|    Jan 19 Thu, 2017 12:25 pm
FLASH NEWS

തുര്‍ക്കിയിലെ അട്ടിമറിക്കു പിന്നില്‍ ആരാണ്?

Published : 2nd August 2016 | Posted By: SMR

 പി കെ നൗഫല്‍

തുര്‍ക്കിയില്‍ പ്രാദേശിക സമയം പതിനൊന്നരയോടെ ഒരുവിഭാഗം പട്ടാളക്കാര്‍ തലസ്ഥാന നഗരിയിലേക്ക് ഇരച്ചുകയറുകയായിരുന്നു. അങ്കാറയിലെയും ഇസ്താംബൂളിലെയും തന്ത്രപ്രധാനമായ പല സ്ഥലങ്ങളും നിയന്ത്രണത്തിലാക്കി അവര്‍ മുന്നേറി. അത്താതുര്‍ക്ക് വിമാനത്താവളത്തിലേക്കുള്ള പ്രവേശനം തടഞ്ഞ സൈന്യം സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ചാനലിന്റെ നിയന്ത്രണവും കൈക്കലാക്കി. രാജ്യത്ത് പുതിയ ഭരണഘടന കൊണ്ടുവരുമെന്നു പ്രഖ്യാപിച്ചതിന്റെ തുടര്‍ച്ചയായി തുര്‍ക്കിയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചതായും സൈന്യം അറിയിച്ചു.
എന്നാല്‍, പ്രാദേശിക സമയം പന്ത്രണ്ടരയോടെ ഉര്‍ദുഗാന്‍ പട്ടാള അട്ടിമറിക്കെതിരേ തെരുവിലിറങ്ങാന്‍ ജനങ്ങളോട് ആഹ്വാനം ചെയ്തു. ഇതോടെ അട്ടിമറിക്കെതിരേ ആയിരക്കണക്കിനു ജനങ്ങള്‍ തുര്‍ക്കി പതാകയും തക്ബീര്‍ വിളികളും ജനാധിപത്യ മുദ്രാവാക്യങ്ങളുമായി രംഗത്തിറങ്ങി. ജനങ്ങള്‍ തിരിച്ചടിക്കാന്‍ തുടങ്ങിയതോടെ അട്ടിമറിക്കാര്‍ ജനങ്ങള്‍ക്കെതിരേ വെടിയുതിര്‍ക്കാന്‍ തുടങ്ങി. പലര്‍ക്കും ജീവന്‍ നഷ്ടപ്പെട്ടു. പട്ടാള ടാങ്കുകള്‍ക്കു മുന്നില്‍ നിരന്നുകിടന്നും ലഭ്യമായ ആയുധങ്ങള്‍ ഉപയോഗിച്ചു പട്ടാളക്കാര്‍ക്കെതിരേ പ്രതിരോധിച്ചും ജനങ്ങള്‍ ജനാധിപത്യ പുനസ്ഥാപനത്തിനു വേണ്ടിയുള്ള ഉര്‍ദുഗാന്റെ ആഹ്വാനം ഉള്‍ക്കൊണ്ടു രംഗത്തിറങ്ങി.
പ്രാദേശിക സമയം മൂന്നുമണിയോടെ പ്രസിഡന്റ് ഉര്‍ദുഗാന്‍ തലസ്ഥാന നഗരിയിലെ അത്താതുര്‍ക്ക് വിമാനത്താവളത്തില്‍ വന്നിറങ്ങി. അപ്പോഴും അട്ടിമറിശ്രമം പൂര്‍ണമായും അവസാനിച്ചിരുന്നില്ല. തെരുവില്‍ പലയിടങ്ങളിലും ഏറ്റുമുട്ടലുകള്‍ തുടര്‍ന്നു. എന്നാല്‍, ഇതിനും അല്‍പായുസ്സായിരുന്നു. ജനകീയ പ്രതിരോധത്തില്‍ പിടിച്ചുനില്‍ക്കാനാവാതെ അട്ടിമറി ഉദ്യമം ഉപേക്ഷിക്കേണ്ടിവന്നു. ഒരുവിഭാഗം പട്ടാളക്കാര്‍ ആയുധം ഉപേക്ഷിച്ചു കീഴടങ്ങി. അങ്ങനെ ഒരു രാത്രി നീണ്ടുനിന്ന പട്ടാള അട്ടിമറിശ്രമം തുര്‍ക്കി ജനതയുടെ സന്ദര്‍ഭോചിതമായ ഇടപെടല്‍ മൂലം പരാജയപ്പെട്ടു.
പട്ടാള അട്ടിമറിശ്രമം പരാജയപ്പെട്ടെങ്കിലും ആരായിരുന്നു ഈ അട്ടിമറിശ്രമത്തിനു പിന്നിലെന്നോ എന്തായിരുന്നു യഥാര്‍ഥ ലക്ഷ്യമെന്നോ ഇനിയും വ്യക്തമല്ല. അമേരിക്കയില്‍ താമസമാക്കിയ തുര്‍ക്കി വിമതന്‍ ഫതഹുല്ലാ ഗുലാനാണ് അട്ടിമറിക്ക് പിന്നിലെന്ന് ഉര്‍ദുഗാന്‍ അടക്കമുള്ള തുര്‍ക്കി അധികൃതര്‍ ആരോപിക്കുന്നുണ്ട്. ഇതു പൂര്‍ണമായും മുഖവിലയ്‌ക്കെടുക്കാന്‍ സാധിക്കുമോ എന്നറിയില്ല. കാരണം, തുര്‍ക്കി സൈന്യത്തിന്റെയും ജുഡീഷ്യറിയുടെയും സ്വഭാവമനുസരിച്ച് ആത്മീയ പശ്ചാത്തലമുള്ള നേതാവിന് സ്വാധീനമുണ്ടാക്കാനോ അവരെ ഉപയോഗിച്ച് ജനാധിപത്യസര്‍ക്കാരിനെതിരേ അട്ടിമറി നടത്താനോ ഉള്ള പ്രാപ്തിയും ശക്തിയും ഫതഹുല്ലാ ഗുലാനും സംഘത്തിനും ഉണ്ടോ എന്നു സംശയമാണ്.
ജനാധിപത്യവും ജനഹിതവും ഇഷ്ടപ്പെടാത്ത ചെറുതല്ലാത്ത ഒരുവിഭാഗം തുര്‍ക്കിയുടെ അധികാരകേന്ദ്രങ്ങളില്‍ ഇന്നും സജീവമാണ്. ഇസ്‌ലാംവിരുദ്ധ പാശ്ചാത്യ തുര്‍ക്കിയുടെ പിതാവെന്ന് അറിയപ്പെടുന്ന മുസ്തഫ കമാല്‍ പാഷ മുന്നോട്ടുവയ്ക്കുന്ന മതരഹിതമായ പാശ്ചാത്യസംസ്‌കൃതി തുര്‍ക്കിയില്‍ ജനഹിതത്തെ നിരാകരിച്ചും അടിച്ചേല്‍പിക്കണമെന്ന് ആഗ്രഹിക്കുകയും അതിനുവേണ്ടി ഇടപെടലുകള്‍ നടത്തുകയും ചെയ്യാന്‍ മടിക്കാത്ത ഒരുവിഭാഗം സൈന്യത്തിലും ജുഡീഷ്യറിയിലും ഇപ്പോഴും സജീവമാണ്.
ആധുനിക തുര്‍ക്കിയുടെ ചരിത്രത്തില്‍ നിരവധി തവണ അവര്‍ ഈ ലക്ഷ്യത്തോടെ ജനാധിപത്യസര്‍ക്കാരുകള്‍ക്കെതിരേ അട്ടിമറികള്‍ നടത്തിയിട്ടുണ്ട്. ഇതില്‍ ഏറ്റവും ഒടുവില്‍ വിജയകരമായി നടന്ന സൈനിക അട്ടിമറി 1997ല്‍ ജനാധിപത്യഭരണം നടത്തിയ നജ്മുദ്ദീന്‍ അര്‍ബകാന്റെ നേതൃത്വത്തിലുള്ള സര്‍ക്കാരിനെ അട്ടിമറിച്ചുകൊണ്ടായിരുന്നു. മുസ്തഫ കമാല്‍ പാഷ അടിച്ചേല്‍പിച്ച  ഇസ്‌ലാംവിരുദ്ധ പാശ്ചാത്യസംസ്‌കൃതിയില്‍ ഊന്നിയ തുര്‍ക്കി സാമൂഹികസാഹചര്യങ്ങളില്‍നിന്നു തുര്‍ക്കി ജനതയുടെ യഥാര്‍ഥ സ്വത്വം തേടിയുള്ള ജനാധിപത്യശ്രമത്തിനായിരുന്നു വെല്‍ഫെയര്‍ പാര്‍ട്ടിയുടെ ആഭിമുഖ്യത്തില്‍ ഡോ. നജ്മുദ്ദീന്‍ അര്‍ബകാന്റെ നേതൃത്വത്തില്‍ തുടക്കമിട്ടത്. ഇപ്പോള്‍ ഭരണം നടത്തുന്ന എകെ പാര്‍ട്ടിയടക്കം പല പാര്‍ട്ടികളും പ്രസിഡന്റ് ഉര്‍ദുഗാനടക്കം ഇസ്‌ലാമിക പശ്ചാത്തലമുള്ള രാഷ്ട്രീയനേതാക്കളും തുര്‍ക്കി രാഷ്ട്രീയത്തില്‍ രൂപംകൊള്ളുന്നതും ജനശ്രദ്ധനേടുന്നതും വെല്‍ഫെയര്‍ പാര്‍ട്ടിയുടെയും നജ്മുദ്ദീന്‍ അര്‍ബകാന്റെയും തുടര്‍ച്ചയില്‍നിന്നാണ്. തുര്‍ക്കിയുടെ പാശ്ചാത്യവിധേയത്വത്തിനെതിരേയും അമേരിക്കന്‍ ദാസ്യത്തിനെതിരേയും കലഹിച്ചിരുന്ന അര്‍ബകാന്‍ പരിഷ്‌കരണങ്ങള്‍ക്കു തുടക്കമിട്ടു. അതിനിടയിലാണ് പട്ടാളം അട്ടിമറി നടത്തി അധികാരം പിടിച്ചെടുക്കുന്നതും അര്‍ബകാനെ അറസ്റ്റ് ചെയ്യുന്നതും. 2003ലും 2007ലും ഒക്കെ അട്ടിമറിശ്രമങ്ങള്‍ ഉണ്ടായിട്ടുണ്ടെങ്കിലും അതൊക്കെ പരാജയപ്പെടുകയാണുണ്ടായത്. അതുകൊണ്ടുതന്നെ സൈനിക അട്ടിമറിക്കു പിന്നില്‍ തുര്‍ക്കിയുടെ ഇസ്‌ലാമികധാരയിലേക്കുള്ള തിരിച്ചുപോക്ക് ഇഷ്ടപ്പെടാത്ത പാശ്ചാത്യ സയണിസ്റ്റ് ബന്ധമുള്ള സൈനികരും ഉദ്യോഗസ്ഥരുമാവുമെന്ന നിഗമനം ശക്തമാണ്.
അതേസമയം, ഇസ്രായേല്‍ അടക്കമുള്ള രാജ്യങ്ങളുമായി ഉര്‍ദുഗാന്‍ ഭരണകൂടം സമീപകാലത്തായി സ്വീകരിച്ചുവരുന്ന സൗഹൃദബന്ധങ്ങളും ഇറാഖിലും സിറിയയിലും ഇസ്‌ലാമിക് സ്റ്റേറ്റിനെതിരേ പോരാടുന്ന സഖ്യശക്തികള്‍ക്ക് തുര്‍ക്കി നല്‍കുന്ന സൗകര്യങ്ങളും യുദ്ധരംഗത്തെ നേരിട്ടുള്ള ഇടപെടലും പരിഗണിക്കുമ്പോള്‍ ഇന്നത്തെ സാഹചര്യത്തില്‍ ഇസ്രായേലോ അമേരിക്കയോ തുര്‍ക്കിയെ അസ്ഥിരപ്പെടുത്താനും അട്ടിമറി നടത്താനും ശ്രമിക്കുമോ എന്ന ചോദ്യവും പ്രസക്തമാണ്.  പ്രത്യേകിച്ചും ഇറാഖില്‍ ഇടപെടുന്നതിന് അമേരിക്ക തുര്‍ക്കിയിലെ അമേരിക്കന്‍ ബേസ് ഉപയോഗിക്കുന്നുമുണ്ട്. ഇത്തരമൊരു സാഹചര്യത്തില്‍ സൈനിക അട്ടിമറിക്കു പിന്നില്‍ റഷ്യയുടെ പങ്കിലേക്ക് വിരല്‍ചൂണ്ടുന്നവരുമുണ്ട്. അതിനു കാരണവുമുണ്ട്. തുര്‍ക്കി അതിര്‍ത്തി ലംഘിച്ചു എന്നു ചൂണ്ടിക്കാട്ടി റഷ്യന്‍ യുദ്ധവിമാനം തുര്‍ക്കി വെടിവച്ചിട്ടതില്‍ പിന്നെ തുര്‍ക്കി ഭരണകൂടത്തോട് റഷ്യക്ക് വിരോധമുണ്ട്. നാറ്റോ താല്‍പര്യത്തിനുവേണ്ടിയാണ് തുര്‍ക്കി റഷ്യന്‍ യുദ്ധവിമാനം വെടിവച്ചിട്ടതെന്ന് ആരോപിച്ചിട്ടുമുണ്ട്. ഇതിനു തുര്‍ക്കി കനത്ത വില നല്‍കേണ്ടിവരുമെന്നു റഷ്യ മുന്നറിയിപ്പു നല്‍കിയതുമാണ്. തുര്‍ക്കി സൈന്യത്തിലെ അസംതൃപ്തരായ സൈനികരെ സമര്‍ഥമായി ഉപയോഗിച്ച് റഷ്യയുടെ കാര്‍മികത്വത്തില്‍ നടന്നതാണ് തുര്‍ക്കിയിലെ പരാജയപ്പെട്ട പട്ടാള അട്ടിമറിശ്രമം എന്ന വാദവും ശക്തമാണ്.
അപ്രതീക്ഷിതമായി ലഭിച്ച അവസരം ഉര്‍ദുഗാന്‍ ശരിക്കും ഉപയോഗിക്കുന്നുണ്ടെന്നുതന്നെയാണ് തുടര്‍നടപടികളില്‍നിന്നു വ്യക്തമാവുന്നത്. ഇനിയൊരു പട്ടാള അട്ടിമറിക്ക് സാധ്യതയില്ലാത്തവിധം തുര്‍ക്കി ചരിത്രത്തിലെ ഏറ്റവും വലിയ തിരുത്തല്‍ നടപടികള്‍ക്ക് തുടക്കംകുറിച്ചുകഴിഞ്ഞു.  സൈന്യത്തിലും ജുഡീഷ്യറിയിലും വിവിധ സര്‍ക്കാര്‍ സ്ഥാപനങ്ങളിലും പ്രവര്‍ത്തിക്കുന്ന അരലക്ഷത്തിലധികംപേരെയാണ് തുര്‍ക്കി സര്‍ക്കാര്‍ പിരിച്ചുവിട്ടിരിക്കുന്നത്.  21,000ത്തില്‍ പരം അധ്യാപകരെയും പിരിച്ചുവിട്ടിട്ടുണ്ട്. അട്ടിമറിക്ക് അണിയറയിലും അരങ്ങിലും പ്രവര്‍ത്തിച്ചവര്‍ക്കെതിരേയുള്ള കര്‍ശനമായ നടപടിയുടെ ഭാഗമായി വധശിക്ഷ തിരിച്ചുകൊണ്ടുവരുമെന്നും പ്രസിഡന്റ് ഉര്‍ദുഗാന്‍ പ്രഖ്യാപിച്ചിട്ടുണ്ട്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 139 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക