|    Jul 22 Sun, 2018 6:43 am
FLASH NEWS
Home   >  Todays Paper  >  page 12  >  

തുടരുന്ന പരിഷ്‌കാരങ്ങള്‍; ഇടിയുന്ന വരുമാനം

Published : 4th August 2017 | Posted By: fsq

 

എച്ച് സുധീര്‍

കെഎസ്ആര്‍ടിസിയെ കരകയറ്റുകയെന്ന ലക്ഷ്യത്തോടെ പ്രഫ. സുശീല്‍ ഖന്ന റിപോര്‍ട്ട് നടപ്പാക്കാനാണ് സര്‍ക്കാര്‍ ശ്രമം. ഈ റിപോര്‍ട്ട് തൊഴില്‍മേഖലയെ നശിപ്പിക്കുമെന്നാണ് ജീവനക്കാരുടെ നിലപാട്. എന്നാല്‍, ഡബിള്‍ ഡ്യൂട്ടി സമ്പ്രദായം അവസാനിപ്പിക്കാനുള്ള തീരുമാനമടക്കം നിലവില്‍ നടപ്പാക്കിവരുന്ന പരിഷ്‌കാരങ്ങള്‍ മുന്‍ സിഎംഡി ആന്റണി ചാക്കോ മുന്നോട്ടുവച്ച നിര്‍ദേശങ്ങളാണെന്നു ചൂണ്ടിക്കാണിക്കുന്നവരുണ്ട്. സെന്റര്‍ ഫോര്‍ കണ്‍സ്യൂമര്‍ എജ്യൂക്കേഷനും മറ്റു പൊതുഗതാഗത സംരക്ഷണ സംഘടനകളും വര്‍ഷങ്ങളായി ഇതേ ആവശ്യം മുന്നോട്ടുവച്ചിട്ടുമുണ്ട്. 2016 സപ്തംബര്‍ 21നു ചേര്‍ന്ന മന്ത്രിസഭാ യോഗമാണ് കെഎസ്ആര്‍ടിസിയെക്കുറിച്ചു പഠിക്കാന്‍ കൊല്‍ക്കത്ത ഐഐഎമ്മിലെ പ്രഫ. സുശീല്‍ ഖന്നയെ നിയോഗിച്ചത്. മൂന്നു മാസത്തിനകം റിപോര്‍ട്ട് നല്‍കണമെന്നായിരുന്നു നിര്‍ദേശം. ആറു വ്യത്യസ്ത വ്യവസായ മേഖലകളുമായി ബന്ധപ്പെട്ട നിരവധി പദവികളില്‍ ഇരുന്ന സുശീല്‍ ഖന്നയ്ക്ക് ബസ് സര്‍വീസുമായി ബന്ധപ്പെട്ട മുന്‍പരിചയം ഇല്ലെന്നതും വസ്തുതയാണ്. 2006ലും പഠനത്തിനായി ഇദ്ദേഹത്തെ നിയോഗിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നെങ്കിലും അന്നു കാര്യമായൊന്നും സംഭവിച്ചില്ല. കെഎസ്ആര്‍ടിസിയുടെ പുനഃസംഘടനയെപ്പറ്റി പഠിക്കുക, ഷെഡ്യൂളുകള്‍ പുനഃക്രമീകരിക്കുന്നതിലൂടെ പരമാവധി നഷ്ടം കുറയ്ക്കുക, ഇന്ധനനഷ്ടം കുറച്ച് വരുമാനം വര്‍ധിപ്പിക്കുക എന്നിവ ലക്ഷ്യമിട്ടാണ് സുശീല്‍ ഖന്നയെ നിയമിച്ചത്. ജനുവരി 17നു സുശീല്‍ ഖന്ന ഇടക്കാല റിപോര്‍ട്ട് സമര്‍പ്പിച്ചു. എന്നാല്‍, ജീവനക്കാരുടെ പിന്തുണയില്ലാതെ റിപോര്‍ട്ട് ധൃതിപിടിച്ച് നടപ്പാക്കാന്‍ ശ്രമിക്കുന്നതാണ് കോര്‍പറേഷനില്‍ നിലവിലുള്ള പ്രശ്‌നങ്ങള്‍ക്കു കാരണമെന്ന് യൂനിയനുകള്‍ ആരോപിക്കുന്നു. റിപോര്‍ട്ടിലെ നിര്‍ദേശങ്ങള്‍ പ്രാവര്‍ത്തികമാണോയെന്ന് പരിശോധിക്കാതെ ജീവനക്കാരുടെ മേല്‍ അധികൃതര്‍ അമിതഭാരം ചുമത്തുകയാണെന്നും യൂനിയനുകള്‍ ചൂണ്ടിക്കാട്ടുന്നു. വരുമാന വര്‍ധന ലക്ഷ്യമിട്ട് കഴിഞ്ഞ ജൂണ്‍ 15നാണ് കെഎസ്ആര്‍ടിസിയില്‍ ഡ്യൂട്ടി പരിഷ്‌കാരം നടപ്പാക്കിയത്. 7000 രൂപയില്‍ താഴെയുള്ള സര്‍വീസുകളെ സിംഗിള്‍ ഡ്യൂട്ടിയായി പരിഗണിച്ചു. കഴിഞ്ഞ മാസത്തോടെ 8000 രൂപയില്‍ താഴെയുള്ള സര്‍വീസുകളെയും സിംഗിള്‍ ഡ്യൂട്ടിയുടെ പരിധിയിലാക്കി എംഡി രാജമാണിക്യം ഉത്തരവിറക്കി. 6.30 മണിക്കൂറാണ് സിംഗിള്‍ ഡ്യൂട്ടിയുടെ സമയം. എന്നാല്‍, തിരക്കേറിയ സമയമാണെങ്കില്‍ ജീവനക്കാര്‍ക്ക് വീണ്ടും ഡ്യൂട്ടി തുടരേണ്ടിവരും. ഡ്യൂട്ടി സമയം കഴിഞ്ഞുള്ള ഓരോ മണിക്കൂറിനും 200 രൂപ വേതനം നല്‍കും. എന്നാല്‍, തിരക്കില്ലാത്ത സമയത്ത് രണ്ടു മണിക്കൂര്‍ വരെ സര്‍വീസ് നിര്‍ത്തിവയ്ക്കാം. ഓരോ മണിക്കൂറിനും 50 രൂപ വീതം അലവന്‍സ് നല്‍കും. ഇതിനു പുറമേ ഒന്നര ഡ്യൂട്ടി സമ്പ്രദായവും നടപ്പാക്കി. 8000നും 10,000നും ഇടയില്‍ വരുമാനമുള്ള ഓര്‍ഡിനറി സര്‍വീസുകളാണ് ഈ പരിധിയില്‍ ഉള്‍പ്പെടുത്തിയത്. 10 മണിക്കൂറാണ് ഒന്നര ഡ്യൂട്ടിയുടെ സമയം. ചില യൂനിറ്റുകള്‍ മാനദണ്ഡങ്ങള്‍ പാലിക്കാതെ ഉയര്‍ന്ന വരുമാനം ലഭ്യമായ ഷെഡ്യൂളുകള്‍ പോലും പുനഃക്രമീകരിച്ചതിനെതിരേ പരാതി ഉയര്‍ന്ന സാഹചര്യത്തില്‍ പരിഷ്‌കാരത്തില്‍ വീണ്ടും പൊളിച്ചെഴുത്തു നടത്തി. മെയ്, ജൂണ്‍ മാസങ്ങളില്‍ ഓരോ ഷെഡ്യൂളിനും ലഭ്യമായ ശരാശരി വരുമാനം മാനദണ്ഡമാക്കി വേണം ഷെഡ്യൂളുകള്‍ പുനഃക്രമീകരിക്കേണ്ടതെന്ന് എംഡി കഴിഞ്ഞ ദിവസം ഉത്തരവിറക്കി. ഉയര്‍ന്ന വരുമാനമുണ്ടായിരുന്ന ഷെഡ്യൂളുകള്‍ പഴയപടി പുനഃസ്ഥാപിക്കണമെന്നും നിര്‍ദേശം നല്‍കി. എന്നാല്‍, വരുമാനം ലക്ഷ്യമിട്ട് നടപ്പാക്കിയ ഡ്യൂട്ടി പരിഷ്‌കരണം കോര്‍പറേഷനു തന്നെ പാരയായി. മികച്ച കലക്ഷനുണ്ടായിരുന്ന പല ഡ്യൂട്ടികളും പരിഷ്‌കരിച്ചതോടെ പ്രതിദിന വരുമാനത്തില്‍ വലിയ ഇടിവുണ്ടായി. ഡ്യൂട്ടി പരിഷ്‌കരണത്തെ തുടര്‍ന്ന് വീക്ക്‌ലി ഓഫുകള്‍ നഷ്ടമായതോടെ പല ഡിപ്പോകളിലും ദീര്‍ഘദൂര റൂട്ടുകളില്‍ പോലും ഡ്രൈവര്‍മാരില്ലാത്ത അവസ്ഥയുമായി. മാത്രമല്ല, ഡബിള്‍ ഡ്യൂട്ടി കുറഞ്ഞതോടെ എംപാനല്‍ ജീവനക്കാരുടെ ഷെഡ്യൂളുകളിലും കുറവുണ്ടായി. ഡ്യൂട്ടി പരിഷ്‌കരണം നിലവില്‍ വരുന്നതിനു മുമ്പ് 5.47 കോടി വരെ ലഭിച്ചിരുന്ന കലക്ഷന്‍ സിംഗിള്‍ ഡ്യൂട്ടിയായതോടെ 5.39 കോടിയായി കുറഞ്ഞു. 280 കിലോമീറ്റര്‍ ഓടിക്കൊണ്ടിരുന്ന ഓര്‍ഡിനറി സര്‍വീസുകള്‍ ഡ്യൂട്ടി പരിഷ്‌കാരത്തെ തുടര്‍ന്ന് ഇപ്പോള്‍ 300-320 കിലോമീറ്ററാണ് ഓടേണ്ടത്. ഇതോടെ ഡ്രൈവര്‍മാര്‍ കൂട്ടത്തോടെ ഒന്നര ഡ്യൂട്ടിയില്‍ നിന്നു പിന്മാറി. തങ്ങളുടെ ബുദ്ധിമുട്ട് മനസ്സിലാക്കാതെ അശാസ്ത്രീയ പരിഷ്‌കാരമാണ് നടപ്പാക്കിയതെന്ന് ഡ്രൈവര്‍മാര്‍ ചൂണ്ടിക്കാട്ടുന്നു. ഇതോടെ ഓരോ ഡിപ്പോയിലും മുടക്കമില്ലാതെ സര്‍വീസുകള്‍ ഓപറേറ്റ് ചെയ്യാനുള്ള പെടാപ്പാടിലാണ് അധികൃതര്‍. ഈ സ്ഥിതിയില്‍ മുന്നോട്ടുപോയാല്‍ വരുമാനം കുറയുമെന്നു മാത്രമല്ല, മാസാവസാനം ശമ്പളത്തിനായി സര്‍ക്കാരില്‍ നിന്നു ഭീമമായൊരു തുക സഹായം ആവശ്യപ്പെടേണ്ടിവരുമെന്ന് ഉദ്യോഗസ്ഥരും പറയുന്നു.      (അവസാനിക്കുന്നില്ല) നാളെ: തീരുമാനങ്ങള്‍ ഏറെ; നിയമനങ്ങള്‍ വേറെ

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss