|    Jul 19 Thu, 2018 5:28 pm
FLASH NEWS

തുണിക്കടകളിലെ തട്ടിപ്പ് : പ്രതിയെ ഇനിയും പിടികൂടിയില്ല

Published : 26th September 2017 | Posted By: fsq

 

നാദാപുരം: കല്ലാച്ചി, നാദാപുരം ടൗണുകളിലെ വസ്ത്രവ്യാപാര കേന്ദ്രങ്ങളില്‍ ജീവനക്കാരെ കബളിപ്പിച്ച് പണവും വസ്ത്രവും കവര്‍ന്ന യുവതിയെ ഇനിയും പിടികൂടിയില്ല. രണ്ട് ടൗണുകളിലെയും അഞ്ചോളം കടകളിലായി തട്ടിപ്പ് നടത്തിയ സ്ത്രീയെ സിസി ടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് അന്വേഷണം ഊര്‍ജ്ജിതമാക്കിയിരുന്നു. പര്‍ദയണിഞ്ഞ് രണ്ട് കുട്ടികളുമായി കടയിലെത്തിയ യുവതി പതിനായിരങ്ങള്‍ വിലയുള്ള വസ്ത്രങ്ങള്‍ വാങ്ങിയ ശേഷം പണം ഉടന്‍ എത്തിക്കാമെന്ന് പറഞ്ഞ് വസ്ത്രങ്ങളുമായി മുങ്ങുകയായിരുന്നു. യുവതി നടന്നുനീങ്ങുന്ന ദൃശ്യങ്ങള്‍ തലശ്ശേരി റോഡിലെ കാമറയില്‍ പതിഞ്ഞിട്ടുണ്ട്. കല്ലാച്ചി കോടതി റോഡിന് മുന്‍പിലെ സ്ഥാപനത്തില്‍ നിന്ന് നാലായിരം രൂപയുടെ വസ്ത്രമാണ് യുവതി അടിച്ചുമാറ്റിയത്. ഇവിടെയുണ്ടായിരുന്ന ജോലിക്കാരിയോട് പണം മറന്നുപോയെന്നും സഹോദരിയുടെ മകളുടെ വിവാഹത്തിനാണ് വസ്ത്രങ്ങളെന്നും പറഞ്ഞ യുവതി മൊബൈല്‍ നമ്പര്‍ നല്‍കി സാധനങ്ങളുമായി കടന്നുകളയുകയായിരുന്നു. സമയം കഴിഞ്ഞിട്ടും മടങ്ങി വരാത്തതിനെ തുടര്‍ന്ന് മൊബൈല്‍ നമ്പറില്‍ ബന്ധപ്പെട്ടെങ്കിലും ഫോണ്‍ സ്വിച്ച് ഓഫ് ആയിരുന്നു.ഇതിന് പിന്നാലെയാണ് നാദാപുരം തലശ്ശേരി റോഡിലെ മൂന്ന് സ്ഥാപനങ്ങളിലും തട്ടിപ്പ് നടത്തിയത്. വസ്ത്രങ്ങള്‍ തിരഞ്ഞെടുത്ത ശേഷം പണം മറന്നുപോയെന്നാണ് ഇവിടെയെല്ലാം പറഞ്ഞത്. പണം തരാതെ സാധനങ്ങള്‍ കൊണ്ടുപോകാന്‍ കഴിയില്ലെന്ന് പറഞ്ഞപ്പോള്‍ ഷോപ്പുകളുടെ സമീപത്തായി ജോലി ചെയ്യുന്ന യുവാക്കളുടെയും സ്ഥാപന ഉടമകള്‍ക്ക് വ്യക്തമായി പരിചയമുള്ളവരെക്കുറിച്ചും യുവതി വ്യക്തമായി പറഞ്ഞതോടെ തട്ടിപ്പാണെന്ന് കരുതിയില്ലെന്ന് വ്യാപാരികള്‍ പറയുന്നു.എല്ലാ കടകളില്‍ നിന്നും പതിനായിരത്തില്‍പരം രൂപയുടെ വസ്ത്രങ്ങള്‍ വാങ്ങിയിരുന്നു. തിടുക്കത്തില്‍ കല്യാണ വീട്ടിലേക്ക് പോകുകയാണെന്നും പണം എടുക്കാന്‍ മറന്നതാണെന്നും അത്യാവശ്യമുള്ള അല്പം വസ്ത്രങ്ങള്‍ വേണമെന്നും പറഞ്ഞപ്പോള്‍ കടക്കാര്‍ അനുവദിക്കുകയായിരുന്നു. എല്ലാ കടകളിലും രണ്ട് വീതം മൊബൈല്‍ നമ്പറുകളും യുവതി നല്‍കി. കടയുടമകള്‍ ഫോണില്‍ വിളിച്ചുനോക്കിയപ്പോള്‍ റിംഗ് ചെയ്തിരുന്നു. പോലിസ് സ്റ്റേഷന്‍ പരിസരത്ത് പുതുതായി തുടങ്ങിയ കടയില്‍ നിന്നും വസ്ത്രങ്ങള്‍ അടിച്ചുമാറ്റിയെന്ന് മാത്രമല്ല, ഓട്ടോയ്ക്കുള്ള യാത്രാക്കൂലികൂടി കടയുടമയില്‍ നിന്നും വാങ്ങിയ ശേഷമാണ് യുവതി സ്ഥലം വിട്ടത്. സംഭവം നടന്ന് നാല് ദിവസം കഴിഞ്ഞിട്ടും യുവതിയെ കണ്ടെത്താന്‍ പോലിസിന്ന് സാധിച്ചിട്ടില്ല.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss