|    Oct 19 Fri, 2018 1:31 am
FLASH NEWS

തുടര്‍ച്ചയായ അവധി : മുന്നാക്ക കോര്‍പറേഷന്‍ ഭവന പദ്ധതിക്കുള്ള അപേക്ഷയുടെ ‘സമയപരിധി കഴിഞ്ഞു’

Published : 29th September 2017 | Posted By: fsq

 

’കൊല്ലം: സംസ്ഥാന മുന്നാക്ക സമുദായ ക്ഷേമ കോര്‍പറേഷന്‍ നിര്‍ധനരായ മുന്നാക്ക സമുദായക്കാര്‍ക്ക് ഭവന പുനരുദ്ധാരണത്തിന് സാമ്പത്തിക സഹായം നല്‍കുന്ന പദ്ധതിയുടെ അപേക്ഷാ തിയ്യതി നീട്ടണമെന്നാവശ്യമുയരുന്നു. ഈ മാസം 30 വരെയാണ് അപേക്ഷ സമര്‍പ്പിക്കുവാനുള്ള തിയ്യതിയായി അറിയിപ്പുള്ളത്. ഇന്നു മുതല്‍ തുടര്‍ച്ചയായി അവധി വരുന്നതിനാല്‍ രേഖകള്‍ സംഘടിപ്പിക്കാനും പോസ്റ്റ് ഓഫിസ് വഴി അപേക്ഷ അയ്ക്കുവാനും കഴിയാത്ത സ്ഥിതിയാണ്. ഇത് ആദ്യമായാണ് മുന്നാക്ക സമുദായത്തില്‍പ്പെട്ട നിര്‍ധനര്‍ക്ക് വീടു പുനരുദ്ധാരണത്തിന് മുന്നാക്ക സമുദായ കോര്‍പറേഷന്‍ പദ്ധതി ആവിഷ്‌ക്കരിക്കുന്നത്. സംസ്ഥാന സര്‍ക്കാരാണ് ഇതിനായുള്ള ഫണ്ട് അനുവദിച്ചിട്ടുള്ളത്. പരിമിതമായ ഫണ്ടാണ് ആദ്യ ഘട്ടത്തില്‍ അനുവദിച്ചിട്ടുള്ളത്. 36 കോടി രുപയാണ് ഇതിനായി അനുവദിച്ചിട്ടുള്ളതെന്ന് കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ ആര്‍ ബാലകൃഷ്ണപിള്ള അറിയിച്ചു. ആവശ്യക്കാരുടെ എണ്ണം നോക്കുമ്പോള്‍ ഇത് അപര്യാപ്തമാണെന്നും അദ്ദേഹം വ്യക്തമാക്കി. വീടുകളുടെ സ്ഥിതി അനുസരിച്ച് പരമാവധി രണ്ടു ലക്ഷം രുപ വരെയാണ് അനുവദിക്കുക. ഉദ്യോഗസ്ഥരെത്തി പരിശോധന നടത്തിയ ശേഷമായിരിക്കും തുക നിശ്ചയിക്കുക. മുന്നാക്ക സമുദായത്തിലെ ബിപിഎല്‍ കുടുംബങ്ങള്‍ക്കാണ് അപേക്ഷിക്കാന്‍ അര്‍ഹത. ജാതി തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റും വരുമാന സര്‍ട്ടിഫിക്കറ്റും അപേക്ഷയോടൊപ്പം ഹാജരാക്കണം. വീടുകളുടെ നവീകരണത്തിനല്ലാതെ പുതിയ മുറി നിര്‍മിക്കാനോ ശൗചാലയത്തിനോ പണം അനുവദിക്കില്ല. ഒന്നരമാസം മുമ്പ് ഇത് സംബന്ധിച്ച ഔദ്യോഗിക അറിയിപ്പുണ്ടായിരുന്നെങ്കിലും സാധാരണ ജനങ്ങള്‍ക്കിടയില്‍ എത്തിചേര്‍ന്നിരുന്നില്ല. നവമാധ്യമങ്ങളില്‍ പ്രചരിച്ചതോടെയാണ് പൊതു പ്രവര്‍ത്തകരും മറ്റും ഇത് ജനങ്ങള്‍ക്കിടയില്‍ എത്തിച്ചു തുടങ്ങിയത്. അപ്പേഴേക്കുമാണ് അടുപ്പിച്ചുള്ള അവധി ദിനങ്ങള്‍ വിനയായത്. അപേക്ഷ തിയ്യതി നീട്ടാന്‍ കഴിയില്ലെന്ന് ചെയര്‍മാന്‍ ആര്‍ ബാലകൃഷ്ണപിള്ള വ്യക്തമാക്കി. നിയമപരമായി അതിന് സാധ്യതയില്ല. എന്നാല്‍ തിരുവനന്തപുരം വഴുതക്കാടുള്ള ഓഫിസ് ഈ അവധി ദിവസങ്ങളിലും പ്രവര്‍ത്തിക്കാന്‍ ക്രമീകരണം ഒരുക്കിയിട്ടുണ്ട്. ഇവിടെ നേരിട്ട് എത്തിക്കുകയോ ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കുകയോ ചെയ്യാമെന്ന് അദ്ദേഹം പറഞ്ഞു. ഇത് കേന്ദ്രപദ്ധതിയെന്നും തെറ്റിധരിപ്പിച്ച് ചിലകേന്ദ്രങ്ങള്‍ അപേക്ഷ ഫോറങ്ങളുമായി വീടുവീടാനന്തരം കയറി ഇറങ്ങുന്നുണ്ട്. കേന്ദ്രത്തില്‍ നിന്നായി ഇതിന് ഒരു രുപ പോലും അനുവദിച്ചിട്ടില്ലെന്ന് ആര്‍ ബാലകൃഷ്ണപിള്ള വ്യക്തമാക്കി. സംസ്ഥാന സര്‍ക്കാരാണ് ഫണ്ട് അനുവദിച്ചത്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss