|    Jan 17 Tue, 2017 3:35 am
FLASH NEWS

തുഞ്ചന്റെ മണ്ണില്‍ ചരിത്രം കുറിക്കാന്‍ കച്ച മുറുക്കി മുന്നണികള്‍

Published : 21st March 2016 | Posted By: SMR

ഇ പി അഷറഫ്

തിരൂര്‍: തുല്യതയില്ലാത്ത സ്വാതന്ത്ര്യ സമരപ്പോരാട്ടത്തിന് സാക്ഷ്യം വഹിച്ച വാഗണ്‍ ദുരന്തത്തിന്റെ ഭൂമികയില്‍ ഇത്തവണപോരാട്ടം കനക്കും. തീരദേശ ജില്ലാ കേന്ദ്രം ചരിത്രം ആവര്‍ത്തിക്കുമോയെന്നാണ് ഏവരും കണ്ണില്‍ എണ്ണയൊഴിച്ച് കാത്തിരിക്കുന്നത്. മുസ്‌ലിം ലീഗിന്റെ സിറ്റിങ് എംഎല്‍എ സി മമ്മുട്ടിയും പന്നിക്കണ്ടത്തില്‍ അബ്ദുല്‍ ഗഫൂറെന്ന ലില്ലി ഗഫൂറും തമ്മിലായിരിക്കും മല്‍സരമെന്ന് ഏതാണ്ട് ഉറപ്പായിക്കഴിഞ്ഞു. മുസ്‌ലിംലീഗ് സ്ഥാനാര്‍ഥികള്‍ വിജയിച്ചുവരുന്ന മണ്ഡലമാണ് തിരൂര്‍.
1957 മുതല്‍ 2011 വരെ നടന്ന തിരഞ്ഞെടുപ്പുകളില്‍ ലീഗിന് കനത്ത തിരിച്ചടി നേരിട്ട 2006ല്‍ മാത്രമാണ്. 1957ല്‍ കെ പി മൊയ്തീന്‍ കുട്ടി എന്ന ബാവ ഹാജിയാണ് ലീഗിനു വേണ്ടി ആദ്യം ജനവിധി തേടിയത്. അന്ന് കോണ്‍ഗ്രസ്സിലെ സി പി ആലിക്കുട്ടി സാഹിബായിരുന്നു എതിരാളി. തുടര്‍ന്ന് 1960, 65, 70, 77ലെ തിരെഞ്ഞെടുപ്പുകളിലും ബാവ ഹാജി ലീഗ് സ്ഥാനാര്‍ഥിയായി മല്‍സരിച്ചു. ഇക്കാലങ്ങളില്‍ യഥാക്രമം കോണ്‍ഗ്രസ്സുകാരായ കെ പി ബാവക്കുട്ടി, പത്മനാഭന്‍ നായര്‍, ആര്‍ മുഹമ്മദ് എന്നിവരായിരുന്നു എതിരാളികള്‍. അതില്‍ 70 ലും 77 ലും ബാവ ഹാജിയെ നേരിട്ട ആര്‍ മുഹമ്മദ് 77ല്‍ സ്വതന്ത്രനായിട്ടായിരുന്നു മല്‍സരിച്ചത്. 1980, 82 തിരഞ്ഞെടുപ്പുകളില്‍ പി ടി കുഞ്ഞുട്ടി ഹാജിയാണ് തിരൂരിനെ പ്രതിനിധീകരിച്ചത്. 87ല്‍ യു എ ബീരാനായിരുന്നു ലീഗിന്റെ പ്രതിനിധി. അന്ന് കോണ്‍ഗ്രസ്സി(എസ്) ലെ കുരുണിയന്‍ സൈതായിരുന്നു എതിരാളി. പിന്നീട് 96, 2001 തിരഞ്ഞെടുപ്പുകളില്‍ ഇ ടി മുഹമ്മദ് ബഷീര്‍ ലീഗിന്റെ പ്രതിനിധിയായി. 2006 ലെ തിരെഞ്ഞെടുപ്പില്‍ ലീഗിനുവേണ്ടി ഇ ടി മല്‍സരിച്ചെങ്കിലും സിപിഎമ്മിലെ പി പി അബ്ദുള്ളക്കുട്ടിക്കു മുന്നില്‍ എണ്ണായിരത്തോളം വോട്ടുകള്‍ക്ക് പരാജയപ്പെട്ടു. ആദ്യമായി ലീഗ് പരാജയം രുചിച്ചു. അന്ന് തിരൂര്‍ നഗരസഭ, വെട്ടം, തലക്കാട്, തൃപ്രങ്ങോട്, മംഗലം, പുറത്തൂര്‍, എടപ്പാള്‍, തവനൂര്‍, വട്ടംകുളം, കാലടി പഞ്ചായത്തുകള്‍ ഉള്‍പ്പെട്ടതായിരുന്നു തിരൂര്‍ മണ്ഡലം. 2011ല്‍ മണ്ഡലം പുനര്‍ വിഭജനം നടന്നു. അതോടെ തിരൂര്‍ മുനിസിപ്പാലിറ്റി, വെട്ടം, തലക്കാട്, തിരുനാവായ, ആതവനാട്, കല്‍പ്പകഞ്ചേരി വളവന്നൂര്‍ എന്നീ പഞ്ചായത്തുകള്‍ ഉള്‍പ്പെടുത്തി തിരൂര്‍ മണ്ഡലം നിലവില്‍ വന്നു. ക്രമീകരണത്തിനു ശേഷം നടന്ന തിരെഞ്ഞെടുപ്പില്‍ അന്നത്തെ സിറ്റിങ് എംഎല്‍എ പി പി അബ്ദുള്ളക്കുട്ടി വീണ്ടും മല്‍സരിച്ചെങ്കിലും എതിരാളി ലീഗിലെ സി മമ്മുട്ടിയോട് 23,506 വോട്ടുകള്‍ക്ക് പരാജയപ്പെട്ടു. അടുത്ത കാലത്തായി ലീഗ് സ്ഥാനാര്‍ഥികളുടെ ഭൂരിപക്ഷം കുറഞ്ഞു വരുന്നതായാണ് തിരൂരിന്റെ ചിത്രം. സി മമ്മുട്ടി 23,506 വോട്ടിന്റെ വിജയം നേടിയ തിരൂരില്‍ കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ യുഡിഎഫിന്റെ ഭൂരിപക്ഷം ഏഴായിരമായി കുറഞ്ഞു. പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ അത് 4,718ലേക്ക് താഴ്ന്നു.
ബാബരി മസ്ജിദിന്റെ തകര്‍ച്ചയ്ക്കു ശേഷം മുസ്‌ലിം സംഘടനകള്‍ നിരവധിയായി. അത് ലീഗ് വോട്ടുകളില്‍ ചോര്‍ച്ചയുണ്ടാക്കി. ഇക്കഴിഞ്ഞ പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ യുഡിഎഫിന് മേല്‍ക്കൈ ഉണ്ടായെങ്കിലും തിരൂര്‍ നഗരസഭ, തലക്കാട്, വളവന്നൂര്‍ പഞ്ചായത്തുകളിലും ഇടതുമുന്നണിക്ക് ഭരണം കിട്ടി. തിരുനാവായ, വെട്ടം, ആതവനാട്, കല്‍പ്പകഞ്ചേരി പഞ്ചായത്തുകളിലും തിരൂര്‍ ബ്ലോക്ക് പഞ്ചായത്തിലും യുഡിഎഫിനായിരുന്നു വിജയം. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ യുഡിഎഫിന് വോട്ടു കുറഞ്ഞതാണ് ഇടതു മുന്നണിക്ക് പ്രതീക്ഷ നല്‍കുന്നത്. യുഡിഎഫ് അനുകൂല വോട്ടുകള്‍ സമാഹരിക്കാന്‍ കഴിയുന്ന സ്ഥാനാര്‍ഥിയെ നിര്‍ത്തി തിരൂരില്‍ വിജയിക്കാമെന്നാണ് ഇടതു മുന്നണിയുടെ കണക്കുകൂട്ടല്‍. അതിനാലാണ് മണ്ഡലത്തിലുടനീളം കുടുംബ, സുഹൃത്ത് ബന്ധങ്ങളുള്ള ലില്ലി ഗഫൂറിനെ സ്ഥാനാര്‍ഥിയാക്കാന്‍ ഇടതിനെ പ്രേരിപ്പിച്ചത്. തിരൂര്‍ നഗര ഭരണം പിടിച്ചെടുക്കാന്‍ വലിയ പങ്ക് വഹിച്ച ഗഫൂര്‍ സിപിഎം അംഗമാണെന്നതും എസ്എഫ്‌ഐ തിരൂര്‍ ഏരിയാ ഭാരവാഹി, എസ്എഫ്‌ഐ പ്രതിനിധിയായി പൊന്നാനി എംഇഎസ് കോളജ് ചെയര്‍മാന്‍ എന്നീനിലകളില്‍ പ്രവര്‍ത്തിച്ചുവെന്നതും അനുകൂല ഘടകമായി സിപിഎം കാണുന്നു. യുഡിഎഫ് ആവട്ടെ സിറ്റിങ് എംഎല്‍എ സി മമ്മുട്ടിയെ തന്നെയാണ് രംഗത്തിറക്കിയിരിക്കുന്നത്. പ്രതിപക്ഷത്തിനു പോലും വിമര്‍ശിക്കാനില്ലാത്ത വിധം വികസനം നടത്തി മികച്ച ഫോമിലാണ് മമ്മുട്ടിയെന്നതാണ് സിമ്മുട്ടിയെ രണ്ടാമങ്കത്തിനിറക്കാന്‍ ലീഗിനെ പ്രേരിപ്പിച്ചത്. എംഎസ്എഫ്, യൂത്ത്‌ലീഗ് സംസ്ഥാന ഭാരവാഹിത്വവും രണ്ടു തവണ നിയമസഭാംഗമായ പരിചയവും ബിരുദ ബിരുദാന്തര പഠനവും നിയമപഠനവും പൂര്‍ത്തിയാക്കിയ മമ്മുട്ടിക്ക് സിറ്റിങ് എംഎല്‍എ എന്ന നിലയില്‍ ഉണ്ടാക്കിയെടുത്ത ബന്ധങ്ങളും വന്‍ വിജയപ്രതീക്ഷയാണ് നല്‍കുന്നത്. കഴിഞ്ഞ 58 മാസക്കാലത്തിനുള്ളില്‍ മണ്ഡലത്തില്‍ 591. 48 കോടി രൂപയുടെ വികസനപ്രവൃത്തികള്‍ നടപ്പാക്കിയെന്നാണ് മമ്മുട്ടി പറയുന്നത്. തിരൂരില്‍ മലയാള സര്‍വകലാശാല സ്ഥാപിച്ചു. തിരൂര്‍ രാജീവ് ഗാന്ധി സ്‌റ്റേഡിയം ദേശീയ നിലവാരത്തിലുള്ളതാക്കി.
തിരൂര്‍ ജില്ലാ ആശുപത്രിയെ ജനറല്‍ ആശുപത്രിയാക്കി ഉയര്‍ത്തി. തിരൂര്‍ റെയില്‍വേ ഓവര്‍ ബ്രിഡ്ജ് വീതികൂട്ടി, മുത്തുരില്‍ പുതിയ റെയില്‍വേ മേല്‍പാലം, താഴേപ്പാലത്ത് സമാന്തരപാലം, മണ്ഡലത്തിലെ പ്രധാന കേന്ദ്രങ്ങളില്‍ ഹൈമാസ്റ്റ്, മിനി മാസ്റ്റ് ലൈറ്റുകള്‍, ഹൈടെക് ബസ് സ്‌റ്റോപ്പുകള്‍ തുടങ്ങി മണ്ഡലത്തിലെ പ്രശ്‌നം മനസ്സിലാക്കി വികസനം നടപ്പാക്കിയെന്നാണ് മമ്മുട്ടി പറയുന്നത്. എന്നാല്‍, നല്ലൊരു തുക കമ്മീഷന്‍ പറ്റാവുന്ന വികസനത്തിനാണ് എംഎല്‍എ ശ്രമിച്ചതെന്നും മണ്ഡലത്തിലെ വികസന പ്രശ്‌നം മനസ്സിലാക്കി ഫലപ്രദമായി ഇടപെടാന്‍ എംഎല്‍എക്കായില്ലെന്നും സിപിഎം തിരൂര്‍ ഏരിയാ സെക്രട്ടറി അഡ്വ. പി ഹംസക്കുട്ടി കുറ്റപ്പെടുത്തി. കൊട്ടിഘോഷിച്ച് തുടങ്ങിയ മലയാളം സര്‍വകലാശാലയ്ക്ക് സ്ഥലം കണ്ടെത്താനായില്ലെന്നും ടിഎംജി കോളജിന്റെ സ്ഥലം കവര്‍ന്നെടുത്താണ് സര്‍വകലാശാല തുടങ്ങിയതെന്നും ഹംസക്കുട്ടി പറഞ്ഞു. തിരുനാവായ- തവനൂര്‍ പാലം യാഥാര്‍ഥ്യമായില്ല. പോലിസ് ലൈന്‍ പൊന്‍മുണ്ടം ബൈപാസ് യാഥാര്‍ഥ്യമായില്ല.
തിരൂര്‍ നഗരത്തിലെ ഗതാഗതക്കുരുക്കിന് പരിഹാരം കാണാനായില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഇടതുപക്ഷം വിജയിച്ചാല്‍ തിരൂരിനായി സമഗ്രവികസനരേഖ തയ്യാറാക്കി തിരൂരിന്റെ വികസന സ്വപ്‌നം യാഥാര്‍ഥ്യമാക്കുമെന്നും ഹംസക്കുട്ടി പറഞ്ഞു. തിരൂര്‍ മണ്ഡലത്തിന്റെ മുക്കുമൂലകള്‍ സുപരിചിതനായ മമ്മുട്ടി വികസന പ്രവര്‍ത്തനങ്ങള്‍ ചൂണ്ടിക്കാട്ടി ജനവിധി തേടുമ്പോള്‍, വിജയത്തില്‍ കുറച്ചൊന്നും പ്രതീക്ഷിക്കുന്നില്ല. വാഗണ്‍ ട്രാജഡിയുടെ ഭൂമിപുതിയൊരു പടയോട്ടത്തിന് വേദിയാവുമെന്നാണ് കരുതുന്നത്.
കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ മുവായിരത്തോളം വോട്ടുകള്‍ നേടിയ എസ്ഡിപിയുടെ സാന്നിധ്യം മുന്നണികളുടെ ഉറക്കം കെടുത്തുമെന്നത് തീര്‍ച്ചയാണ്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 176 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക