|    Dec 15 Sat, 2018 5:22 pm
FLASH NEWS
Home   >  Todays Paper  >  Page 5  >  

തീര്‍ത്ഥാടനച്ചുമതല: വിജയ് സാഖറെയും യതീഷ് ചന്ദ്രയും പരിചയമുള്ളവര്‍

Published : 24th November 2018 | Posted By: kasim kzm

കൊച്ചി: ശബരിമല തീര്‍ത്ഥാടനകാലത്ത് ചുമതല വഹിച്ച് മുന്‍പരിചയമുള്ള ഉദ്യോഗസ്ഥരാണ് ഐജി വിജയ് സാഖറെയും എസ്പി യതീഷ് ചന്ദ്രയുമെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍.
ശബരിമലയില്‍ അഞ്ച് വര്‍ഷത്തെ പരിചയമുള്ള ഉദ്യോഗസ്ഥനാണ് വിജയ് സാഖറെ. പമ്പയിലെ സ്‌പെഷ്യല്‍ ഓഫിസറായിരുന്ന യതീഷ് ചന്ദ്രയ്ക്ക് ശബരിമലയില്‍ മൂന്ന് വര്‍ഷത്തെ മുന്‍പരിചയമുണ്ട്. ത്യാഗമനോഭാവത്തോടെ കഠിന പ്രയത്‌നമാണ് പോലിസുകാര്‍ ശബരിമലയിലും മറ്റും നടത്തുന്നത്. കഴിഞ്ഞ വര്‍ഷങ്ങളിലേതിനേക്കാള്‍ പോലിസിനെ കൂടുതലായി വിന്യസിച്ചിട്ടുണ്ട്. മുറിയിലും ബാരക്കിലുമായാണ് ഇവരെ ഇരുത്തിയിട്ടുള്ളത്. സായുധ പോലിസ് സേനയില്‍ നിന്നുള്ള യോഗ്യരായ ഉദ്യോഗസ്ഥരെയാണു ശബരിമലയിലെ ചുമതല ഏല്‍പ്പിച്ചിരിക്കുന്നത്. വനിതകള്‍ക്ക് സുരക്ഷ നല്‍കാന്‍ പ്രത്യേക സുരക്ഷാ ഉദ്യോഗസ്ഥരുണ്ടെന്നും സര്‍ക്കാര്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പറയുന്നു.
മഹാരാഷ്ട്രയില്‍ നിന്ന് വന്ന 110 അംഗ തീര്‍ത്ഥാടകര്‍ എരുമേലിയില്‍ എത്തിയയുടന്‍ ചുമതലയിലുണ്ടായിരുന്ന ഡിവൈഎസ്പി സമാധാനപരമായ ദര്‍ശനത്തിന് എല്ലാ സഹായവും വാഗ്ദാനം ചെയ്തിരുന്നു. ആര്യങ്കാവ് അയ്യപ്പക്ഷേത്രം, പനച്ചിക്കാട് ദക്ഷിണ മൂകാംബിക ക്ഷേത്രം എന്നിവിടങ്ങളില്‍ കൂടി പ്രാര്‍ഥന നടത്തി അന്നുതന്നെ മടങ്ങിപ്പോവാന്‍ ട്രെയിന്‍ ടിക്കറ്റ് ബുക്ക് ചെയ്താണ് സംഘം എത്തിയത്.
സന്നിധാനം, പമ്പ, നിലക്കല്‍ എന്നിവിടങ്ങളിലെ പ്രതിഷേധവും മറ്റും മാധ്യമങ്ങളിലൂടെ അറിഞ്ഞതിനാല്‍ ശബരിമല ദര്‍ശനത്തിനെത്തിയാല്‍ കൃത്യ സമയത്ത് മടങ്ങാനാവില്ലെന്ന ആശങ്ക അവര്‍ അറിയിച്ചു. സമയനിയന്ത്രണം ഇല്ലാതെതന്നെ ദര്‍ശനം നടത്താനുള്ള എല്ലാ സഹായവും പിന്നീടും വാഗ്ദാനം ചെയ്‌തെങ്കിലും നിരസിച്ച അവര്‍ മറ്റ് ക്ഷേത്രങ്ങള്‍ സന്ദര്‍ശിച്ച് നാട്ടിലേക്ക് മടങ്ങുകയായിരുന്നുവെന്നും സത്യവാങ്മൂലം പറയുന്നു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss