|    Sep 20 Thu, 2018 7:38 am
FLASH NEWS

തുടര്‍സാക്ഷരതാ പ്രവര്‍ത്തനങ്ങള്‍, ജില്ലയ്ക്ക് 30 ലക്ഷം നീക്കിവച്ചെന്നു മന്ത്രി

Published : 22nd December 2015 | Posted By: SMR

കല്‍പ്പറ്റ: ജില്ലയില്‍ ആദിവാസികളെ പോലെ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരുടെ തുടര്‍ സാക്ഷരതാ പ്രവര്‍ത്തനങ്ങള്‍ക്കായി 30 ലക്ഷം രൂപ നീക്കിവച്ചതായി വിദ്യാഭ്യാസമന്ത്രി പി കെ അബ്ദുറബ്ബ് അറിയിച്ചു. സംസ്ഥാന സാക്ഷരതാ മിഷന്റെ അതുല്യം സമ്പൂര്‍ണ പ്രാഥമിക വിദ്യാഭ്യാസ പദ്ധതിയുടെ സംസ്ഥാനതല പ്രഖ്യാപനത്തിന്റെ വിളംബര സെമിനാറും പത്താംതരം തുല്യതാ പരീക്ഷയില്‍ ജില്ല ഒന്നാമതെത്തിയതിന്റെ വിജയോല്‍സവവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മറ്റു ജില്ലകളെ അപേക്ഷിച്ച് ആദിവാസികള്‍ കൂടുതലുള്ള വയനാട്ടില്‍ പാര്‍ശ്വവല്‍ക്കരിക്കപ്പെടുന്നവരെ മികച്ച പ്രവര്‍ത്തനങ്ങളിലൂടെ മുഖ്യധാരയിലെത്തിക്കുന്നതിനാണ് തുക അനുവദിച്ചതെന്നു മന്ത്രി പറഞ്ഞു. സാക്ഷരതാ മിഷന്റെ പ്രവര്‍ത്തനത്തില്‍ നിഷേധാത്മക നിലപാട് സ്വീകരിക്കുന്നവര്‍ക്കെതിരേ കര്‍ശന നടപടിയെടുക്കും. സാക്ഷരതാ പ്രവര്‍ത്തനത്തെ താറുമാറാക്കാനുള്ള പ്രവര്‍ത്തനങ്ങളെ കര്‍ശനമായി നേരിടും. ജീവനക്കാര്‍ക്ക് അര്‍ഹമായ ആനുകൂല്യം നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.
നാലാംതരം തുല്യതാ പദ്ധതിയായ അതുല്യം നൂറു ശതമാനം വിജയത്തിലെത്തിയ സാഹചര്യത്തില്‍ 7, 10, 12 തുല്യതാ പരീക്ഷകളിലും സമ്പൂര്‍ണ വിജയം നേടുന്നതിനുള്ള നടപടികളാരംഭിച്ചതായും മന്ത്രി അറിയിച്ചു.
അതുല്യം പരീക്ഷയില്‍ 95.91 ശതമാനം വിജയമാണ് സംസ്ഥാനം നേടിയത്. 30നു തിരുവനന്തപുരത്ത് ഉപരാഷ്ട്രപതി ഹമീദ് അന്‍സാരി സമ്പൂര്‍ണ പ്രാഥമിക വിദ്യാഭ്യാസ പ്രഖ്യാപനം നടത്തും. അതിനു മുമ്പായി മുഴുവന്‍ ജില്ലകളിലും വിജയോല്‍സവം സംഘടിപ്പിക്കും. പദ്ധതിയുടെ വിജയത്തിന് സഹകരിച്ച തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളെ മന്ത്രി അഭിനന്ദിച്ചു.
ജില്ലയിലെ ത്രിതല പഞ്ചായത്ത് സാരഥികളെ പൊന്നാടയണിയിച്ചു. കഴിഞ്ഞ പത്താംതരം തുല്യതാ പരീക്ഷയില്‍ ഉയര്‍ന്ന ഗ്രേഡ് നേടിയ പ്രബിത, അബ്ദുല്‍ റഫീഖ് എന്നിവര്‍ക്ക് ഉപഹാരം നല്‍കി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ടി ഉഷാകുമാരി അധ്യക്ഷയായിരുന്നു. ജില്ലാ കലക്ടര്‍ കേശവേന്ദ്രകുമാര്‍ മുഖ്യാതിഥിയായി. സാക്ഷരതാ മിഷന്‍ അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റി സംസ്ഥാന ചെയര്‍മാന്‍ സലീം കരുവമ്പലം മുഖ്യപ്രഭാഷണം നടത്തി.
നഗരസഭാ അധ്യക്ഷരായ ബിന്ദു ജോസ്, വി ആര്‍ പ്രവീജ്, സി കെ സഹദേവന്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാരായ ശകുന്തള ഷണ്മുഖന്‍, പ്രീതാ രാമന്‍, ലത ശശി, ദിലീപ് കുമാര്‍, ജില്ലാ പഞ്ചായത്ത് വികസനകാര്യ സ്ഥിരം സമിതി ചെയര്‍പേഴ്‌സണ്‍ കെ മിനി, ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി ചെയര്‍പേഴ്‌സണ്‍ അനില തോമസ്, വിദ്യാഭ്യാസ സ്ഥിരം സമിതി അംഗങ്ങളായ എ പ്രഭാകരന്‍, എ എന്‍ പ്രഭാകരന്‍, സാക്ഷരതാ മിഷന്‍ സംസ്ഥാന എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ കെ എം റഷീദ്, അഡ്വ. എ എ റസാഖ്, ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടര്‍ സി രാഘവന്‍, സുജാത, എ മുരളീധരന്‍, ബേബി ജോസഫ്, സൗമ്യ, ജോണി, ബാബു സംസാരിച്ചു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss