|    Jun 25 Mon, 2018 5:36 pm
FLASH NEWS
Home   >  Editpage  >  Middlepiece  >  

തുണിത്തരവകുപ്പിന് ഒരു സീരിയല്‍ മന്ത്രി

Published : 10th July 2016 | Posted By: SMR

slug--indraprasthamഒരുപതിറ്റാണ്ടിലേറെ മുമ്പ് 1999ല്‍ വാജ്‌പേയിയുടെ മന്ത്രിസഭ അധികാരത്തിലേറിയ കാലത്ത് മനുഷ്യവിഭവശേഷി മന്ത്രാലയത്തിന്റെ ചുമതലക്കാരനായി നിശ്ചയിച്ചത് അലഹബാദില്‍ നിന്നുള്ള ഫിസിക്‌സ് പ്രഫസര്‍ മുരളീമനോഹര്‍ ജോഷിയെ ആയിരുന്നു. ജോഷി ഫിസിക്‌സാണ് കോളജില്‍ പഠിപ്പിച്ചതെങ്കിലും ജ്യോതിഷത്തിലും പ്രാചീനചരിത്രത്തിലും ഒക്കെയായിരുന്നു പുള്ളിക്കാരന്റെ കണ്ണ്.
അതിനാല്‍ പദവി ഏറ്റെടുത്ത് ആദ്യം തന്നെ കക്ഷി കൈവച്ചത് ചരിത്രത്തിന്റെ രംഗത്താണ്. അക്കാലംവരെയും ഇന്ത്യാചരിത്ര പാഠപുസ്തകമായി നാട്ടിലെ വിദ്യാലയങ്ങളില്‍ പഠിപ്പിച്ചുവന്നത് എന്‍സിഇആര്‍ടി തയ്യാറാക്കിയ പുസ്തകങ്ങളായിരുന്നു. പ്രാചീനകാല ഭാരതചരിത്രം തയ്യാറാക്കിയത് റൊമീലാ ഥാപ്പറും ആധുനികകാല ചരിത്രത്തിന്റെ രചയിതാവ് ബിപന്‍ ചന്ദ്രയും ഒക്കെ ആയിരുന്നു. പഴയ രാഷ്ട്രപതി ഡോ. എസ് രാധാകൃഷ്ണന്റെ മകനും പേരുകേട്ട ചരിത്രകാരനുമായ ഡോ. എസ് ഗോപാല്‍ അടക്കമുള്ള പണ്ഡിതന്‍മാരുടെ സംഘം പരിശോധിച്ച് അംഗീകരിച്ച ശേഷമാണ് ഈ പാഠപുസ്തകങ്ങള്‍ കുട്ടികളുടെ ഉപയോഗത്തിനായി അച്ചടിച്ചു തയ്യാറാക്കിയത്. അങ്ങനെയുള്ള ശാസ്ത്രീയ ചരിത്രമൊന്നും ജ്യോതിഷിയായ പ്രഫസര്‍ക്കു പന്തിയായി തോന്നിയില്ല. ഇന്ത്യയുടെ ചരിത്രം ഇന്ത്യയുടെ പൂര്‍വകാല മാഹാത്മ്യത്തെ പുകഴ്ത്തിപ്പാടണം. ലോകത്ത് മറ്റു സംസ്‌കാരങ്ങളേക്കാള്‍ മെച്ചം ഇന്ത്യയുടെ പ്രാചീന സംസ്‌കാരമാണെന്ന് അത് കുട്ടികളെ പഠിപ്പിക്കണം. നമ്മള്‍ ഭാരതീയര്‍ മഹായോഗ്യന്‍മാര്‍; മറ്റുള്ളവരൊക്കെ മ്ലേച്ഛന്‍മാര്‍ എന്ന് അത് വാദിച്ചുറപ്പിക്കണം. പുഷ്പകവിമാനം റൈറ്റ് സഹോദരന്മാരുടെ ചക്കടാ വണ്ടിയേക്കാള്‍ ഗംഭീരം എന്ന് ആണയിടണം. ബ്രഹ്മാസ്ത്രം ഹൈഡ്രജന്‍ ബോംബിനെ വെല്ലുന്ന പ്രഹരശേഷിയുള്ളതാണ് എന്നു തെളിയിക്കണം.
അതിനു കണക്കാക്കി പുസ്തകങ്ങള്‍ എഴുതിക്കൊടുക്കാന്‍ തയ്യാറായി ആള്‍ കാത്തു നില്‍ക്കുന്നുണ്ടായിരുന്നു. കോട്ടയത്തെ മകാരങ്ങള്‍ക്ക് പ്രതിവാരം നോവല്‍ എഴുതിക്കൊടുക്കുന്ന കൂട്ടരുടെ ഒരു വകഭേദം. അവര്‍ മന്ത്രി പറഞ്ഞ പരുവത്തില്‍ കൃതികള്‍ തയ്യാറാക്കിക്കൊടുത്തു.
ഇപ്പോള്‍ വീണ്ടും പശുവാദിപ്പാര്‍ട്ടിയുടെ ഭരണം വന്നതോടെ വിദ്യാഭ്യാസമേഖലയില്‍ വീണ്ടും കടന്നാക്രമണമാണ്. മുന്‍കാല മന്ത്രിക്ക് ചരിത്രത്തിലായിരുന്നു താല്‍പര്യമെങ്കില്‍ ഇക്കാലമന്ത്രിണിക്ക് രാഷ്ട്രീയത്തിലാണു താല്‍പര്യം എന്ന വ്യത്യാസം മാത്രം.
അങ്ങനെയാണ് മന്ത്രിപദവിയില്‍ എത്തിയപാടെ സ്മൃതി ഇറാനിക്കൊച്ചമ്മ വിദ്യാഭ്യാസചരിത്രം തന്നെ തിരുത്തിയെഴുതാന്‍ തീരുമാനിച്ചത്. സര്‍ക്കാര്‍ വക ഉന്നത കലാലയങ്ങള്‍ വ്യാപകമായി ഉണ്ടാക്കിയത് ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ കാലത്താണ്. ഇത്തരം സ്ഥാപനങ്ങളില്‍ പാവപ്പെട്ടവര്‍ക്കും പിന്നാക്കക്കാര്‍ക്കും ദലിതര്‍ക്കും കുറഞ്ഞ ഫീസില്‍ പഠിക്കാനും അന്നത്തെ സര്‍ക്കാര്‍ സംവിധാനമുണ്ടാക്കി. തലമുറകളായി ജ്ഞാനസമ്പാദനമേഖല ബ്രാഹ്മണരുടെ കുത്തകയായിരുന്ന നാടാണിത്. ശൂദ്രന്‍ വേദം അറിയാതെ കേട്ടുപോയാല്‍ അവന്റെ ചെവിയില്‍ ഈയം ഉരുക്കിയൊഴിച്ച നാട്. ജാതിയില്‍ കുറഞ്ഞവന്‍ സ്‌കൂളില്‍ കയറാന്‍ പോയാല്‍ അവനെ തല്ലിയോടിക്കാന്‍ സവര്‍ണരുടെ കരുത്തന്‍മാര്‍ ചാടിയിറങ്ങുന്ന നാട്. അത് അറിഞ്ഞുകൊണ്ടാണ് സര്‍ക്കാര്‍ കലാലയങ്ങള്‍ ഈ അസ്പൃശ്യ ജനങ്ങള്‍ക്കും തുറന്നുകൊടുത്ത് നെഹ്‌റുവും മൗലാനാ ആസാദും രാജ്യത്ത് പുതിയൊരു ചരിത്രം രചിച്ചത്.
അതിന്റെ ഗുണവും നാട്ടിലുണ്ടായി. എത്രയോ പിന്നാക്കക്കാര്‍ ഉന്നത വിദ്യാഭ്യാസം നേടി. അവരില്‍ പലരും ഉയര്‍ന്ന പദവികളിലുമെത്തി. രാജ്യത്തെ ഗതികെട്ട ജനങ്ങള്‍ക്കും അത് പ്രതീക്ഷയേകി.
അങ്ങനെ ഇവറ്റകള്‍ പഠിക്കേണ്ട എന്നായിരുന്നു പുതിയ മന്ത്രിമഹതിയുടെ നയം. അത് അങ്ങനെ നേരെചൊവ്വേ പറയാന്‍ പറ്റുന്ന കാലമല്ലല്ലോ ഇത്. അതിനാല്‍ ഉന്നത വിദ്യാലയങ്ങളെ അലമ്പാക്കി ഇല്ലാതാക്കുന്ന പണിയാണ് ആയമ്മ പയറ്റിയത്. നാട്ടിലെ പേരുകേട്ട വിദ്യാലയങ്ങള്‍ മിക്കതും കലാപകേന്ദ്രങ്ങളായി. അവിടെ പിന്നാക്കക്കാരും ദലിതരും നിരന്തര പീഡനത്തിന് ഇരയായി. ചിന്താശീലരായ വിദ്യാര്‍ഥികള്‍ രാജ്യദ്രോഹികളായി. അവര്‍ക്കെതിരേ പോലിസിനെയും ഗുണ്ടകളെയും ഇറക്കി കലാപമുണ്ടാക്കി. മന്ത്രി തന്നെ കുളംകലക്കുന്ന ഏര്‍പ്പാട് അത്ര ഗുണമല്ല എന്ന് മോദിയവര്‍കള്‍ക്ക് തോന്നിയോ അതോ വേറെ വല്ല കാരണവുമാണോ എന്നറിയില്ല മന്ത്രിണിയുടെ അത്യാചാരങ്ങള്‍ക്ക് ആശാന്‍ കഴിഞ്ഞയാഴ്ച കര്‍ട്ടനിട്ടു. ഇനി ആയമ്മ തുണിത്തരങ്ങളുടെ മന്ത്രിയായി ഭരിക്കും. അതേതായാലും നന്നായി. പഴയ സീരിയല്‍ നടിക്ക് വിദ്യാഭ്യാസത്തെക്കുറിച്ച് കാര്യമായി ഒന്നും അറിയാനിടയില്ലെങ്കിലും തുണിത്തരങ്ങളുടെ കാര്യത്തില്‍ അതിഗംഭീരമായ വിജ്ഞാനം ഉണ്ടായിരിക്കും എന്ന കാര്യം തീര്‍ച്ചയാണല്ലോ. വകുപ്പിനു പറ്റിയ മന്ത്രി; മന്ത്രിക്കു പറ്റിയ വകുപ്പ്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss