|    Dec 10 Mon, 2018 12:47 am
FLASH NEWS
Home   >  Todays Paper  >  page 9  >  

തീവ്രവാദ മുദ്രകുത്തപ്പെട്ടവരുടെ പൗരത്വം റദ്ദാക്കാനൊരുങ്ങി ആസ്‌ത്രേലിയ

Published : 23rd November 2018 | Posted By: kasim kzm

കാന്‍ബറ: തീവ്രവാദ കേസുകളില്‍ കുറ്റം ചുമത്തപ്പെടുന്നവരുടെ പൗരത്വം റദ്ദാക്കുന്നതിനും ഇറാഖില്‍ നിന്നും സിറിയയില്‍ നിന്നും മടങ്ങിയെത്തുന്നവരുടെ പ്രവര്‍ത്തനങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തുന്നതിനുമുള്ള നീക്കങ്ങളുമായി ആസ്‌ത്രേലിയന്‍ സര്‍ക്കാര്‍. തീവ്രവാദ കേസുകളില്‍ കുറ്റക്കാരായി കണ്ടെത്തുന്നവര്‍ ആസ്‌ത്രേലിയന്‍ വംശജരാണെങ്കില്‍ പോലും അവരുടെ പൗരത്വം റദ്ദാക്കാന്‍ തന്റെ സര്‍ക്കാരിന് അധികാരം വേണമെന്ന് പ്രധാനമന്ത്രി സ്‌കോട്ട് മോറിസണ്‍ ആവശ്യപ്പെട്ടു.
സമുദായാംഗങ്ങളുടെ അക്രമപ്രവര്‍ത്തനങ്ങള്‍ തടയുന്നതില്‍ മുസ്‌ലിം നേതാക്കള്‍ക്ക് പ്രത്യേക ഉത്തരവാദിത്തമുണ്ടെന്ന് സൂചന നല്‍കുന്നതായിരുന്നു മോറിസന്റെ പ്രഖ്യാപനം. ഭീകരവാദ പ്രവര്‍ത്തനങ്ങളില്‍ അകപ്പെടുന്നവര്‍ക്ക് രാജ്യത്ത് ഒരു അവകാശവും അനുവദിക്കില്ലെന്നും മോറിസണ്‍ വ്യക്തമാക്കി. രാജ്യത്ത് നടക്കുന്ന ആക്രമണങ്ങള്‍ അവസാനിപ്പിക്കുന്നതിനു മുസ്‌ലിംകള്‍ കൂടുതല്‍ ഇടപെടലുകള്‍ നടത്തണമെന്ന് ആവശ്യപ്പെട്ട് തീവ്രവലതുപക്ഷവാദിയായ മോറിസണ്‍ വിളിച്ച യോഗം മുസ്‌ലിം നേതാക്കള്‍ കഴിഞ്ഞ ദിവസം ബഹിഷ്‌കരിച്ചിരുന്നു. ഏതാനും വ്യക്തികള്‍ നടത്തുന്ന അക്രമങ്ങളുടെ ഉത്തരവാദിത്തം ഒരു സമുദായത്തിന്റെ മേല്‍ അടിച്ചേല്‍പിക്കുന്നതില്‍ വിയോജിപ്പും നിരാശയും അറിയിച്ച് മുസ്‌ലിം നേതാക്കള്‍ ഭരണകൂടത്തിന് തുറന്ന കത്ത് എഴുതുകയും ചെയ്തിരുന്നു. നിലവിലെ ഭരണഘടനാ ചട്ടങ്ങള്‍ പ്രകാരം ആസ്‌ത്രേലിയയില്‍ ഇരട്ട പൗരത്വമുള്ളവര്‍, തീവ്രവാദ കേസുകളില്‍ ആറു വര്‍ഷത്തെ തടവിനു ശിക്ഷിക്കപ്പെട്ടാല്‍ ഭരണകൂടത്തിന് അവരുടെ പൗരത്വം റദ്ദാക്കാം. ഇതില്‍ ഭേദഗതി വരുത്താനാണ് സര്‍ക്കാര്‍ നീക്കം.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss