|    Dec 16 Sun, 2018 2:10 pm
FLASH NEWS

തുരുത്തി കോളനിയിലെ സമരം വ്യാപിപ്പിക്കുന്നു

Published : 7th June 2018 | Posted By: kasim kzm

പാപ്പിനിശ്ശേരി: ദേശീയപാത അലൈന്‍മെന്റ് മാറ്റിയതുമായി ബന്ധപ്പെട്ട് തുരുത്തി കോളനി നിവാസികള്‍ നടത്തുന്ന സമരം വ്യാപിപ്പിക്കുന്നു. തങ്ങളുടെ ആവശ്യങ്ങള്‍ സര്‍ക്കാര്‍ അംഗീകരിക്കുന്നില്ലെങ്കില്‍ സമരം ദേശീയപാതയിലേക്ക് വ്യാപിപ്പിക്കാനാണു സമരസമിതിയുടെ നീക്കം. സമരത്തിന്റെ ഭാഗമായി 11ന് ദേശീയ പാത ഉപരോധിക്കാനാണ് സമരസമിതിയുടെ തീരുമാനം.
സംഭവത്തില്‍ പാപ്പിനിശ്ശേരി തുരുത്തി സ്വദേശി നല്‍കിയ അന്യായത്തെ തുടര്‍ന്ന് ദേശീയപാതാ അതോറിറ്റി, സംസ്ഥാന സര്‍ക്കാര്‍, ജില്ലാ കലക്്ടര്‍ എന്നിവരോട് ബൈപാസ് അലൈന്‍മെന്റ് സംബന്ധിച്ച് വിശദമായ റിപോര്‍ട്ട് രണ്ടാഴ്ചക്കകം സമര്‍പ്പിക്കാന്‍ ഹൈക്കോടതി ഉത്തരവിട്ടെങ്കിലും അധികൃതര്‍ നടപടിയൊന്നും സ്വീകരിച്ചിട്ടില്ല. അതിനിടെ, സമരമത്തിനു വീര്യം പകര്‍ന്ന് വിദ്യാര്‍ഥികള്‍ നടത്തിയ പട്ടിണി സമരം ജനശ്രദ്ധയാകര്‍ഷിച്ചു. ആറാംക്ലാസ് മുതല്‍ ബിഡിഎസ് വരെ പഠിക്കുന്ന വിദ്യാര്‍ഥിനികളാണ് തങ്ങളുടെ കിടപ്പാടം നഷ്ടപ്പെടുന്നത് ചെറുക്കാനെത്തിയത്.
കുട്ടികളുടെ പട്ടിണിസമരം എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി കെ കെ അബ്്ദുല്‍ ജബ്ബാര്‍ ഉദ്ഘാടനം ചെയ്തു. ദലിതുകളെയും പിന്നാക്കക്കാരെയും കുടിയൊഴിപ്പിക്കുമ്പോള്‍ ഒരു സര്‍ക്കാരുകള്‍ക്കും മനോവിഷമമില്ലെന്നും പോലിസിനെ ഉപയോഗിച്ച് കടന്നാക്രമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. നിലനില്‍പിനും അതിജീവനത്തിനും വേണ്ടിയുള്ള സമരത്തിന് രക്തബന്ധുക്കളെന്ന നിലയില്‍ എല്ലാവിധ പിന്തുണയുണ്ടാവുമെന്നും അദ്ദേഹം പറഞ്ഞു. സമരസമിതി പ്രവര്‍ത്തകരായ നിശില്‍ കുമാര്‍, കെ സിന്ദു, പത്മനാഭന്‍ മൊറാഴ, രമേശന്‍, ഷാഫി, പനയന്‍ കുഞ്ഞിരാമന്‍, സതീശന്‍ പള്ളിപ്പുറം, എം കെ ജയരാജന്‍, ടി ഭദ്രന്‍ സംസാരിച്ചു. സമരത്തിനു പിന്തുണയുമായി എസ്ഡിപിഐ നേതാക്കള്‍ സമരപ്പന്തല്‍ സന്ദര്‍ശിച്ചു. അഴീക്കോട് മണ്ഡലം കമ്മിറ്റിയംഗം സി ഷാഫി, പഞ്ചായത്ത് പ്രസിഡന്റ് ഹംസക്കുട്ടി എന്നിവരാണ് സന്ദര്‍ശിച്ചത്.
ദേശീയപാത വികസനത്തിനു വേണ്ടി തയ്യാറാക്കിയ പുതിയ അലൈന്‍മെന്റ് പ്രകാരം പാപ്പിനിശ്ശേരി തുരുത്തി, വേളാപുരം, എന്നിവിടങ്ങളിലായി 400ലേറെ കുടുംബങ്ങളെയാണ് കുടിയൊഴിപ്പിക്കേണ്ടിവരുന്നത്. വിഐപികള്‍ക്കു വേണ്ടിയുള്ള കുടിയൊഴിപ്പിക്കലിനെതിരേ തുരുത്തിയിലും കോട്ടക്കുന്നും ദിവസങ്ങളായി സമരം നടക്കുകയാണ്.
ഇതിന്റെ ഭാഗമായി നിലവില്‍ നിരവധി പ്രക്ഷോഭ പരിപാടികള്‍ കോളനിയില്‍ നടന്നുകഴിഞ്ഞു. 30ലേറെ പട്ടികജാതി കുടുംബങ്ങളെ ഒഴിപ്പിക്കുന്ന അലൈന്‍മെന്റ് റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് തുരുത്തിയില്‍ സമരം നടക്കുന്നത്. പുതിയ അലൈന്‍മെന്റ് പ്രകാരം ആരാധനാകേന്ദ്രമായ പുലയക്കോട്ടവും നാഗത്തറയുമുള്‍പ്പെടെ ഇല്ലാതാവുമെന്നാണ് ഇവരുടെ വാദം.
ദേശീയപാതാ അതോറിറ്റി ആദ്യം രണ്ട് അലൈന്‍മെന്റുകള്‍ പ്രഖ്യാപിച്ചിരുന്നെങ്കിലും രണ്ടും റദ്ദാക്കിയാണ് തുരുത്തി കോളനിയെ അപ്പാടെ പിഴുതെറിയുന്ന മൂന്നാമത് അലൈന്‍മെന്റിന് അനുമതി നല്‍കിയത്.
സ്ഥലമേറ്റെടുക്കുന്നതിനുള്ള സര്‍വേ നടപടികള്‍ക്കായി ഉദ്യോഗസ്ഥരെത്തിയപ്പോള്‍ ചോദ്യം ചെയ്ത സ്ത്രീകളെയും കുട്ടികളെയുമുള്‍പ്പെടെ പോലിസ് അറസ്റ്റ് ചെയ്യുകയും സര്‍വേ കഴിയുന്നത് വരെ പോലിസ് സ്‌റ്റേഷനില്‍ കസ്റ്റഡിയില്‍ വയ്ക്കുകയും ചെയ്തിരുന്നു. ഇതോടെയാണ് കുടില്‍കെട്ടി സമരം ശക്തമാക്കിയത്.
സമരം ഇന്നലെ 40 ദിവസം പൂര്‍ത്തിയാക്കി. ലോകപരിസ്ഥിതി ദിനാചരണ ത്തിന്റെ ഭാഗമായി കര്‍മസമിതി പ്രവര്‍ത്തകര്‍ തുരുത്തി പുഴയോരത്ത് കണ്ടല്‍ ചെടികള്‍ നടുകയും പ്രമുഖ പരിസ്ഥിതി പ്രവര്‍ത്തകനായ കല്ലേന്‍ പൊക്കുടന്‍ അനുസ്മരണ സമ്മേളനവും നടത്തി. എം ഗീതാനന്ദന്‍, കെ നിഷില്‍കുമാര്‍, പപ്പന്‍ മൊറാഴ, എ ലീല, കെ രൂപേഷ് കുമാര്‍, കെ സിന്ധു നേതൃത്വം നല്‍കി. കുട്ടികളും സ്ത്രീകളും വൃദ്ധരുമുള്‍പ്പെടെയുള്ളവര്‍ നേതൃത്വം നല്‍കുന്ന സമരം വരുംദിവസങ്ങളില്‍ കൂടുതല്‍ ശക്തമാക്കാനാണു തീരുമാനം.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss