|    Nov 21 Wed, 2018 5:09 am
FLASH NEWS
Home   >  Kerala   >  

തുടര്‍ച്ചയായ അഴിമതി ആരോപണങ്ങള്‍: സിപിഎമ്മിന്റെ പ്രതിച്ഛായ തകരുന്നു

Published : 3rd August 2018 | Posted By: sruthi srt

പത്തനംതിട്ട: തുടര്‍ച്ചയായ അഴിമതി ആരോപണങ്ങളില്‍ ജില്ലയിലെ സിപിഎമ്മിന്റെ പ്രതിച്ഛായ തകരുന്നു. ആരോപണവിധേയരായവരെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കി മുഖം രക്ഷിക്കാന്‍ നേതൃത്വം ശ്രമിക്കുന്നുണ്ടെങ്കിലും നേതാക്കളില്‍ പലര്‍ക്കും തട്ടിപ്പില്‍ പങ്കുണ്ടെന്ന ആക്ഷേപങ്ങളാണ് പുറത്തുവരുന്നത്. പ്രതികളുമായുള്ള നേതാക്കളുടെ ബന്ധം അന്വേഷിക്കണമെന്ന് കോണ്‍ഗ്രസും എസ്ഡിപിഐയും ആവശ്യമുന്നയിച്ചിട്ടുണ്ട്. പൊതുമേഖലാ, സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ ജോലി വാഗ്ദാനം ചെയ്ത ലക്ഷങ്ങള്‍ തട്ടിയകേസില്‍ രണ്ടു സിപിഎമ്മുകാര്‍ പിടിയിലായതാണ് ഒടുവിലത്തെ സംഭവം. കൈക്കൂലി കേസില്‍ കഴിഞ്ഞദിവസം വിജിലന്‍സ് പിടികൂടിയ ജില്ലാ ജിയോളജിസ്റ്റിന്റെ നിയമനത്തില്‍ ജില്ലയിലെ ഭരണകക്ഷി എംഎല്‍എയുടെ പങ്കിനെചൊല്ലി പാര്‍ട്ടിക്കുള്ളില്‍ ഭിന്നത നിലനില്‍ക്കുന്ന സാഹചര്യത്തില്‍ തട്ടിപ്പുകേസിലെ അറസ്റ്റ് സിപിഎമ്മിനെ കൂടുതല്‍ പ്രതിരോധത്തിലാക്കി. അടൂര്‍ തുവയൂര്‍ തെക്ക് പ്ലാന്തോട്ടത്തില്‍ പ്രശാന്ത്(44), മലയിന്‍കീഴ് പ്രശാന്തത്തില്‍ ജയസൂര്യ(31) എന്നിവരാണ് കഴിഞ്ഞദിവസം പിടിയിലായത്. ഡിവൈഎഫ്‌ഐ ജില്ലാ കമ്മിറ്റി അംഗമായിരുന്ന പ്രശാന്ത് നിലവില്‍ തുവയൂര്‍ ലോക്കല്‍ കമ്മിറ്റിയിലെ സജീവപ്രവര്‍ത്തകനാണ്. തട്ടിപ്പു പുറത്തുവന്നതോടെ മുഖം രക്ഷിക്കാന്‍ ഇയാളെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കി.

എസ്എഫ്‌ഐ മുന്‍ സംസ്ഥാന കമ്മിറ്റി അംഗവും പുരോഗമന കലാസാഹിത്യസംഘം പ്രവര്‍ത്തകയുമായ ജയസൂര്യയും സിപിഎം അംഗമാണ്. ഇവരുടെ മാതാവ് കടമ്പനാട് പഞ്ചായത്തിലെ സിപിഎം അംഗവുമാണ്. പാര്‍ട്ടി വേദികളില്‍വച്ചാണ് ഇരുവരും സൗഹൃദത്തിലായത്. അടൂര്‍ സ്വദേശിനിയായ ജയസൂര്യ അടുത്തിടെയാണ് തിരുവനന്തപുരത്തേക്ക് മാറിയത്. കെടിഡിസി, നോര്‍ക്ക റൂട്‌സ്, സ്‌പോര്‍ട്‌സ് കൗണ്‍സില്‍, വൈലോപ്പിള്ളി സംസ്‌കൃതി ഭവന്‍, വിഴിഞ്ഞം ഫോര്‍ട്ട് എന്നിവിടങ്ങളില്‍ ജോലി വാഗ്ദാനം ചെയ്താണ് തട്ടിപ്പുനടത്തിയത്. സിപിഎം നേതാക്കളുമായുള്ള ബന്ധം ഉപയോഗപ്പെടുത്തിയായിരുന്നു തട്ടിപ്പ്്. പ്രശാന്ത് സിപിഎം ജില്ലാ, സംസ്ഥാന നേതൃത്വവുമായി അടുത്ത ബന്ധമുള്ള ആളാണ്. അടൂരില്‍ നിന്നുള്ള ജില്ലാ നേതാക്കള്‍ക്കും ഇയാളുമായി അടുത്ത് ഇടപഴകുന്നവരാണ്. തട്ടിപ്പ് കേസില്‍ കൂടുതല്‍ പേര്‍ക്ക് പങ്കുണ്ടെന്നാണ് അന്വേഷണസംഘത്തിന്റെയും വിലയിരുത്തല്‍. ഇതോടെ പ്രതികളുമായി ബന്ധമുള്ള സിപിഎം നേതാക്കളിലേക്കും അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്. സംസ്ഥാന പിന്നാക്ക വിഭാഗ വികസന കോര്‍പറേഷന്‍ ചെയര്‍മാനും സിപിഎം ജില്ലാ കമ്മറ്റിയംഗവുമായ മത്തായി ചാക്കോ പ്രസിഡന്റായ കുമ്പളാംപൊയ്ക സര്‍വീസ് സഹകരണ ബാങ്കിന്റെ തലച്ചിറ ശാഖയില്‍ ജീവനക്കാരനായ സിപിഎം ലോക്കല്‍ കമ്മറ്റിയംഗം 4.31 കോടിയുടെ തട്ടിപ്പ് നടത്തിയതും അടുത്തിടെ വിവാദമായിരുന്നു. ഒളിവിലായിരുന്ന ബാങ്കിലെ ജൂനിയര്‍ ക്ലാര്‍ക്കും സിപിഎം വടശേരിക്കര ലോക്കല്‍ കമ്മിറ്റിയംഗവുമായ പ്രവീണ്‍ പ്രഭാകര്‍ കഴിഞ്ഞദിവസമാണ് കീഴടങ്ങിയത്. ക്രമക്കേട് പുറത്തായതോടെ 70 ലക്ഷത്തോളം രൂപ പ്രവീണ്‍ തിരികെയടച്ചു. ഇയാളെയും പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്നു പുറത്താക്കി. തട്ടിപ്പ് സംബന്ധിച്ച നടപടികള്‍ ചര്‍ച്ച ചെയ്യാന്‍ ബാങ്കിന്റെ അടിയന്തര ഡയറക്ടര്‍ ബോര്‍ഡ് യോഗം സിപിഎം റാന്നി ഏരിയ കമ്മറ്റി ഓഫീസില്‍ ചേര്‍ന്നത് വിവാദമായിരുന്നു. ജൂനിയര്‍ ക്ലാര്‍ക്കിന് മാത്രം ഇത്രയും തുക തട്ടിക്കാനാവില്ലെന്നും പാര്‍ട്ടിയിലെ മറ്റു പല ഉന്നതര്‍ക്കും പങ്കുണ്ടെന്നും ആരോപണമുണ്ട്. രണ്ടു ജില്ലാനേതാക്കള്‍ ഭരണസമിതിയിലുള്ള ബാങ്കിന്റെ ശാഖയില്‍ ഇത്രയും തുകയുടെ ക്രമക്കേട് നടന്നിട്ടും ആരുമറിഞ്ഞില്ലെന്നത് സംശയത്തിന് കാരണമായിട്ടുണ്ട്. തട്ടിപ്പിനു പിന്നില്‍ പങ്കുള്ളവരുടെ പേരുകള്‍ പ്രവീണ്‍ പോലിസിനോടു തുറന്നുപറയുമെന്നാണ് സൂചന. സിപിഎം ഭരിക്കുന്ന ചന്ദനപ്പള്ളി സര്‍വീസ് സഹകരണ ബാങ്കില്‍ 1.57 കോടിയുടെ ക്രമക്കേട് നടന്നതും കഴിഞ്ഞദിവസമാണ് പുറത്തുവന്നത്. 1999 മുതലുള്ള അഴിമതികളാണ് പുറത്തുവരുന്നത്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss