|    Jan 23 Mon, 2017 8:14 am

തീവണ്ടി യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കണം

Published : 23rd September 2016 | Posted By: SMR

ഒരു മാസത്തിനിടയില്‍ രണ്ടു ട്രെയിന്‍ അപകടങ്ങള്‍ക്കാണ് കേരളം സാക്ഷ്യം വഹിച്ചത്. 1,000 കിലോമീറ്റര്‍ മാത്രം റെയില്‍പ്പാതയുള്ള കേരളത്തില്‍ ഈ വര്‍ഷം ഇതുവരെ നാലു തീവണ്ടിയപകടങ്ങളുണ്ടായി. ഇതു യാത്രക്കാരില്‍ ഉണ്ടാക്കുന്ന ആശങ്കയും ഉല്‍ക്കണ്ഠയും ചെറുതല്ല.
ആഗസ്ത് 29നു പുലര്‍ച്ചെയാണ് തിരുവനന്തപുരം-മംഗളൂരു എക്‌സ്പ്രസ് അങ്കമാലിക്കു സമീപം കറുകുറ്റിയില്‍ പാളം തെറ്റിയത്. തീവണ്ടി ഗതാഗതം സാധാരണനിലയില്‍ പുനസ്ഥാപിക്കുന്നതിനുള്ള ശ്രമങ്ങള്‍ തുടരുന്നതിനിടയ്ക്കാണ് സപ്തംബര്‍ 20നു രാത്രി രണ്ടാമത് അപകടം. തിരുവനന്തപുരത്തു നിന്നു കോട്ടയത്തേക്കു പോയ ചരക്കുതീവണ്ടിയുടെ ആറു ബോഗികള്‍ കരുനാഗപ്പള്ളിക്കടുത്ത് പാളം തെറ്റി. ഈ വണ്ടിക്ക് മിനിറ്റുകള്‍ മാത്രം മുമ്പാണ് കണ്ണൂര്‍ എക്‌സ്പ്രസ് ഇതേ പാളങ്ങളിലൂടെ കടന്നുപോയത്. അമൃത-രാജ്യറാണി എക്‌സ്പ്രസ് അപകടം പറ്റിയ വണ്ടിയുടെ പിന്നില്‍ ഓടിയിരുന്നു. സങ്കല്‍പിക്കാന്‍ പോലുമാവാത്ത കൊടുംദുരന്തത്തില്‍ നിന്നാണ് രാജ്യം രക്ഷപ്പെട്ടത്. അവധി കഴിഞ്ഞു മടങ്ങുന്ന കുടുംബങ്ങളടക്കം നിരവധി യാത്രക്കാരാണ് വണ്ടികളുടെ റദ്ദാക്കലും വഴിമാറി ഓടലും കാരണം ദുരിതം അനുഭവിച്ചത്. ഗതാഗതം സാധാരണ നിലയിലാകുന്നതിന് ഇനിയും ദിവസങ്ങള്‍ ഏറെ പിടിക്കും.
ഓരോ അപകടത്തിനു ശേഷവും അന്വേഷണ കമ്മീഷനുകളെ നിയോഗിക്കാറുണ്ട്. പക്ഷേ, അവയുടെ റിപോര്‍ട്ടുകളെക്കുറിച്ചും തുടര്‍നടപടികളെക്കുറിച്ചും അധികം കേള്‍ക്കാറില്ല. അപകടവേളയില്‍ അട്ടിമറി ഉള്‍പ്പെടെ പല സംശയങ്ങളും ആരോപിക്കപ്പെടാറുണ്ടെങ്കിലും റിപോര്‍ട്ടുകളില്‍ ഇതുവരെ അത്തരം പരാമര്‍ശങ്ങളൊന്നും കണ്ടിട്ടില്ല.
25 വര്‍ഷം കഴിഞ്ഞ പാളങ്ങള്‍ മാറ്റണമെന്നാണ് വ്യവസ്ഥയെങ്കിലും കേരളത്തില്‍ അമ്പതു പിന്നിട്ട പാളങ്ങളിലൂടെയാണ് ഇപ്പോഴും തീവണ്ടി ഓടുന്നതെന്ന വാര്‍ത്ത ഞെട്ടിക്കുന്നതാണ്. പാളങ്ങളില്‍ വിള്ളലുകള്‍ കാണുന്നത് സംസ്ഥാനത്ത് നിത്യസംഭവമായിരിക്കുന്നു. പഴക്കം കാരണം ബലക്ഷയം വന്ന പാളങ്ങളാണ് രണ്ടിടത്തും അപകടങ്ങള്‍ക്കു കാരണമായത്. കഴിഞ്ഞ ദിവസം റെയില്‍വേ ബോര്‍ഡ് ചെയര്‍മാന് കേന്ദ്ര മനുഷ്യാവകാശ കമ്മീഷന്‍ അയച്ച നോട്ടീസിലും കേരളത്തിലെ റെയില്‍ പാളത്തില്‍ 238 ഇടങ്ങളില്‍ വിള്ളലുണ്ടെന്ന് എടുത്തുപറയുന്നുണ്ട്.
യാത്രക്കാരുടെ സുരക്ഷിതത്വം പൂര്‍ണമായി ഉറപ്പാക്കേണ്ട ബാധ്യതയില്‍ നിന്നു റെയില്‍വേക്ക് ഒഴിഞ്ഞുമാറാനാവില്ല. കുറ്റകരമായ അലംഭാവവും സുരക്ഷാരംഗത്തെ വീഴ്ചയും കാരണം ഉണ്ടാകുന്ന അപകടങ്ങള്‍ ഗൗരവത്തോടെത്തന്നെ കാണണം. ഇത്തരം അപകടങ്ങള്‍ ഇനി ഉണ്ടാവില്ലെന്ന് ഉറപ്പുവരുത്തേണ്ടതുമുണ്ട്. പഴക്കമേറിയതും അപകടസാധ്യതയുള്ളതുമായ പാളങ്ങള്‍ ഉടനെ മാറ്റുന്നതിനും ആവശ്യമായ മറ്റ് അറ്റകുറ്റപ്പണികള്‍ നടത്തുന്നതിനും അടിയന്തര നടപടികള്‍ സ്വീകരിക്കണം. ഇതിനായി കേരള സര്‍ക്കാരും എംപിമാരും ജനനേതാക്കളും കൂട്ടായി ശബ്ദമുയര്‍ത്തണം.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 38 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക