|    Sep 22 Fri, 2017 1:02 am

തുമ്പൂര്‍മുഴി ഗാര്‍ഡനില്‍ അടിസ്ഥാന സൗകര്യങ്ങളൊരുക്കി; സഞ്ചാരികളുടെ എണ്ണത്തില്‍ വന്‍ വര്‍ധന

Published : 25th October 2016 | Posted By: SMR

ചാലക്കുടി: തുമ്പൂര്‍മുഴി ഗാര്‍ഡന്‍ സന്ദര്‍ശിച്ച സഞ്ചാരികളുടെ എണ്ണത്തില്‍ വന്‍ വര്‍ധന. മുന്‍കാലങ്ങളെ അപേക്ഷിച്ച് ഇവിടെ സന്ദര്‍ശിച്ചവരുടെ എണ്ണത്തില്‍ റെക്കോര്‍ഡ് വര്‍ധനവാണ് ഈ സീസണിലുണ്ടായത്. അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കിയതാണ് ഈ വര്‍ധനവിന് കാരണമായത്. പൂജ അവധി ദിനങ്ങളില്‍ പ്രതിദിനം ആയിരക്കണക്കിന് സഞ്ചാരികളാണ് തുമ്പൂര്‍മുഴി ഗാര്‍ഡന്‍ സന്ദര്‍ശിച്ചത്. മുന്‍ വര്‍ഷങ്ങളില്‍ ഇത് നാലായരത്തില്‍ താഴെയായിരുന്നു. ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സിലിന്റെ നേതൃത്വത്തില്‍ നടത്തിയ വികസന പ്രവര്‍ത്തികളും സഞ്ചാരികളെ ഇവിടേക്ക് ആകര്‍ഷിക്കാന്‍ കാരണമായി. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ വിശ്രമിക്കാനും ആസ്വദിക്കാനും ഗാര്‍ഡന്‍ സജ്ജമാക്കിയതാണ് സഞ്ചാരികളെ ഇവിടേക്ക് ആഘര്‍ഷിക്കുന്നത്. ഇവിടത്തെ ഗാര്‍ഡണ്‍, പാര്‍ക്കിംഗ് സൗകര്യം, പുഴക്കരികിലേക്ക് അപകടങ്ങളൊന്നുമില്ലാതെ എത്താനായി ഒരുക്കിയിട്ടുള്ള സജ്ജീകരണങ്ങള്‍, ബട്ടര്‍ഫ്‌ളൈ പാര്‍ക്ക് തുടങ്ങിയവയെല്ലാം ഇവിടത്തെ പ്രത്യേകതകളാണ്.  പുഴക്ക് കുറുകെ ഇരുകരകളേയും ബന്ധിപ്പിച്ച് നിര്‍മ്മിച്ചിട്ടുള്ള തൂക്കുപാലം തന്നെയാണ് ഇവിടത്തെ പ്രധാന ആകര്‍ഷണം. അവധി ദിവസങ്ങളില്‍ തൂക്കുപാലത്തില്‍ സഞ്ചാരികളുടെ വന്‍ തിരക്കാണ് അനുഭവപ്പെടുന്നത്. കാടിനെ അടുത്തറിയാനായി ജംഗിള്‍ സഫാരി ട്രിപ്പുകളും ഇവിടെ ഒരുക്കുന്നുണ്ട്. ചാലക്കുടിയില്‍ നിന്നും മലക്കപ്പാറ, ഷോളയാര്‍, വാല്‍പ്പാറ, നെല്ലിയാംപതി എന്നിവടങ്ങളിലേക്കുള്ള ടൂര്‍ പാക്കേജുകളാണ് സഞ്ചാരികള്‍ക്കായി ഒരുക്കിയിട്ടുള്ളത്. നവംബര്‍ ആദ്യത്തെ ആഴ്ച മുതല്‍ കുട്ടികള്‍ക്കായുള്ള പ്രത്യേക ജംഗിള്‍ സവാരി പാക്കേജ് ആരംഭിക്കും. കാട് അടുത്തറിയാനും കുട്ടികളില്‍ പ്രകൃതി സ്‌നേഹം വളര്‍ത്താനുമായാണ് ഇത്തരത്തിലുള്ള പാക്കേജ് അധികൃതര്‍ ഒരുക്കുന്നത്. ലോവര്‍ ഷോളയാര്‍വരെയുള്ള ഈ വനയാത്രക്ക് ഭക്ഷണം ഉള്‍പ്പെടെ ഒരുകുട്ടിയില്‍ നിന്നും അഞ്ഞൂറ് രൂപ മാത്രമാണ് ഈടാക്കുന്നത്. സ്‌കൂളില്‍ നിന്നും കുട്ടികളെ വാഹനത്തില്‍ കൊണ്ടുപോയി തിരികെയെത്തിക്കുന്ന തരത്തിലാണ് പാക്കേജ് സജ്ജീകരിക്കുന്നത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക