|    Feb 19 Sun, 2017 8:10 pm
FLASH NEWS

തീറ്റപ്പുല്‍ സബ്‌സിഡി വര്‍ധിപ്പിക്കും: മന്ത്രി അഡ്വ. കെ രാജു

Published : 22nd November 2016 | Posted By: SMR

കോട്ടയം: തീറ്റപ്പുല്ലിന്റെ ലഭ്യത വര്‍ധിപ്പിക്കുന്നതിനു ക്ഷീര കര്‍ഷകര്‍ക്കുള്ള ധനസഹായം വര്‍ധിപ്പിക്കുമെന്ന് ക്ഷീര വികസന മന്ത്രി അഡ്വ. കെ രാജു പറഞ്ഞു. ഒരു ഹെക്ടറില്‍ പുല്‍കൃഷി ചെയ്യുന്ന കര്‍ഷകന് വര്‍ഷം 20,000 രൂപ സബ്‌സിഡി നല്‍കും.കര്‍ഷകരുടെ ആവശ്യം കഴിഞ്ഞ് ബാക്കി വരുന്ന പുല്ല് വിലയ്‌ക്കെടുത്ത് ഫോഡര്‍ ബാങ്കുകളില്‍ സംഭരിക്കും. ഈരാറ്റുപേട്ട ബ്ലോക്ക് ക്ഷീര കര്‍ഷക സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പുതിയ ആളുകളെ പ്രത്യേകിച്ച് യുവജനങ്ങളെയും അന്യദേശ ജോലിക്കു ശേഷം തിരിച്ചു വന്നവരെയും ക്ഷീരമേഖലയിലേയ്ക്ക് കൊണ്ടുവരുന്നതിന് ആകര്‍ഷകരമായ നടപടികളാണ് സര്‍ക്കാര്‍ സ്വീകരിച്ചിട്ടുള്ളതെന്ന് മന്ത്രി പറഞ്ഞു. കേരള ഫീഡ്‌സിന്റെ ഉല്‍പ്പാദന ക്ഷമത പരമാവധി വര്‍ധിപ്പിച്ച് ആവശ്യാനുസരണം കാലിത്തീറ്റ ലഭ്യമാക്കും. പാല്‍ ഉല്‍പ്പാദന ശേഷി കൂടുതലുള്ള പശുക്കളുടെ ബ്രീഡ് വികസിപ്പിക്കുന്നതിനു കെഎല്‍ഡി പദ്ധതി തയ്യാറാക്കും. എല്ലാ പശുക്കള്‍ക്കും ഇന്‍ഷുറന്‍സ് ഏര്‍പ്പെടുത്തും. പ്രീമിയം തുകയുടെ 75 ശതമാനം സബ്‌സിഡി നല്‍കും.ക്ഷീര കര്‍ഷകരുടെ പെന്‍ഷന്‍ 1000 രൂപയാക്കി ഉയര്‍ത്തുമെന്നും മന്ത്രി അറിയിച്ചു. ക്ഷീര കര്‍ഷകരില്‍ നിന്ന് സംഭരിക്കുന്ന പാലിനു മില്‍മ നല്‍കുന്ന വില വര്‍ധിപ്പിക്കണമെന്നും അദ്ദേഹം നിര്‍ദേശിച്ചു. കേരളത്തിലെ ക്ഷീര മേഖലയുടെ നട്ടെല്ലായ ക്ഷീര കര്‍ഷകര്‍ക്ക് അധ്വാനത്തിന് അനുസരിച്ച ആദായം ലഭിക്കുന്നതിനു നടപടി ഉണ്ടാവണം. ക്ഷീരോല്‍പ്പാദന രംഗത്തുള്ള കര്‍ഷകരുടെ ആദായം മെച്ചപ്പെടുത്തി ഈ മേഖലയില്‍ നിലനിര്‍ത്തുന്നതിന് പാല്‍ വില ഉയര്‍ത്തണം. നോട്ട് പിന്‍വലിക്കലുമായി ബന്ധപ്പെട്ട് ക്ഷീര കര്‍ഷകര്‍ക്കുള്ള ബുദ്ധിമുട്ട് പരിഹരിക്കുന്നതിന് പാലിന്റെ വില കര്‍ഷകരുടെ ബാങ്ക് അക്കൗണ്ടില്‍ ലഭ്യമാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുന്നതിന് വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.ചെമ്മലമറ്റം പാരിഷ് ഹാളില്‍ നടന്ന ചടങ്ങില്‍ ബ്ലോക്ക് പഞ്ചായത്ത്  പ്രസിഡന്റ് ആര്‍ പ്രേംജി അധ്യക്ഷത വഹിച്ചു.  ബ്ലോക്ക് പഞ്ചായത്ത്  വൈസ് പ്രസിഡന്റ്  ലിസി തോമസ്, ഈരാറ്റുപേട്ട് ക്ഷീര വികസന ഓഫിസര്‍ ജിസ ജോസഫ് സംസാരിച്ചു.ഉഴവൂര്‍ ബ്ലോക്കിലെ  ക്ഷീര കര്‍ഷക സംഗമവും  മന്ത്രി അഡ്വ. കെ രാജു ഉദ്ഘാടനം ചെയ്തു. രാമപുരം ചക്കാമ്പുഴ ക്ഷീരോല്‍പ്പാദക സഹകരണ സംഘം പരിസരത്ത് നടന്ന ചടങ്ങില്‍ മോന്‍സ് ജോസഫ് എംഎല്‍എ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മോളി ലൂക്കാ, ഇആര്‍സിഎംപിയു ചെയര്‍മാന്‍ പി എ ബാലന്‍ മാസ്റ്റര്‍ സംസാരിച്ചു. ഡയറക്ടര്‍ ജോര്‍ജുകുട്ടി ജേക്കബ് റിപോര്‍ട്ട് അവതരിപ്പിച്ചു. ബ്ലോക്കുകളിലെ മികച്ച ക്ഷീര സംഘത്തിനുള്ള ട്രോഫി, ഏറ്റവും കൂടുതല്‍ പാല്‍അളന്ന എസ്‌സി, എസ്ടി വിഭാഗത്തില്‍പ്പെട്ട കര്‍ഷകനുള്ള അവാര്‍ഡ്, ക്ഷീര വികസന വകുപ്പ് ധനസഹായം  എന്നിവ ചടങ്ങില്‍ വിതരണം ചെയ്തു. കന്നുകാലി പ്രദര്‍ശനം. സെമിനാര്‍, ക്വിസ് മല്‍സരം എന്നിവയും നടന്നു. തദേശ സ്വയംഭരണ സ്ഥാപന ജനപ്രതിനിധികള്‍, ക്ഷീരവികസന വകുപ്പ് ഉദ്യോഗസ്ഥര്‍, കര്‍ഷകര്‍ പങ്കെടുത്തു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 21 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക