|    Dec 16 Sun, 2018 8:22 pm
FLASH NEWS
Home   >  Todays Paper  >  Page 5  >  

തീവ്ര ഹിന്ദുത്വത്തിന്റെ കാര്‍ക്കശ്യവുമായി കുമ്മനം; ലക്ഷ്യം വര്‍ഗീയ ധ്രുവീകരണം

Published : 19th December 2015 | Posted By: TK

എം ബി ഫസറുദ്ദീന്‍

തിരുവനന്തപുരം: ബിജെപി സംസ്ഥാന അധ്യക്ഷ സ്ഥാനത്തേക്കു ഹിന്ദു ഐക്യവേദി നേതാവെത്തുന്നത് കൂടുതല്‍ വര്‍ഗീയ ധ്രുവീകരണം ലക്ഷ്യമാക്കി. പാര്‍ട്ടിക്ക് അനുകൂലമായി ഉടലെടുത്ത രാഷ്ട്രീയ സാഹചര്യങ്ങള്‍ പരമാവധി ഉപയോഗപ്പെടുത്താനാണ് കുമ്മനം രാജശേഖരന്റെ പുതിയ നിയോഗം.
കുമ്മനത്തിന്റെ സ്ഥാനാരോഹണത്തോടുകൂടി പാര്‍ട്ടിയില്‍ ആര്‍എസ്എസിന്റെ നിയന്ത്രണം പൂര്‍ണമായി. എസ്എന്‍ഡിപിയുടെ ഹിന്ദുത്വ രാഷ്ട്രീയ പ്രവേശനത്തിലൂടെ ബിജെപി രാഷ്ട്രീയത്തിന് പുതിയ സാധ്യതകള്‍ തുറന്നുകിട്ടിയ വേളയിലാണ് കുമ്മനത്തിന്റെ പുതിയ ദൗത്യം. കേരളത്തിലെ പിന്നാക്ക ഹിന്ദു സമുദായങ്ങളെ ഹിന്ദുത്വത്തിന്റെ രാഷ്ട്രീയ ചരടില്‍ കെട്ടുകയാണ് കുമ്മനത്തിലൂടെ ആര്‍എസ്എസ് ലക്ഷ്യമിടുന്നത്. അതിന് തടസ്സമായി നില്‍ക്കുന്ന പാര്‍ട്ടിയുടെ അനൈക്യവും ഗ്രൂപ്പ് സമരവും കാഡര്‍ സ്വഭാവമുള്ള പുതിയ നേതാവിനെക്കൊണ്ട് പരിഹരിക്കാനാവുമെന്ന് ആര്‍എസ്എസ് കരുതുന്നു.
നിലയ്ക്കല്‍ വിവാദത്തിലൂടെയാണ് കുമ്മനത്തിന്റെ തീവ്രഹിന്ദുത്വ നിലപാട് കേരളസമൂഹത്തിനു മുന്നില്‍ വെളിവായത്. 1983 മാര്‍ച്ച് 24ന്, നിലയ്ക്കല്‍ മഹാദേവ ക്ഷേത്രത്തിനടുത്തായി ഇടവകയിലെ രണ്ടംഗങ്ങള്‍ എഡി 57ല്‍ തോമാശ്ലീഹ സ്ഥാപിച്ച കല്‍ക്കുരിശ് കണ്ടെത്തി എന്ന വിശ്വാസത്തില്‍ അവിടെ പള്ളി പണിയാനുള്ള ശ്രമം നടത്തിയപ്പോള്‍ കുമ്മനത്തിന്റെ നേതൃത്വത്തില്‍ ഹിന്ദു ഐക്യവേദി പ്രവര്‍ത്തകര്‍ രംഗത്തെത്തുകയും പള്ളിയുടെ സ്ഥലം മാറ്റുകയും ചെയ്തു. ഈ സ്ഥലം 18 മലകള്‍ ചേര്‍ന്ന അയ്യപ്പന്റെ പൂങ്കാവനമാണെന്നായിരുന്നു ഹിന്ദു ഐക്യവേദിയുടെ പ്രചാരണം.
2003ലെ മാറാട് കലാപവേളയിലും കുമ്മനം രാജശേഖരന്‍ എന്ന തീവ്ര ഹിന്ദുത്വനേതാവിന്റെ തന്ത്രങ്ങള്‍ കേരളം കണ്ടു. ആറന്‍മുള പൈതൃക ഗ്രാമകര്‍മ സമിതി ചെയര്‍മാന്‍ എന്ന നിലയില്‍ വിമാനത്താവള വിരുദ്ധസമരത്തിന്റെ ജനകീയ മുഖത്ത് വരാനും കുമ്മനത്തിന് കഴിഞ്ഞു. പശ്ചിമഘട്ട സംരക്ഷണത്തിന്റെ മറവില്‍ ക്രിസ്ത്യന്‍ വിരുദ്ധത ആളിക്കത്തിച്ചതും വര്‍ഗീയവിദ്വേഷം പടര്‍ത്തി വെള്ളാപ്പള്ളി നയിച്ച ജാഥയുടെ മുഖ്യസൂത്രധാരനായി അണിയറയില്‍ പ്രവര്‍ത്തിച്ചതും ഇദ്ദേഹമാണ്.
എന്നാല്‍, ഹിന്ദുത്വത്തിന്റെ കര്‍ക്കശവാദത്തിനപ്പുറം ആള്‍ക്കൂട്ടരാഷ്ട്രീയത്തിന്റെ പ്രായോഗികതയില്‍ കുമ്മനത്തിന്റെ നിലപാടുകള്‍ എത്രത്തോളം ഗുണം ചെയ്യുമെന്ന് ആശങ്കപ്പെടുന്നവരും പാര്‍ട്ടിയിലുണ്ട്. നായാടി മുതല്‍ നമ്പൂതിരി വരെയുള്ളവരുടെ ഐക്യം പറഞ്ഞാണ് എസ്എന്‍ഡിപി കേരള രാഷ്ട്രീയത്തില്‍ തുടക്കം കുറിക്കുന്നത്. മതപാര്‍ട്ടികള്‍ എന്ന നിലയില്‍ രണ്ടു പാര്‍ട്ടികളും തമ്മില്‍ ഉണ്ടായേക്കാവുന്ന മല്‍സരങ്ങള്‍ പുതിയ ബിജെപി അധ്യക്ഷനു വെല്ലുവിളിയാവും. മുസ്‌ലിം വിരുദ്ധരായ പാര്‍ട്ടിയുടെ മലബാര്‍ നേതൃത്വത്തില്‍ നിന്നുമാറി ക്രിസ്ത്യന്‍ വിരുദ്ധതയും മതകാര്‍ക്കശ്യവും കൂടിച്ചേര്‍ന്നൊരാള്‍ നേതൃത്വത്തിലേക്കു വരുന്നത് പാര്‍ട്ടിയുടെ ജനകീയ രാഷ്ട്രീയത്തിനു മങ്ങലേല്‍പ്പിച്ചേക്കുമെന്നും വിലയിരുത്തപ്പെടുന്നു.
1987ല്‍ എഫ്‌സിഐയിലെ ജോലിയുപേക്ഷിച്ച് മുഴുവന്‍സമയ ആര്‍എസ്എസ് പ്രവര്‍ത്തകനായ കുമ്മനം ക്ഷേത്രസംരക്ഷണസമിതി, ഹിന്ദുമുന്നണി എന്നിവയുടെ തലപ്പത്തും ഉണ്ടായിരുന്നു. 1987ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ തിരുവനന്തപുരം ഈസ്റ്റ് മണ്ഡലത്തില്‍ ഹിന്ദുമുന്നണി സ്ഥാനാര്‍ഥിയായിരുന്നു.
യുഡിഎഫ് സ്ഥാനാര്‍ഥിയായി വിജയിച്ച കെ ശങ്കരനാരായണ പിള്ളയുടെ പിന്നിലായി 23,835 വോട്ടുകളുമായി കുമ്മനം അന്ന് രണ്ടാമതെത്തിയിരുന്നു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss