|    Jul 27 Thu, 2017 8:14 pm
FLASH NEWS
Home   >  Todays Paper  >  page 9  >  

തുണീസ്യയില്‍ ഐക്യസര്‍ക്കാരിന് പാര്‍ലമെന്റ് അംഗീകാരം

Published : 28th August 2016 | Posted By: SMR

തുണിസ്: തുണീസ്യയില്‍ യൂസുഫ് അശ്ശാഹിദിന്റെ നേതൃത്വത്തിലുള്ള പുതിയ ഐക്യസര്‍ക്കാരിന് പാര്‍ലമെന്റിന്റെ അംഗീകാരം. ഇന്നലെ നടന്ന ഹിതപരിശോധനയില്‍ സര്‍ക്കാരിന് അനുകൂലമായി 22നെതിരേ 167 പാര്‍ലമെന്റ് അംഗങ്ങള്‍ വോട്ട് ചെയ്തതായി എഎഫ്പി വാര്‍ത്താ ഏജന്‍സി റിപോര്‍ട്ട് ചെയ്തു.
കഴിഞ്ഞ സര്‍ക്കാര്‍ പിരിച്ചുവിട്ട് ഒരുമാസത്തിനുള്ളിലാണ് രാജ്യത്ത് പുതിയ സര്‍ക്കാര്‍ വിശ്വാസവോട്ട് നേടുന്നത്. അടുത്ത ദിവസങ്ങളില്‍ തന്നെ അശ്ശാഹിദിന്റെ നേതൃത്വത്തിലുള്ള മന്ത്രിസഭ അധികാരമേല്‍ക്കും. 1956ല്‍ ഫ്രാന്‍സില്‍നിന്ന് സ്വാതന്ത്ര്യം നേടിയ രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രിയാവും 40കാരനായ അശ്ശാഹിദ്.
മതേതര, ഇസ്‌ലാമിക, ഇടതുപക്ഷ കക്ഷികളും തൊഴിലാളി യൂനിയനുകളുടെ പ്രതിനിധികളും സ്വതന്ത്രരും അടങ്ങുന്ന സഖ്യത്തിന്റെ ഭാഗമായാണ് അശ്ശാഹിദ് വോട്ടെടുപ്പിനെ നേരിട്ടത്. രാജ്യം സാമ്പത്തിക പ്രതിസന്ധി മറികടന്നില്ലെങ്കില്‍ കടുത്ത നിയന്ത്രണങ്ങള്‍ കൊണ്ടുവരുമെന്ന് നിയുക്ത പ്രധാനമന്ത്രി അശ്ശാഹിദ് മുന്നറിയിപ്പു നല്‍കിയിരുന്നു. സാമ്പത്തികസ്ഥിതി മോശമായി തുടരുകയാണെങ്കില്‍ അടുത്തവര്‍ഷത്തോടെ കര്‍ക്കശമായ നയം രൂപീകരിക്കേണ്ടി വരുമെന്നും അതിന്റെ ഭാഗമായി പൊതുമേഖലാ സ്ഥാപനങ്ങളിലെ ആയിരക്കണക്കിന് ജീവനക്കാരെ പിരിച്ചുവിടേണ്ടിവരുമെന്നും പുതിയ നികുതികള്‍ ചുമത്തുമെന്നും വോട്ടെടുപ്പിനു മുമ്പ് പാര്‍ലമെന്റിനെ അഭിസംബോധന ചെയ്യവേ അശ്ശാഹിദ് അറിയിച്ചു. സാമ്പത്തിക പ്രതിസന്ധി മറികടക്കുന്നതിനായി ലോകബാങ്കും ഐഎംഎഫും മുന്നോട്ടുവച്ച സാമ്പത്തിക പരിഷ്‌കാരങ്ങളുമായി മുന്നോട്ടുപോവുമെന്നും അദ്ദേഹം വ്യക്തമാക്കി. അഴിമതിക്കും ഭീകരവാദത്തിനുമെതിരായ പോരാട്ടത്തിനു പ്രാധാന്യം നല്‍കുമെന്നും അനധികൃതമായ സമരങ്ങളോട് കര്‍ശനമായാവും പ്രതികരിക്കുകയെന്നും നിയുക്ത പ്രധാനമന്ത്രി അറിയിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക