|    Apr 21 Sat, 2018 12:00 am
FLASH NEWS
Home   >  Editpage  >  Middlepiece  >  

തീവ്രവാദവും ഇന്ത്യന്‍ മുസ്‌ലിംകളും

Published : 20th July 2016 | Posted By: mi.ptk

isis photo

കെ എം അബ്ദുല്‍ അസീസ്

ഭീകരവാദമോ തീവ്രവാദമോ ഇസ്‌ലാം അംഗീകരിക്കുന്നില്ലെന്ന് ഒരു ശങ്കയ്ക്കും ഇടനല്‍കാതെ മതപണ്ഡിതന്മാര്‍ വ്യക്തമാക്കിയിട്ടുണ്ട്. മുസല്‍മാനെ സംബന്ധിച്ചിടത്തോളം അകാരണമായോ അല്ലാതെയോ ആയ ഏത് കൊലപാതകവും ഹറാം തന്നെയാണ്. ഐഎസ് എന്ന ആഗോള ഭീകരസംഘം നടത്തിക്കൊണ്ടിരിക്കുന്ന കിരാത നടപടികളെ ലോകത്തെ ഒരു മുസ്‌ലിമും അംഗീകരിക്കുന്നില്ല. കാരണം, ഇസ്‌ലാം കാരുണ്യത്തിന്റെ മതമാണ്. അങ്ങനെയുള്ള അധ്യാപനം ലഭ്യമാവുന്ന ഒരു മുസ്‌ലിമിനും തന്റെ സഹജീവിയെ കൊല്ലാനോ ഉപദ്രവിക്കാനോ സാധിക്കില്ല. ഇസ്‌ലാം എന്നത് ഒരു അറബി ശബ്ദമാണ്. അതിന്റെ നേരര്‍ഥം അനുസരണ എന്നാണ്. ദൈവത്തെ അനുസരിക്കുക എന്നതാണ് പൊതുതത്ത്വം. എന്നാല്‍, ഇസ്‌ലാമിന് സമാധാനം എന്നും അര്‍ഥമുണ്ട്. തന്റെ ജീവിതം ദൈവത്തിനു സമര്‍പ്പിക്കുക വഴി കിട്ടുന്ന ശാരീരികവും മാനസികവുമായ സംതൃപ്തിയെ സമാധാനം എന്ന് അര്‍ഥം കല്‍പിക്കുന്നു. മുസല്‍മാനെ സംബന്ധിച്ചിടത്തോളം ഏറ്റവും ശ്രേഷ്ഠമായ അവസ്ഥയാണു ദൈവഭയം. ദൈവത്തെ ഭയക്കുന്ന ഏതൊരാള്‍ക്കും ദൈവകല്‍പനയല്ലാതെ മറ്റൊന്നും പ്രവര്‍ത്തിക്കാന്‍ കഴിയില്ല. ഐഎസ് ഒരു മുസ്‌ലിം സംഘടനയാണോ? ചോദ്യം മുസ്‌ലിം ലോകത്തോടല്ല, പാശ്ചാത്യലോകത്തോടാണ്. സ്വന്തം താല്‍പര്യം നടപ്പാക്കാന്‍ അമേരിക്കയും ജൂതപ്പടയും സൃഷ്ടിച്ചെടുത്തതല്ലേ ഐഎസ് എന്ന ഈ ഭീകരതയെ എന്ന് ലോകം സംശയിക്കാന്‍ തുടങ്ങിയിട്ട് കാലമേറെയായി. പ്രത്യക്ഷത്തില്‍ മുസ്‌ലിംകള്‍ക്കെതിരേ പാശ്ചാത്യര്‍ ഒന്നും ചെയ്യുന്നില്ല. പക്ഷേ, മുസ്‌ലിംകള്‍ മുസ്‌ലിംകളെ തന്നെ ഉന്‍മൂലനം ചെയ്യാനുള്ള സകല പദ്ധതിയും ആസൂത്രിതമായി നടപ്പാക്കുന്നു. മുസ്‌ലിം ഭൂരിപക്ഷ രാജ്യങ്ങളില്‍ കടന്നാക്രമണം നടത്തി ഉന്‍മൂലനം സാധ്യമാക്കിയ അമേരിക്കയ്ക്കും ജൂതപ്പടയ്ക്കും സഖ്യകക്ഷികള്‍ക്കും ലക്ഷ്യം ഒന്നേ ഉണ്ടായിരുന്നുള്ളൂ- മുസ്‌ലിം ഉന്‍മൂലനം. ഇല്ലാത്തതെല്ലാം ഉണ്ടെന്ന് തെളിവു നിരത്തി ഇറാഖിനെ ആക്രമിക്കാന്‍ കാണിച്ച വ്യഗ്രത മതി കാര്യങ്ങള്‍ മനസ്സിലാക്കാന്‍. എന്നാലിപ്പോള്‍ നേരിട്ടുള്ള ഉന്‍മൂലനത്തിന് മുതിരാതെ ഐഎസിനെപ്പോലുള്ള സംഘങ്ങളെ സൃഷ്ടിച്ച് അവരുടെ അക്രമത്തില്‍നിന്നു മുസ്‌ലിംകളെ രക്ഷിക്കാനെന്നപേരില്‍ നടത്തുന്ന യുദ്ധം ഐഎസിനെതിരായല്ല, മറിച്ച് അത് മുസ്‌ലിംകള്‍ക്കെതിരേയാണ്. സ്വന്തം സൈന്യത്തെ ദിനംപ്രതി ഇറാഖിലേക്കും സിറിയയിലേക്കും മറ്റും അയച്ചുകൊണ്ടിരിക്കുന്നു ഇക്കൂട്ടര്‍. ബുഷിനെയും ടോണി ബ്ലെയറെയും യുദ്ധക്കുറ്റവാളികളാക്കാന്‍ ആര്‍ക്കാണ് ഇവിടെ ധൈര്യമുള്ളത്? ഏതൊരു രാജ്യത്താണോ മുസ്‌ലിംകള്‍ സമാധാനത്തോടെ കഴിയുന്നത് അവിടെയല്ലാം അരാജകത്വം സൃഷ്ടിക്കാന്‍ കച്ചകെട്ടിയിറങ്ങിയിരിക്കുകയാണു ചിലര്‍. നമ്മുടെ രാജ്യത്തും അത് ആരംഭിച്ചിട്ട് കാലങ്ങളായി. 92ല്‍ ബാബരി മസ്ജിദ് തകര്‍ക്കാന്‍ മൗനാനുവാദം കൊടുത്ത കോണ്‍ഗ്രസ് പ്രധാനമന്ത്രി നരസിംഹറാവുവിന്റെ കാലത്താണ് ജൂതരാജ്യവുമായി അടുത്ത ബന്ധം സ്ഥാപിച്ചത്. ഇതോടെ ആര്‍എസ്എസിനെ കൂടാതെ മറ്റനേകം ചെറുതും വലുതുമായ സംഘ സംഘടനകളുണ്ടായി. മുസ്്‌ലിംകള്‍ക്കെതിരേ ഒളിഞ്ഞും തെളിഞ്ഞും അക്രമങ്ങള്‍ അരങ്ങേറി. ഒരു സര്‍ക്കാരുകളും ഒന്നും ചെയ്തില്ല. മൃദുഹിന്ദുത്വം സ്വീകരിച്ചു കോണ്‍ഗ്രസ്. സംഘപരിവാര സംഘടനകള്‍ പലതും തഴച്ചുവളര്‍ന്നു. ബോംബ് സ്‌ഫോടനങ്ങളും ഭീകരാക്രമണങ്ങളും അരങ്ങേറി. എല്ലാം മുസ്‌ലിംകളുടെ തലയില്‍. സത്യസന്ധമായി കേസന്വേഷിച്ചവര്‍ പലരും വധിക്കപ്പെട്ടു. എന്നാല്‍, ചില കോടതിവിധികള്‍ മുസ്‌ലിംകള്‍ക്ക് പ്രതീക്ഷ നല്‍കുന്നവയായിരുന്നു. മുസ്‌ലിംകള്‍ക്കെതിരേ ഏറ്റവും കൂടുതല്‍ തീവ്രതയും ഭീകരതയും ചാര്‍ത്തിത്തരുന്നത് ചില അച്ചടി-ദൃശ്യ മാധ്യമങ്ങളാണ്. ഈ കൂട്ടര്‍ കുറച്ചു മുമ്പു വരെ പാടിനടന്നത് ‘ലൗ ജിഹാദ്’ ആയിരുന്നു. അമുസ്‌ലിം പെണ്‍കുട്ടികളെ മുസ്‌ലിം ചെറുപ്പക്കാര്‍ വശത്താക്കി കൊണ്ടുപോവുന്നത്രെ. എന്തെല്ലാം കഥകളായിരുന്നു സംഘപരിവാരങ്ങളും പത്രങ്ങളും കൂടി മെനഞ്ഞെടുത്തത്. കുറേ നാളുകള്‍ മുസ്്‌ലിംകളെ മുള്‍മുനയില്‍ നിര്‍ത്തി. സംഭവത്തില്‍ ഒരു സത്യവുമില്ലെന്ന് പോലിസ് മേധാവി തന്നെ കോടതികളെ ബോധ്യപ്പെടുത്തി. ഇപ്പോഴിതാ പുതിയ പരിപാടി. ഐഎസ് ബന്ധം കേരളത്തിലും. ഇതുവരെ ഒരു തെളിവും ലഭിച്ചിട്ടില്ലെന്ന് കേന്ദ്ര-സംസ്ഥാന രഹസ്യാന്വേഷണവിഭാഗങ്ങളും സംസ്ഥാന മുഖ്യമന്ത്രി തന്നെയും വെളിപ്പെടുത്തിയിട്ടും വീടുവിട്ടുപോയവര്‍ ഐഎസില്‍ തന്നെ എന്ന് വാര്‍ത്തകള്‍ മെനയുകയാണ് ചിലര്‍. രാജ്യത്തിന്റെ പല ഭാഗങ്ങളില്‍നിന്നും ദിനേനയെന്നോണം എത്രയോ ആളുകള്‍ പലായനം ചെയ്ത് മറ്റു മേഖലകളില്‍ ചേക്കേറുന്നു. എത്രയോ കുടുംബങ്ങള്‍ മറ്റു സ്ഥലങ്ങള്‍ തേടി പോവുന്നു. അവിടെയൊന്നുമില്ലാത്ത വെപ്രാളവും ഉല്‍ക്കണ്ഠയും പരവേശവും ഇപ്പോള്‍ എങ്ങനെയുണ്ടായി? ആദര്‍ശധീരതയുള്ള ഒരു മുഖ്യമന്ത്രിയാണ് കേരളം ഭരിക്കുന്നതെന്ന് ജനം വിശ്വസിക്കുന്നു. സത്യമാണെങ്കില്‍ ധീരമായ നടപടിയുണ്ടാവണം. കാണാതായവരെ കണ്ടെത്തുക തന്നെ വേണം. കുറ്റക്കാരാണെങ്കില്‍ ശിക്ഷയും ഉറപ്പാക്കണം. രാജ്യദ്രോഹം ഒരിക്കലും ഇസ്‌ലാമികമല്ല. ഏത് രാജ്യദ്രോഹിയും ഇസ്‌ലാമിന്റെ ശത്രുവാണ്. മുഖ്യമന്ത്രി പറഞ്ഞ വാക്കുകള്‍ ആത്മാര്‍ഥതയുള്ളതാണെങ്കില്‍ സംഭവത്തിന്റെ യാഥാര്‍ഥ്യം പുറത്തുകൊണ്ടുവരണം. പുകമറ സൃഷ്ടിച്ച് മുസ്‌ലിംകള്‍ക്കെതിരേ കള്ളക്കഥ മെനയുന്നവര്‍ക്കെതിരേ ശക്തമായ നടപടിയുണ്ടാവണം.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss