|    Apr 23 Sun, 2017 11:00 am
FLASH NEWS

തീവണ്ടി ദുരന്തം: മരണം 146 ആയി

Published : 22nd November 2016 | Posted By: SMR

കാണ്‍പൂര്‍: ഉത്തര്‍പ്രദേശിലെ കാണ്‍പൂരില്‍ ഞായറാഴ്ചയുണ്ടായ തീവണ്ടി അപകടത്തില്‍  മരിച്ചവരുടെ എണ്ണം 146 ആയി. അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിയവരെയെല്ലാം പുറത്തെടുത്തതായാണ് കരുതുന്നത്.
തീവണ്ടിയുടെ 14 ബോഗികളും പാളത്തില്‍ നിന്നു നീക്കി. കണ്ടെടുത്ത 143 മൃതദേഹങ്ങളില്‍ 110 പേരുടേത് തിരിച്ചറിഞ്ഞിട്ടു ണ്ട്. പോസ്റ്റ്‌മോര്‍ട്ടത്തിനുശേഷം 105 മൃതദേഹങ്ങള്‍ ബന്ധുക്കള്‍ക്കു കൈമാറിയതായി കാണ്‍പൂര്‍ ചീഫ് മെഡിക്കല്‍ ഓഫിസര്‍ രാമായണ്‍ പ്രസാദ് പറഞ്ഞു.
24 മൃതദേഹങ്ങള്‍ ബിഹാറിലേക്കും 25 എണ്ണം മധ്യപ്രദേശിലേക്കും 56 എണ്ണം ഉത്തര്‍പ്രദേശിന്റെ വിവിധ ഭാഗങ്ങളിലേക്കുമാണ് കൊണ്ടുപോയത്. പരിക്കേറ്റ 202 പേരില്‍ 73 പേരുടെ നില ഗുരുതരമാണ്.
റെയില്‍വേ അധികൃതര്‍ക്കും ദേശീയ ദുരന്തനിവാരണ സേനയ്ക്കുമൊപ്പം വിവിധ സന്നദ്ധ സംഘടനാ പ്രവര്‍ത്തകരും രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കാളികളായി. പ്രാഥമിക നിഗമനത്തില്‍ പാളത്തിലെ വിള്ളലാണ് അപകടത്തിനു കാരണമായി കണ്ടെത്തിയത്. അപകടത്തെക്കുറിച്ച് ഉന്നതതല അന്വേഷണത്തിന് ഉത്തരവിട്ടതായി റെയില്‍വേ മന്ത്രി സുരേഷ് പ്രഭു പറഞ്ഞു. അപകടത്തിന് ഉത്തരവാദികളായവര്‍ക്കെതിരേ കടുത്ത ശിക്ഷാനടപടികള്‍ ഉണ്ടാവുമെന്നും അദ്ദേഹം അറിയിച്ചു.
റെയില്‍വേ സുരക്ഷാ കമ്മീഷണറുടെ നേതൃത്വത്തില്‍ അന്വേഷണം തുടങ്ങിയിട്ടുണ്ട്. അത്യന്താധുനിക സാങ്കേതികവിദ്യയുടെയും ഫോറന്‍സിക് പരിശോധനയുടെയും സഹായത്താല്‍ പ്രത്യേക അന്വേഷണം നടത്തുമെന്നും മന്ത്രി അറിയിച്ചു. ഞായറാഴ്ച പുലര്‍ച്ചെ മൂന്നുമണിയോടെയാണ് കാണ്‍പൂരിനടുത്തുള്ള ഗ്രാമീണമേഖലയായ പൊക്രയാനില്‍ ഇന്‍ഡോര്‍-പട്‌ന എക്‌സ്പ്രസ് പാളംതെറ്റിയത്.

                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day