത്തകള്‍. ഇസ്രായേല്‍ പരിശോധനയ്ക്കു വിധേയമായി അവശ്യസാധനങ്ങളും നിര്‍മാണവസ്തുക്കളും ഗസയിലേക്ക് കടത്തിവിടുക, തുര്‍ക്കിയുടെ സ്വന്തം പേരില്‍ ഗസയില്‍ പ്രഖ്യാപിക്കപ്പെട്ട ചില അടിസ്ഥാന സൗകര്യ പദ്ധതികള്‍ നടത്താന്‍ സൗകര്യമൊരുക്കുക, ഇവയുടെ വിളംബരം നടത്തി പേരെടുക്കാന്‍ തുര്‍ക്കി പ്രസിഡന്റ് ഉടനെ ഗസ സന്ദര്‍ശിക്കുന്നതിന് സൗകര്യമൊരുക്കുക- ഇവയാണ് ഉപരോധം നീക്കലിലെ തുര്‍ക്കി നേട്ടങ്ങള്‍. അതേസമയം, ഗസയ്ക്കു മേല്‍ കടല്‍മാര്‍ഗ ഉപരോധവും സുരക്ഷാ ഉപരോധവും നിലനില്‍ക്കുമെന്ന് ഇസ്രായേല്‍ ആവര്‍ത്തിക്കുന്നു. അവശ്യവസ്തുക്കളും നിര്‍മാണസാമഗ്രികളും വേണമെങ്കില്‍ സുരക്ഷാകാരണം പറഞ്ഞു വീണ്ടും തടയാന്‍ ഇസ്രായേലിനു സാധിക്കും. ചുരുക്കിപ്പറഞ്ഞാല്‍ ഇസ്രായേല്‍-തുര്‍ക്കി ബന്ധം പുനസ്ഥാപിക്കുന്നതിന്റെ ആഘാതം സഹിക്കുക സംഭവത്തിലെ അദൃശ്യ മൂന്നാംകക്ഷിയായ ഗസയിലെ നട്ടെല്ല് പണയംവയ്ക്കാത്ത ജനതയായിരിക്കും. തുര്‍ക്കിയില്‍ ഏറെ പ്രതീക്ഷപുലര്‍ത്തിയിരുന്ന അറബ് ജനതയുടെ നിരാശ വര്‍ധിക്കുകയും ചെയ്യും. അപ്പോഴും ഉറക്കെ ചിരിക്കുന്നത് അല്‍ അഖ്‌സയുടെ ചങ്കിന് പിടിമുറുക്കിയിരിക്കുന്ന സയണിസ്റ്റ് ഇസ്രായേല്‍ തന്നെ.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss