|    Nov 18 Sun, 2018 5:34 pm
FLASH NEWS

തുരങ്കത്തിനൊടുവിലെ വെളിച്ചം

Published : 25th August 2015 | Posted By: admin

ഫലസ്തീന്‍ പ്രശ്‌നത്തെക്കുറിച്ച് ഒരു പ്രഫഷനല്‍ നാടകമെന്ന സങ്കല്‍പ്പം അല്‍പ്പം കൈ പൊള്ളുന്നതാണ്. എന്നാല്‍, ഇതാ ഒരു കൂട്ടം കലാകാരന്‍മാര്‍ ഈ സങ്കല്‍പ്പവും സാക്ഷാല്‍ക്കരിച്ചിരിക്കുന്നു, തുരങ്കത്തിനൊടുവില്‍ വെളിച്ചമുണ്ട് എന്ന നാടകത്തിലൂടെ

മൈത്രേയന്‍

ഫലസ്തീന്‍ ഇതിവൃത്തമാക്കി സിനിമകളും ടെലിവിഷന്‍ നാടകങ്ങളും തെരുവുനാടകങ്ങളുമുണ്ടായിട്ടുണ്ട്. ഇന്തോനീസ്യന്‍ നാടകപ്രവര്‍ത്തകരുടെ സോളിഡാരിറ്റി ഓഫ് ഫലസ്തീന്‍ എന്ന രണ്ടാള്‍ നാടകം ഒരു തെരുവുനാടകമായിരുന്നു. അതുപോലെ തന്നെ ഇക്കഴിഞ്ഞ ‘ഇറ്റ്‌ഫോക്കി’ല്‍ ഫലസ്തീന്‍ ഫ്രീഡം തിയേറ്റര്‍ അവതരിപ്പിച്ച ദി ഐലന്റ് എന്ന ചെറുനാടകം, തടവറയില്‍ കഴിയുന്ന രണ്ടു പേര്‍ ആന്റിഗണി നാടകം പരിശീലിക്കുന്നതിന്റെ കഥ പറഞ്ഞുകൊണ്ട്, ഫലസ്തീന്‍ രാഷ്ട്രീയം പറയുകയായിരുന്നു. എന്നാല്‍, ലോകത്ത് ഇദംപ്രഥമമായി ഫലസ്തീന്‍ പോരാട്ടങ്ങളുടെ നേര്‍ക്കാഴ്ചകളുമായി ഒരു പ്രഫഷനല്‍ നാടകം എന്ന ഖ്യാതി തുരങ്കത്തിനൊടുവില്‍ വെളിച്ചമുണ്ട് എന്ന നാടകത്തിനായിരിക്കും. ഒരു അന്തര്‍ദേശീയ പ്രശ്‌നം പ്രമേയമാക്കിയെന്നു മാത്രമല്ല, അതിന് അന്തര്‍ദേശീയ നിലവാരത്തിലുള്ള രംഗാവതരണമൊരുക്കിയിരിക്കുന്നു മലബാര്‍ കലാസമിതിയുടെ പ്രവര്‍ത്തകര്‍. പ്രമുഖ എഴുത്തുകാരനും നാടകപ്രവര്‍ത്തകനുമായ സിവിക് ചന്ദ്രന്‍, ഫലസ്തീന്‍ പക്ഷത്തു നിന്നും മുസ്‌ലിം പക്ഷത്തുനിന്നും പ്രശ്‌നങ്ങള്‍ വിശകലനം ചെയ്യാന്‍ ശ്രമിച്ചതിന് ഇതിന്റെ അണിയറയില്‍ പ്രവര്‍ത്തിച്ചവരെ ശ്ലാഘിച്ചതും മറ്റൊന്നും കൊണ്ടല്ല. തൃശൂര്‍ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന മലബാര്‍ കലാസമിതിയുടെ 25ാം വാര്‍ഷിക നാടകമാണ് തുരങ്കത്തിനൊടുവില്‍ വെളിച്ചമുണ്ട്. ചേറൂര്‍ ചിന്ത്, രക്തസാക്ഷി പൂര്‍ണിമ, കുഞ്ഞാലി മരയ്ക്കാര്‍, ടിപ്പുസുല്‍ത്താന്‍ എന്നീ ചരിത്രനാടകങ്ങള്‍ക്കു ശേഷമാണു മലബാര്‍ കലാസമിതി ഈ നാടകവുമായി ആസ്വാദകരെ സമീപിക്കുന്നത്. നജീബ് കിലാനി, റജാ ഗരോദി, മഹ്മൂദ് ദാര്‍വിശ് തുടങ്ങി സച്ചിദാനന്ദന്‍, ഒ.എന്‍. വി, പ്രഫ. എ. കെ. രാമകൃഷ്ണന്‍ വരെയുള്ള ഒട്ടനവധി പേരുടെ രചനകളെ ആശ്രയിച്ചാണ് ഈ നാടകത്തിന്റെ രംഗഭാഷയൊരുക്കിയിട്ടുള്ളതെന്നു രചനയും സംവിധാനവും പശ്ചാത്തലസംഗീതവും നിര്‍വഹിച്ച അബ്ബാസ് കാളത്തോട് പറഞ്ഞു. സുമയ്യയുടെ കഥയാസര്‍ അറഫാത്തിന്റെ വെസ്റ്റ്ബാങ്കിലെ അപ്പാര്‍ട്ട്‌മെന്റില്‍ ജോലിചെയ്തിരുന്ന സുമയ്യ ബാത്തൂല്‍ എന്ന ഫലസ്തീനി രക്തസാക്ഷിയുടെ ആത്മകഥനമാണ് നാടകത്തിന്റെ ഇതിവൃത്തം. ഇസ്രായേല്‍ പട്ടാളജനറല്‍ യേറ്റം ഒരിക്കല്‍ യാസര്‍ അറഫാത്തിന്റെ ഒമ്പതു വയസ്സുള്ള മകള്‍ ഹുദയെ അറസ്റ്റ് ചെയ്യാന്‍ അപ്പാര്‍ട്ട്‌മെന്റിലെത്തുന്നു. സ്ത്രീലമ്പടനായ യേറ്റത്തിനെ കബളിപ്പിച്ച് ഹുദയെയും അറഫാത്തിനെയും തുരങ്കംവഴി തുണീസ്യയിലേക്കു രക്ഷപ്പെടുത്തുന്നത് സുമയ്യയാണ്. അതിന് സുമയ്യക്ക് കനത്ത വിലനല്‍കേണ്ടിവന്നു. യേറ്റം അവളെ ഹിബ്രോണിലേക്കു തട്ടിക്കൊണ്ടുപോയി വെപ്പാട്ടിയാക്കുന്നു. സുമയ്യയെ ഇഷ്ടപ്പെട്ടിരുന്ന മിലാദ് ഹുസയ്ന്‍ എന്ന ഹമാസ് പ്രവര്‍ത്തകന്‍ വേഷപ്രച്ഛന്നനായി ഹിബ്രോണിലെത്തുന്നു. തുടര്‍ന്ന് യേറ്റം കൊല്ലപ്പെടുന്നു. സുമയ്യയും മിലാദും ഗസയിലെത്തുന്നു. അവരുടെ വിവാഹരാത്രിയില്‍ ഗസയില്‍ ഇസ്രായേല്‍ ബോംബാക്രമണം നടത്തുന്നു. മിലാദ് പിടിക്കപ്പെടുകയും വധശിക്ഷയ്ക്കു വിധിക്കപ്പെടുകയും ചെയ്യുന്നു.ആക്രമണത്തില്‍ പരിക്കേറ്റ സുമയ്യയെ അമേരിക്കന്‍ ഡോക്ടര്‍ ആന്‍ ചികില്‍സിച്ച് ഭേദമാക്കുന്നു. അവളുടെ വിഷാദത്തിനും എകാന്തതയ്ക്കും പരിഹാരമായി ഒരു കുഞ്ഞ് ജനിക്കണമെന്നായിരുന്നു അദ്ദേഹത്തിന്റെ നിര്‍ദേശം. എന്നാല്‍, മറ്റൊരു വിവാഹത്തെക്കുറിച്ച് ചിന്തിക്കാന്‍ പോലും സന്നദ്ധയല്ലായിരുന്ന സുമയ്യ ഡോക്ടറുടെ നിര്‍ദേശപ്രകാരം ഇസ്രായേല്‍ പട്ടാളക്കാരുടെ കണ്ണുവെട്ടിച്ച്, ജയിലിലുള്ള മിലാദിന്റെ ബീജം ശേഖരിച്ച് ഹോസ്പിറ്റലിലെത്തിക്കുന്നു. അങ്ങനെ സുമയ്യ ഗര്‍ഭിണിയാവുന്നു.സുമയ്യ ഒരാണ്‍കുഞ്ഞിന് ജന്‍മം നല്‍കുന്നു. ഹുസയ്ന്‍ എന്ന ആ കുഞ്ഞിനെ സുമയ്യ വളര്‍ത്തി വലുതാക്കുന്നു. ഗര്‍ഭിണികളെ വേട്ടയാടുന്ന ഇസ്രായേല്‍ പട്ടാളക്കാരനെ ബാലനായ ഹുസയ്ന്‍ കല്ലെറിഞ്ഞു വീഴ്ത്തുന്നു. ഇസ്രായേല്‍ പട്ടാളക്കാര്‍ ഹുസയ്‌നെ വെടിവയ്ക്കുന്നു. ഈ ദുരന്തത്തില്‍ സമനില തെറ്റിയ സുമയ്യ ബാത്തൂല്‍ ഒരു മനുഷ്യബോംബായി പൊട്ടിത്തെറിക്കുന്നു. ധീരമായ സംരംഭംഹൃദയസ്പൃക്കായ ഈ കഥ അവിസ്മരണീയമാക്കുന്നതില്‍ ഇതിലെ കഥാപാത്രങ്ങളെ രംഗത്തവതരിപ്പിച്ചവരെ എത്ര പ്രശംസിച്ചാലും മതിയാവില്ല. ഫലസ്തീന്‍ സ്ത്രീകളുടെ ദുരിതം ആവിഷ്‌കരിക്കുന്നതില്‍ ഇതിലെ സ്ത്രീകലാകാരികള്‍ മുന്നിട്ടുനില്‍ക്കുന്നു. സുമയ്യ ബാത്തൂലിനെ അനശ്വരമാക്കിയ സ്‌നേഹ യൂബി അഭിനയത്തികവിന്റെ മൂര്‍ത്തിമല്‍ഭാവമായിരുന്നു. ഒമ്പതാംക്ലാസ് വിദ്യാര്‍ഥിനിയായ ഈ കോഴിക്കോട്ടുകാരിക്കായിരുന്നു നല്ല നടിക്കുള്ള എന്‍.പി. അബു മെമ്മോറിയല്‍ അവാര്‍ഡ്. ഹാദ്ജി ഉമ്മയായി അഭിനയിച്ച സരോജിനി പരമേശ്വരന്‍ ഫലസ്തീന്‍ ഉമ്മമാരുടെ അവസ്ഥാന്തരങ്ങളിലൂടെ കാണികളുടെ കണ്ണ് നിറച്ചു. മഹാത്മാഗാന്ധിയും ഹിറ്റ്‌ലറും നാടകമുഹൂര്‍ത്തങ്ങളില്‍ പ്രത്യക്ഷരാവുന്നതും കൗതുകമുണര്‍ത്തി. നാടകത്തിലെ ഗാനം പ്രമുഖ സെര്‍ബിയന്‍ കവയിത്രി അല്‍മ ബന്ദിച്ച് എഴുതിയ കവിതയുടെ തര്‍ജ്ജമയാണ്. ഗാനം ചിട്ടട്ടപ്പെടുത്തി ശ്രവണസുന്ദരമാക്കിയത് ബാലമുരളിയും. ആധുനിക ശബ്ദ-വെളിച്ച സാങ്കേതികത്തികവോടെ ഈ നാടകം രംഗത്തവതരിപ്പിച്ച മലബാര്‍ കലാസമിതി ബഹുമതി അര്‍ഹിക്കുന്നു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss