|    Aug 18 Fri, 2017 12:29 pm
FLASH NEWS
Home   >  Todays Paper  >  page 9  >  

തുര്‍ക്കിയില്‍ പ്രതിപക്ഷ പത്രത്തിന്റെ പത്രാധിപര്‍ അറസ്റ്റില്‍

Published : 1st November 2016 | Posted By: SMR

അങ്കാറ: തുര്‍ക്കിയിലെ പ്രതിപക്ഷപ്പാര്‍ട്ടി പത്രമായ ജംഹുരിയ്യതിന്റെ പത്രാധിപര്‍ അറസ്റ്റില്‍. രണ്ട് കോളമിസ്റ്റുകളെയും അറസ്റ്റ് ചെയ്തു. 10 മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകര്‍ക്കെതിരേ വാറന്റ് പുറപ്പെടുവിച്ചതായും പോലിസ് പറഞ്ഞു. ചീഫ് എഡിറ്റര്‍ മുറാത് സാബുന്‍സു, കോളമിസ്റ്റുകളായ ഗുരെ ഉസ്, എയ്ദിന്‍ എന്‍ജിന്‍ എന്നിവരാണ് അറസ്റ്റിലായത്. വീടുകളില്‍ റെയ്ഡ് നടത്തിയതിനു പിന്നാലെയാണ് അറസ്റ്റെന്ന് പത്രം അറിയിച്ചു.
പത്രത്തിലെ കാര്‍ട്ടൂണിസ്റ്റ് ഉള്‍പ്പെടെ മറ്റ് മുതിര്‍ന്ന മാധ്യമപ്രര്‍ത്തകരുടെ വീടുകളിലും പോലിസ് തിരച്ചില്‍ നടത്തി. തുര്‍ക്കിയിലെ ഏറ്റവും പഴക്കമുള്ള പത്രങ്ങളില്‍ ഒന്നാണ് ജംഹുരിയ്യത്. അടിയന്തരാവസ്ഥ അട്ടിമറി ശ്രമം നടത്തിയവരെ കുടുക്കാന്‍ മാത്രമല്ല, രാഷ്ട്രീയ എതിരാളികള്‍ക്കെതിരേ പകപോക്കാനും സര്‍ക്കാര്‍ ഉപയോഗിക്കുന്നതായി ആരോപണം ഉയരുന്ന സാഹചര്യത്തിലാണ് സര്‍ക്കാര്‍ നടപടി. പ്രതിപക്ഷ പാര്‍ട്ടികളും മനുഷ്യാവകാശസംഘടനകളും പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. ജൂലൈയില്‍ രാജ്യത്തുണ്ടായ പട്ടാള അട്ടിമറിശ്രമത്തിനു പിന്നില്‍ യുഎസ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന തുര്‍ക്കി മതപണ്ഡിതന്‍ ഫത്ഹുല്ലാ ഗുലനാണെന്നാണ് ആരോപണം. ഗുലനുമായും കുര്‍ദിസ്താന്‍ വര്‍ക്കേര്‍സ് പാര്‍ട്ടിയുമായും പത്രത്തിന് ബന്ധമുണ്ടെന്ന സംശയത്തിലാണ് അറസ്റ്റ്. അട്ടിമറിശ്രമത്തെ പത്രം അനുകൂലിച്ചെന്നാണ് ആരോപണം.
സായുധബന്ധം: ദിയാര്‍ബര്‍കിര്‍ മേയര്‍ റിമാന്‍ഡില്‍
അങ്കാറ: തുര്‍ക്കിയിലെ തെക്കുകിഴക്കന്‍ പ്രവിശ്യയായ ദിയാര്‍ബര്‍കിര്‍ മേയര്‍ ഗുല്‍താന്‍ കിസാനാക് അറസ്റ്റില്‍. ഭീകരവാദവുമായി ബന്ധപ്പെട്ട അന്വേഷണത്തിന്റെ ഭാഗമായാണ് അറസ്റ്റെന്നാണ് ഔദ്യോഗിക വിവരം. ഡെമോക്രാറ്റിക് റീജ്യന്‍സ് പാര്‍ട്ടി കൗണ്‍സിലര്‍ ഫിറാത് അന്‍കിയേയും റിമാന്‍ഡ് ചെയ്തു. പികെകെ അനുകൂലപാര്‍ട്ടിയായ പീസ് ആന്റ് ഡെമോക്രാറ്റിക് പാര്‍ട്ടി (ബിഡിപി) അംഗമായ കിസാനാകിനെ ഒക്ടോബര്‍ 25നാണ് അറസ്റ്റ് ചെയ്യുന്നത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക