|    Nov 19 Mon, 2018 2:12 am
FLASH NEWS
Home   >  Todays Paper  >  page 12  >  

തീര്‍ത്ഥാടകലക്ഷങ്ങള്‍ അറഫയില്‍ സമ്മേളിച്ചു

Published : 21st August 2018 | Posted By: kasim kzm

സലിം ഉളിയില്‍

മക്ക: ലോകത്തിന്റെ അഷ്ടദിക്കുകളില്‍ നിന്നെത്തിയ തീര്‍ത്ഥാടകലക്ഷങ്ങള്‍ പ്രാര്‍ഥനാനിര്‍ഭരമായ മനസ്സുമായി അറഫയില്‍ സമ്മേളിച്ചു. ഞായറാഴ്ച സന്ധ്യയോടെ ഹാജിമാര്‍ അറഫ ലക്ഷ്യമാക്കി നീങ്ങിയിരുന്നു. ഇതിനായി മാഷാഇര്‍ ട്രെയിന്‍, ബസ് തുടങ്ങിയവയാണ് ഹാജിമാര്‍ ആശ്രയിച്ചത്. ചിലര്‍ കാല്‍നടയായും അറഫയിലെത്തി.
അറഫയിലെത്തിയ ഹാജിമാര്‍ പൂര്‍ണമായും പ്രാര്‍ഥനയില്‍ മുഴുകി. ഖുര്‍ആന്‍ പാരായണങ്ങളാലും ദൈവസ്മരണകളാലും മുഖരിതമായിരുന്നു അറഫ. രാവിലെ 10 മണിയോടെ തന്നെ തൂവെള്ള വസ്ത്രമണിഞ്ഞെത്തിയ തീര്‍ത്ഥാടകരാല്‍ അറഫ നിറഞ്ഞു. മസ്ജിദുന്നമിറ, ജബലുര്‍റഹ്മ എന്നിവിടങ്ങളില്‍ ഹാജിമാര്‍ നേരത്തേ തന്നെ സ്ഥാനംപിടിച്ചിരുന്നു. ഇവിടങ്ങളിലേക്കുള്ള തിരക്ക് നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ട്രാഫിക് വിഭാഗം റോഡിന്റെ ചില ഭാഗങ്ങള്‍ അടച്ച് നിയന്ത്രണം ഏര്‍പ്പെടുത്തി. കഴിഞ്ഞ ദിവസമുണ്ടായ ശക്തമായ പൊടിക്കാറ്റ് പ്രതികൂല കാലാവസ്ഥയ്ക്കു കാരണമാവുമെന്ന ധാരണ തിരുത്തി രാവിലെ മുതല്‍ തന്നെ തെളിഞ്ഞ അന്തരീക്ഷമായിരുന്നു അറഫയില്‍.
അറഫയിലെത്തിയ ഹാജിമാര്‍ മസ്ജിദുന്നമിറയില്‍ നടന്ന നമസ്‌കാരത്തിലും ഖുതുബയിലും പങ്കുകൊണ്ടു. അറഫ പ്രഭാഷണത്തിനും നമസ്‌കാരത്തിനും മസ്ജിദുന്നബവി ഇമാം ഡോ. ഹുസയ്ന്‍ ബിന്‍ അബ്ദുല്‍ അസീസ് ആലുശെയ്ഖ് നേതൃത്വം നല്‍കി. ടെന്റുകളില്‍ ഖുതുബ ശ്രവിക്കുന്നതിന് സൗകര്യം ഏര്‍പ്പെടുത്തിയിരുന്നു. വന്‍ സുരക്ഷയാണ് അറഫയില്‍ ഏര്‍പ്പെടുത്തിയത്. ഇതിനായി വിവിധ സുരക്ഷാവിഭാഗങ്ങളെ സജ്ജീകരിച്ചു. ഹെലികോപ്റ്റര്‍ സദാസമയവും റോന്തുചുറ്റിക്കൊണ്ടിരുന്നു. കൂടാതെ റോഡിലെ തിരക്ക് നിയന്ത്രിക്കാന്‍ കൂടുതല്‍ ട്രാഫിക് പോലിസിനെയും വിന്യസിച്ചു. കടുത്ത ചൂടാണ് ഇന്നലെയും അറഫയില്‍ അനുഭവപ്പെട്ടത്. അറഫ ഖുതുബ ശ്രവിച്ച ശേഷം പ്രാര്‍ഥനയില്‍ മുഴുകിയ ഹാജിമാര്‍ സൂര്യാസ്തമയത്തോടെ മുസ്ദലിഫയിലേക്കു നീങ്ങി. അവിടെ നിന്ന് പിശാചിന്റെ പ്രതീകമായ ജംറയില്‍ എറിയാനുള്ള കല്ലുകള്‍ ശേഖരിച്ച് മുസ്ദലിഫയില്‍ ഇന്നു രാവിലെ രാപാര്‍ത്ത ശേഷം മിനായിലേക്കു നീങ്ങും. അറഫയില്‍ നിന്ന് മുസ്ദലിഫ വരെ ട്രെയിന്‍ ഉണ്ടായിരുന്നെങ്കിലും മുസ്ദലിഫ, മിന, ജംറ എന്നിവിടങ്ങളിലേക്ക് കൂടുതല്‍ പേരും കാല്‍നടയായാണു പുറപ്പെട്ടത്.
ഹജ്ജിന്റെ പ്രധാന ഘടകമായ അറഫാസംഗമത്തില്‍ പങ്കെടുക്കുന്നതിന് ഹജ്ജിനെത്തിയശേഷം ആശുപത്രിയിലായവരെ മുഴുവനും ആംബുലന്‍സില്‍ അറഫയിലെത്തിച്ചു. വിവിധ രാജ്യങ്ങളില്‍ നിന്നുള്ള ഹാജിമാര്‍ക്ക് അവരവരുടെ മുതവ്വിഫ് എളുപ്പത്തില്‍ മനസ്സിലാക്കുന്നതിന് ടെന്റുകളില്‍ നമ്പറുകള്‍ രേഖപ്പെടുത്തിയിരുന്നു.
ഇന്ത്യന്‍ ഹാജിമാര്‍ ഇന്നലെ 11 മണിയോടെ പൂര്‍ണമായും അറഫയിലെത്തി. അറഫയില്‍ ഹാജിമാരെ സഹായിക്കാന്‍ സന്നദ്ധസംഘടനകളുടെ വോളന്റിയര്‍മാര്‍ സജീവമായിരുന്നു. ഇന്ത്യ ഫ്രറ്റേണിറ്റി ഫോറം, ഹജ്ജ് വെല്‍ഫെയര്‍ ഫോറം, കെഎംസിസി, തനിമ എന്നീ സംഘടനകളുടെ വോളന്റിയര്‍മാരാണ് സേവനത്തിനിറങ്ങിയത്. ഇത് ഇന്ത്യന്‍ ഹാജിമാര്‍ക്ക് പുറമെ മറ്റു രാജ്യങ്ങളില്‍നിന്നെത്തിയവര്‍ക്കും ഏറെ അനുഗ്രഹമായി. ഇന്നു രാവിലെയോടെ മിനായിലെത്തുന്ന ഹാജിമാര്‍ മൂന്നുദിവസം മിനായില്‍ താമസിക്കും. ഇതിനിടയില്‍ ഹറമിലെത്തി ത്വവാഫും സഅ്‌യും നിര്‍വഹിക്കും.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss