|    May 26 Fri, 2017 6:23 pm
FLASH NEWS

തീവണ്ടിയാത്രക്കാരുടെ ആശങ്ക പരിഹരിക്കണം; റെയില്‍വേ മന്ത്രിക്ക് മുഖ്യമന്ത്രിയുടെ കത്ത്

Published : 26th September 2016 | Posted By: SMR

തിരുവനന്തപുരം: കേരളത്തിലെ റെയില്‍വേ യാത്രക്കാരുടെ സുരക്ഷ ഉറപ്പുവരുത്താന്‍ അടിയന്തരനടപടികള്‍ ഉണ്ടാവണമെന്നു ചൂണ്ടികാട്ടി മുഖ്യമന്ത്രി പിണറായി വിജയന്‍ കേന്ദ്ര റെയില്‍വേ വകുപ്പുമന്ത്രി സുരേഷ് പ്രഭുവിന് കത്തയച്ചു. കഴിഞ്ഞ രണ്ടുമാസത്തിനിടെ മാത്രം മൂന്ന് തീവണ്ടിയപകടങ്ങള്‍ ഉണ്ടായ പശ്ചാത്തലത്തിലാണിത്.
ഇക്കഴിഞ്ഞ ആഗസ്ത് 13ന് മംഗലാപുരം-തിരുവനന്തപുരം റൂട്ടില്‍ സര്‍വീസ് നടത്തുന്ന മാവേലി എക്‌സ്പ്രസിന്റെ എന്‍ജിന് കാസര്‍കോട് ജില്ലയില്‍ ചെറുവത്തൂരിന് അടുത്ത് തീപിടിച്ചു. 28ന് എറണാകുളത്തിനടുത്ത് കറുകുറ്റി റെയില്‍വേ സ്‌റ്റേഷനടുത്ത് തിരുവനന്തപുരം- മംഗലാപുരം എക്‌സ്പ്രസിന്റെ നിരവധി കോച്ചുകള്‍ പാളംതെറ്റിയതായിരുന്നു രണ്ടാമത്തെ അപകടം. സപ്തംബര്‍ 20നായിരുന്നു അടുത്ത അപകടം. കൊല്ലം ജില്ലയില്‍ കരുനാഗപള്ളിക്കടുത്ത് ഗുഡ്‌സ് തീവണ്ടി പാളംതെറ്റി. കുറച്ച് ആഴ്ചകള്‍ക്കു മുമ്പ് തിരുവനന്തപുരം -ചെന്നൈ എക്‌സ്പ്രസിന് സിഗ്‌നല്‍ തകരാറുമുണ്ടായി.
കേരളത്തില്‍ നിന്നു ദീര്‍ഘദൂര സര്‍വീസ് നടത്തുന്ന തീവണ്ടികളില്‍ അടിസ്ഥാന സൗകര്യങ്ങളായ വെള്ളവും വെളിച്ചവും പോലും ഇല്ലാത്ത അവസ്ഥയാണ്. കോച്ചുകളുടെ ദൈനംദിന ശുചീകരണംപോലും ഉറപ്പുവരുത്തുന്നില്ല. കേരളത്തിന് അനുവദിച്ചിട്ടുള്ള കോച്ചുകള്‍ കാലഹരണപ്പെട്ടതാണ്.
ആവര്‍ത്തിച്ചുണ്ടാവുന്ന അപകടങ്ങളില്‍ തീവണ്ടി യാത്രക്കാര്‍ ഭീതിയിലാണ്. ഈ സാഹചര്യത്തില്‍ കേരളത്തിലൂടെ സര്‍വീസ് നടത്തുന്ന തീവണ്ടികളിലെ കോച്ചുകളുടെ ശോചനീയാവസ്ഥയും മറ്റു വിഷയങ്ങളും പരിശോധിക്കണമെന്നും ഇക്കാര്യത്തില്‍ കേന്ദ്ര റെയില്‍വേ മന്ത്രിയുടെ വ്യക്തിപരമായ ഇടപെടല്‍ ഉണ്ടാവണമെന്നും മുഖ്യമന്ത്രി അഭ്യര്‍ഥിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day