|    Jan 23 Mon, 2017 8:03 am
FLASH NEWS

തുണിക്കടകളിലെ സ്ത്രീ തൊഴിലാളികളുടെ അവകാശ ലംഘനം; കേരളത്തിന് കേന്ദ്ര മനുഷ്യാവകാശ കമ്മീഷന്‍ നോട്ടീസ്

Published : 2nd July 2016 | Posted By: SMR

ന്യൂഡല്‍ഹി: കേരളത്തിലെ വസ്ത്രാലയങ്ങളിലെ സ്ത്രീ ജോലിക്കാരുടെ മനുഷ്യാവകാശങ്ങള്‍ ലംഘിക്കപ്പെടുകയാണെന്ന് ചൂണ്ടിക്കാട്ടി കേന്ദ്ര മനുഷ്യാവകാശക്കമ്മീഷന്‍ കേരള സര്‍ക്കാരിന് നോട്ടീസയച്ചു. ചീഫ് സെക്രട്ടറി, തൊഴില്‍ വകുപ്പ്, തൊഴില്‍ കമ്മീഷണര്‍ എന്നിവര്‍ക്കാണ് നോട്ടീസയച്ചിരിക്കുന്നത്.
പത്ത് മണിക്കൂറിലേറെ വരുന്ന ജോലി സമയത്തിനിടെ ഇരിക്കാനോ ടോയ്‌ലറ്റില്‍ പോവാനോ പോലും ഈ മേഖലയിലെ സ്ത്രീ തൊഴിലാളികളെ അനുവദിക്കാറില്ല. ഇരിക്കാനും മൂത്രമൊഴിക്കാനുമുള്ള അവകാശങ്ങള്‍ കേരള ഷോപ്‌സ് ആന്റ് കൊമേഴ്ഷ്യല്‍ എസ്റ്റാബ്ലിഷ്‌മെന്റ് ആക്ടിലൂടെ (കെഎസ്‌സിഇ ആക്ട്) സംരക്ഷിക്കപ്പെടുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയ കമ്മീഷന്‍ സംസ്ഥാന സര്‍ക്കാരിനോട് രണ്ടാഴ്ചയ്ക്കകം മറുപടി നല്‍കണമെന്നാണാവശ്യപ്പെട്ടിരിക്കുന്നത്.
ചില്ലറ വസ്ത്ര വ്യാപാര മേഖലയിലെ സ്ത്രീകളുടെ അവകാശലംഘനങ്ങളുടെ ഗൗരവമുള്ള വശങ്ങള്‍ ഈ വിഷയത്തിലുണ്ടെന്ന് കമ്മീഷന്‍ ചൂണ്ടിക്കാട്ടി. ഈ വനിതാ തൊഴിലാളികളുടെ മനുഷ്യാവകാശങ്ങള്‍ സംരക്ഷിക്കുന്നതുമായി ബന്ധപ്പെട്ട് ആവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ സര്‍ക്കാരിന് ബാധ്യതയുണ്ടെന്ന് കമ്മീഷന്‍ പറഞ്ഞു.
സംസ്ഥാനത്തെ പല വസ്ത്ര വ്യാപാരസ്ഥാപനങ്ങളും തങ്ങളുടെ തൊഴിലാളികള്‍ക്ക് വേണ്ട ടോയ്‌ലറ്റുകള്‍ സജ്ജീകരിച്ചിട്ടില്ലെന്നും അങ്ങനെയുള്ള സ്ഥലങ്ങളില്‍ ജോലി സമയത്ത് അവ ഉപയോഗിക്കാന്‍ മാനേജരുടെ അനുമതി വേണമെന്നും തങ്ങള്‍ക്ക് ലഭിച്ച പരാതിയില്‍ ചൂണ്ടിക്കാണിച്ചതായി കമ്മീഷന്‍ പറഞ്ഞു. ദീര്‍ഘസമയം നില്‍ക്കുന്നത് മൂലം പലര്‍ക്കും ആരോഗ്യപ്രശ്‌നമുണ്ടായി. ഇത് സംബന്ധമായി നടന്ന സമരങ്ങളെ കമ്മീഷന്‍ പരാമര്‍ശിക്കുന്നുണ്ട്.
2014ല്‍ കെഎസ്‌സിഇ ആക്ടില്‍ ഭേദഗതി വരുത്താന്‍ സംസ്ഥാന സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് കൊണ്ട്‌വന്നുവെങ്കിലും മേഖലയിലെ അനേകം വരുന്ന അസംഘടിത തൊഴിലാളികളുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കാന്‍ സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് യാതൊരു നടപടിയും ഉണ്ടായിട്ടില്ലെന്നും കമ്മീഷന്‍ കുറ്റപ്പെടുത്തി.അതിനാല്‍ തന്നെ നിയമ ഭേദഗതി ചില്ലറ വസ്ത്ര വ്യാപാര മേഖലയിലെ സ്ത്രീ തൊഴിലാളികളുടെ ജോലി സാഹചര്യങ്ങളില്‍ യാതൊരു മാറ്റവും വരുത്തിയിട്ടില്ലെന്നും പറഞ്ഞു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 43 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക