|    Dec 12 Wed, 2018 7:30 pm
FLASH NEWS
Home   >  Todays Paper  >  page 9  >  

‘തീവ്ര ഹിന്ദുത്വത്തിന്റെ വളര്‍ച്ച തടയാന്‍ നടപടി സ്വീകരിക്കണം’

Published : 3rd December 2018 | Posted By: kasim kzm

വാഷിങ്ടണ്‍: ഇന്ത്യയിലെ തീവ്ര ഹിന്ദുത്വത്തിന്റെ വളര്‍ച്ചയ്ക്ക് തടയിടാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി നടപടി സ്വീകരിക്കണമെന്നു മത സ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട വിഷയങ്ങളിലുള്‍പ്പെടുന്ന യുഎസ് സംഘടനകളും മനുഷ്യാവകാശ പ്രവര്‍ത്തകരും. ഇന്ത്യയില്‍ ന്യൂനപക്ഷ സമുദായാംഗങ്ങള്‍ക്കെതിരായ ആക്രമണങ്ങളില്‍ പങ്കാളികളായ സംഘങ്ങളെ ശിക്ഷിക്കുന്നതടക്കമുള്ള നടപടികള്‍ പ്രധാനമന്ത്രി സ്വീകരിക്കേണ്ടതുണ്ടെന്നു സംഘടനകള്‍ ആവശ്യപ്പെട്ടു.
വാഷിങ്ടണ്‍ ഡിസിയില്‍ സംഘടിപ്പിച്ച ഇന്ത്യയിലെ മതസ്വാതന്ത്ര്യം എന്ന പ്രഭാഷണ പരിപാടിയിലാണു സംഘടനകളും സാമൂഹിക പ്രവര്‍ത്തകരും ഇക്കാര്യം ഉന്നയിച്ചത്. ഇന്തോ അമേരിക്കന്‍ മുസ്‌ലിം കൗണ്‍സില്‍ സംഘടിപ്പിച്ച ചടങ്ങില്‍ സാമൂഹിക പ്രവര്‍ത്തകരും യുഎസ് കോണ്‍ഗ്രസ് ജിവനക്കാരും വിദേശകാര്യ വിഭാഗം ഉദ്യോഗസ്ഥരും യുഎസ് അന്താരാഷ്ട്ര മത സ്വാതന്ത്ര്യ കമ്മീഷന്‍ (യുഎസ്‌സിഐആര്‍എഫ്) പ്രവര്‍ത്തകരും പൗരസമൂഹ പ്രതിനിധികളുമുള്‍പ്പെടെ പങ്കെടുത്തു.
തന്റെ പാര്‍ട്ടിയിലെ തീവ്രഹിന്ദുത്വ നിലപാട് സ്വീകരിക്കുന്നവരെ അപലപിക്കുന്നതില്‍ നിന്ന് മോദി ഒഴിഞ്ഞുമാറുന്നതാണ് രാജ്യത്തെ അവസ്ഥ മോശമായി മാറാന്‍ കാരണമായതെന്നു യുഎസ്‌സിഐആര്‍എഫ് മുന്‍ ചെയര്‍പേഴ്‌സണ്‍ കാതറിന ലാന്റോസ് സ്വെറ്റ് പറഞ്ഞു. മുസ്‌ലിംകളെയും ക്രിസ്ത്യാനികളെയുമാണു രാജ്യത്തെ ഹിന്ദുത്വ അതിക്രമങ്ങള്‍ കൂടുതലായി ബാധിക്കുന്നതെന്നും അവര്‍ പറഞ്ഞു.
മത ന്യൂനപക്ഷങ്ങള്‍ക്കു നേര്‍ക്ക് നടക്കുന്ന അക്രമങ്ങളെ അപലപിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി തയ്യാറാവണമെന്ന് ചടങ്ങില്‍ പങ്കെടുത്തവര്‍ ആവശ്യപ്പെട്ടു. ന്യൂനപക്ഷങ്ങള്‍ക്കെതിരായ അതിക്രമങ്ങളെ അപലപിക്കാന്‍ പ്രധാനമന്ത്രി തയ്യാറായാല്‍ അവയെ നിയന്ത്രിക്കാന്‍ സാധിക്കുമെന്ന് ഇന്റര്‍നാഷനല്‍ ക്രിസ്ത്യന്‍ കൊണ്‍സേണ്‍ പ്രസിഡന്റ് ജെഫ് കിങ് പറഞ്ഞു. ന്യൂനപക്ഷങ്ങള്‍ക്കെതിരായ അതിക്രമങ്ങള്‍ സംബന്ധിച്ച് വസ്തുതാന്വേഷണം നടത്താന്‍ യുഎസ്‌സിഐആര്‍എഫ് സംഘത്തിന് ഇന്ത്യ സന്ദര്‍ശിക്കാന്‍ അനുമതി നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഇന്ത്യയിലെ നിയമങ്ങളും നയങ്ങളും മതസ്വാതന്ത്ര്യത്തെ പരിമിതപ്പെടുത്തുന്നതാണെന്ന് ചടങ്ങില്‍ സംസാരിച്ച അമേരിക്കന്‍ ഹ്യൂമനിസ്റ്റ് അസോസിയേഷന്‍ ലെജിസ്ലേറ്റീവ് ഡയറക്ടര്‍ മാത്യു ബള്‍ഗര്‍ അഭിപ്രായപ്പെട്ടു. ഈ നയങ്ങള്‍ അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയില്‍ ദലിതരുടെ സ്ഥിതി മോദി ഭരണത്തില്‍ വഷളായിക്കൊണ്ടിരിക്കുന്നതായി ഫിലാഡല്‍ഫിയയില്‍ നിന്നുള്ള ദലിത് ക്രിസ്ത്യന്‍ ലുതേറന്‍ സഭാ വൈദികനായ ഫാ. സി ആന്‍ഡേഴ്‌സണ്‍ രാജരിഗം അഭിപ്രായപ്പെട്ടു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss